കാസർകോട്: കാസർകോട് പരപ്പാടിയിൽ യുവാവ് മുങ്ങിമരിച്ചു. ചന്ദ്രശേഖരൻ (30) ആണ് മരിച്ചത്. വയലിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണായിരുന്നു മരണം. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. ശക്തമായ മഴയിൽ ജില്ലയിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കോട്ടയം, എറണാകുളം ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.
അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. തൃശൂരിൽ പീച്ചി,ചിമ്മിനി അണക്കെട്ടുകൾ തുറക്കും. കണ്ണൂരിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് ജില്ലയിൽ 137 പേരെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂരിൽ 23 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കോട്ടയത്ത് മലയോര മേഖലകളിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തി. ചങ്ങനാശ്ശേരിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.