കോഴിക്കോട്: യുവതിക്ക് താമസിക്കാൻ ഫ്ലാറ്റ് എടുത്തുകൊടുത്തു എന്ന കാരണം പറഞ്ഞ് പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെൻഡ്ൻ ചെയ്തു. കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ സീനിയർ പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് 2019 ജനുവരിയിലും ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
സസ്‌പെൻഷനെതിരെ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കിൽ വീണ്ടും പോസ്റ്റിട്ടു. കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്‌പെൻഷൻ ഓർഡർ ഇന്ന് വൈകുന്നേരം ആദരപൂർവ്വം കൈപ്പറ്റിയിരിക്കുന്നു. അധികാരത്തിന്റെ തിളപ്പിൽ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങൾക്കും അഭിവാദ്യങ്ങൾ.ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്നും ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചു.
തൻറെ മകളെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോവുകയും ഫ്ലാറ്റെടുത്ത് താമസിപ്പിക്കുകയും ചെയ്‌തെന്ന യുവതിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ ഉമേഷിനെതിരെ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. വിവാഹ മോചനം നേടിയിട്ടില്ലാത്ത പൊലീസുകാരൻ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് യുവതിയെ താമസിപ്പിക്കുകയും അവിടെ സ്ഥിര സന്ദർശകനുമാണെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
ഇതിനെതിരെ യുവതി ഉത്തരമേഖലാ ഐ..ജിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രായപൂർത്തിയായ തനിക്ക് വീട് സ്വന്തമായി വാടകയ്‌ക്കെടുത്ത് താമസിക്കാൻ അവകാശമുണ്ട്. എന്നാൽ മറ്റൊരാൾ തനിക്ക് വീട് വാടകയ്‌ക്കെടുത്തു തന്നെന്നും അവിടെ സ്ഥിര സന്ദർശകനാണെന്നും പൊലീസ് റിപ്പോർട്ട് ചെയ്തത് തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും പൊലീസുകാരനോടുള്ള പക തീർക്കാൻ തന്നെ അപമാനിക്കുകയാണെന്നും യുവതി പരാതിയിൽ പറയുന്നു.
നേരത്തെ ഡോ. ബിജുവിൻറെ കാടു പൂക്കുന്ന നേരം എന്ന സിനിമയിൽ മാവോയിസ്റ്റ് വിഷയത്തിൽ പൊലീസിനെ പരാമർശിക്കുന്ന സംഭാഷണം ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന് ഉമേഷിൻറെ ഇൻക്രിമെന്റ് തടഞ്ഞ് വച്ചിരുന്നു. ശബരിമല വിഷയത്തിൽ മിഠായിത്തെരുവി ൽബിജെപി പ്രവവർത്തകർ നടത്തിയ അക്രമണം തടയുന്നതിൽ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടു എന്ന് ഫേസ്ബുക്കിൽ എഴുതിയതിന് ഉമേഷിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.
ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്‌പെൻഷൻ ഓർഡർ ഇന്ന് വൈകുന്നേരം ആദരപൂർവ്വം കൈപ്പറ്റിയിരിക്കുന്നു.
2020 ൽ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെൻഡർ ഈക്വാലിറ്റിയുമൊക്കെ ഉള്ള ലോകമാണെന്നുമുള്ള വസ്തുതകൾ വെറുതെയാണെന്ന് ബോധ്യപ്പെടുത്താൻഈ ഉത്തരവിന് സാധിക്കുമാറാകട്ടെ.
31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്‌ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി 'അവളുടെ പേരിൽ ഫ്‌ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദർശനം നടത്തുന്നു' എന്നൊക്കെ പഴയ ആൽത്തറ മാടമ്പികളുടെ കുശുമ്പൻ പരദൂഷണം പോലുള്ള വാചകങ്ങൾ ഒരു പോലീസുകാരന്റെ സസ്‌പെൻഷൻ ഉത്തരവിൽ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാൾ വാഴട്ടെ.
അധികാരത്തിന്റെ തിളപ്പിൽ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങൾക്കും അഭിവാദ്യങ്ങൾ.ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാൽക്കൽ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു.