തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിലെ കനത്ത മഴയിൽ വ്യാപക നാശം. കാസർകോട്ട് രണ്ടു പേർ മരിച്ചു. മധുർ പരപ്പാടി സ്വദേശി ചന്ദ്രശേഖരൻ (30), മയിച്ച സ്വദേശി സുധാകരൻ (35) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ചന്ദ്രശേഖരൻ വയലിലെ വെള്ളക്കെട്ടിൽ കാൽതെറ്റി വീഴുകയായിരുന്നു. ഇന്ന് രാവിലെയോടെ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴയിൽ കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുള്ളത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും തീവ്രമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ കിട്ടുക. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്തും കനത്ത മഴയാണ്.
വീടുകൾ തകർന്നു
കനത്ത മഴയിൽ കാസർകോട്ട് 10 വീടുകൾ തകർന്നു. അഞ്ചോളം വീടുകൾ ഭാഗികമായും തകർന്നു. കാസർകോട് മധുവാഹിനി പുഴ കര കവിഞ്ഞൊഴുകുകയാണ്. കാസർകോട് മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഏഴ് കുടുംബംഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. പട്‌ളയിലും ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂരിൽ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്. കണ്ണൂരിൽ 137 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കുപ്പം, കക്കാട് പുഴകൾ കരകവിഞ്ഞൊഴുകയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കണ്ണൂരിൽ 23ഉം വയനാട്ടിൽ അഞ്ച് വീടുകളും തകർന്നു. കണ്ണൂരിൽ മലയോര മേഖലയിൽ രാത്രികാല ഗതാഗതം നിരോധിച്ചു. വളപട്ടണം, ബാവലി പുഴകളിൽ ജലനിരപ്പ് കൂടിയിട്ടുണ്ട്. കക്കയം ഡാമിന്റെ ഷട്ടർ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
മലപ്പുറത്ത് മഴ തുടരുന്നുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല. പോത്തുകല്ലിൽ 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഭൂതാനം എൽ.പി സ്‌കൂളിലെ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. വയനാട്ടിൽ രാത്രിയിൽ കനത്ത മഴയുണ്ടായി. ബാണാസുര സാഗർ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ 15 സെന്റീമീറ്റർ ഉയർത്തി. രണ്ട് ഷട്ടറുകൾ ഇന്നലെ 15 സെന്റീമീറ്റർ ഉയർത്തിയിരുന്നു. കടമാൻതോട് ,പനമരം പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മാനന്തവാടിയിൽ കഴിഞ്ഞ ദിവസം ഒരു വീട് മഴയിൽ തകർന്നിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങൾ കാര്യമായി ഉണ്ടായിട്ടില്ല.
മീനച്ചിൽ, മണിമലയാറുകൾ കര കവിഞ്ഞു
കനത്ത മഴ കോട്ടയം ജില്ലയിൽ നാശനഷ്ടങ്ങൾ വിതച്ചു. നഗരത്തിൽ മഴയ്ക്ക് ശമനുണ്ടെങ്കിലും മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലായി. മീനച്ചിലാറും മണിമലയാറും നിറഞ്ഞൊഴുകുകയാണ്. മലയോര മേഖലയിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
തെക്കൻ കേരളത്തിൽ പൊതുവേ മഴയ്ക്ക് ശക്തി കുറവാണെങ്കിലും ഡാമുകളിലേക്കുള്ള നീരൊഴുക്കിൽ വർദ്ധനയുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടർ 175 സെന്റിമീറ്ററും നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും 15 സെന്റിമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. കരമനയാറിന്റെ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. ഇന്നലെ വൈകുന്നേരം ഏഴിന് 2381 അടി വെള്ളമാണ് ഡാമിലുള്ളത്. മഴ ശക്തമായി തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കൂടും. നീരൊഴുക്ക് ശക്തമായിട്ടുണ്ട്.ശനിയാഴ്ച വൈകിട്ട് അണക്കെട്ടിലെ ജലനിരപ്പ് 2379.92 അടി ആയിരുന്നു. ഒറ്റദിവസം കൊണ്ടാണ് ജലനിരപ്പ് രണ്ടടി ഉയർന്നത്. 2387 അടി ജലനിരപ്പ് എത്തിയാൽ ബ്ലൂ അലർട്ടും 2393 അടി എത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. നാലു ദിവസം കൂടി ഇടുക്കിയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. രണ്ടാഴ്ചയായി ഇടുക്കിയിൽ പരക്കെ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി മഴ ശക്തമായതോടെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയത്.