bhama

നടി ആക്രമിക്കപ്പെട്ട കേസിൽ നടി ഭാമ മൊഴിമാറ്റിയത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. മൊഴിമാറ്റിയതിനെതിരെ ഡബ്യൂസിസിയിലെ അംഗങ്ങൾ ഉൾപ്പടെ നിരവധി താരങ്ങൾ ഭാമയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് 2017 ൽ പങ്കുവെച്ച കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കംചെയ്കിരിക്കുകയാണ് ഭാമ.

തന്റെ പ്രിയ സുഹൃത്തിന് നേരിട്ട ആക്രമണത്തിൽ അസ്വസ്ഥയാണെന്ന് പറഞ്ഞുകൊണ്ടും അവളുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടുമുള്ളതായിരുന്നു ഭാമയുടെ കുറിപ്പ്. താരം കൂറുമാറി എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധിപേർ താരത്തെ വിമർശിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരുന്നു. അതോടെയാണ് പേജിൽ നിന്ന് പോസ്റ്റ് അദൃശ്യമായത്.

കഴിഞ്ഞ ദിവസമാണ് ഭാമയും നടൻ സിദ്ധിഖും കോടതിയിൽ മൊഴിമാറ്റി പറഞ്ഞത്. അക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായിരുന്നു ഭാമ.

ഭാമയുടെ പഴയ പോസ്റ്റ് :

എന്റെ പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തിൽ എന്നെപോലെതന്നെ ഒരുപാട് പെൺകുട്ടികൾ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാൻ കഴിഞ്ഞതിൽ വളരെ ആശ്വാസം. എത്രയും വേഗത്തിൽതന്നെ മറ്റു നടപടിക്രമങ്ങൾ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസിൽ എന്റെ സുഹൃത്തിന് അനുകൂലമായി പൂർണമായ നീതി നടപ്പിലാക്കാൻ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക്ക് ആവശ്യമല്ലേ..?

ശിക്ഷാനടപടികളിൽ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകൾക്കും നമ്മുടെ നാട്ടിൽ പേടി കൂടാതെ സഞ്ചരിക്കാൻ കഴിയുന്ന ഒരു കാലം എന്നാണ് വരുന്നത്?

'എന്റെ പ്രിയസുഹൃത്തിന് എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങൾ ഓർക്കുക..'

എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.