തിരുവനന്തപുരം: കൊച്ചി ഉൾപ്പെടെ രാജ്യത്തെ നാല് നഗരങ്ങളിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരരുമായി ബന്ധമുണ്ടെന്ന് കരുതുന്ന മലയാളി അടക്കമുള്ള പത്തുപേർക്കായി എൻ.ഐ.എ അന്വേഷണം ഊർജ്ജിതമാക്കി. എറണാകുളം പാതാളത്ത് അറസ്റ്റിലായ മുർഷിദ് ഹസനാണ് കേരളത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. ആക്രമണത്തിനും പണസമാഹരണത്തിനുമായി രാജ്യത്ത് വിവിധയിടങ്ങളിൽ തങ്ങിയ സംഘത്തെ ഏകോപിപ്പിച്ചത് ഇയാളാണ്. അറസ്റ്റിലായ എല്ലാവരുമായും ഇയാൾ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി ആശയവിനിമയം നടത്തിയിരുന്നു. മുർഷിദിന്റെ ബൈക്കിൽ സൂക്ഷിച്ച ബാഗിൽ നിന്ന് പണവും എൻ.ഐ.എ പിടിച്ചെടുത്തു. തുക എത്രയെന്ന് വ്യക്തമല്ല. മുർഷിദിന്റെ കൂട്ടാളികൾ തെക്കൻ ജില്ലകളിലേക്ക് കടന്നതായാണ് സൂചന. ഇതേതുടർന്ന് എൻ.ഐ.എയുടെ ഡൽഹി യൂണിറ്റിൽ നിന്നുള്ള സംഘം തിരുവനന്തപുരത്ത് പരിശോധനകൾ നടത്തി. സംശയമുള്ള സ്ഥലങ്ങളെല്ലാം എൻ.ഐ.എയുടെ രഹസ്യ നിരീക്ഷണത്തിലാണ്.
പശ്ചിമബംഗാളിലും കേരളത്തിലുമായി ഒമ്പതു ഭീകരരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പത്ത് പേരിൽ പലരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എൻ.ഐ.എ വൃത്തങ്ങൾ സൂചിപ്പിച്ചു. അൽക്വ ഇദയ്ക്കു വേണ്ടി ഫണ്ട് സ്വരൂപിക്കുകയാണ് അറസ്റ്റിലായവരുടെ ഉത്തരവാദിത്തം. 'പാകിസ്ഥാൻ സ്‌പോൺസേർഡ് അൽ ക്വ ഇദ'യാണ് സ്‌ഫോടന പരമ്പരകൾക്ക് പദ്ധതി തയ്യാറാക്കിയത്.
ലാപ്ടോപ്പ് നിയന്ത്രിച്ചത് മറ്റാരാൾ
അതേസമയം, അറസ്റ്റിലായ മുർഷിദ് ലാപ്ടോപ്പ് ഉപയോഗിച്ചിരുന്നെങ്കിലും വിദൂര സംവിധാനത്തിലൂടെ മറ്റാരോ ഇത് നിയന്ത്രിച്ചിരുന്നതെന്നാണ് സൂചന. ലാപ്ടോപ്പ് എൻ.ഐ.എ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ഇത് മനസിലായത്. ലാപ്ടോപ്പിനൊപ്പം മുർഷിദിന്റെ സ്‌മാർട്ട് ഫോണും വിദൂര സംവിധാനം ഉപയോഗിച്ച് തന്നെയാണ് നിയന്ത്രിച്ചിട്ടുള്ളത്. പിടിയിലാവർക്ക് ബംഗാളിലെ തിരിച്ചറിയൽ കാർഡ് ആണെങ്കിലും ഇവർ ബംഗ്ലാദേശികൾ സ്വദേശികളാണ്. അതിനിടെ പിടിയിലായ ഒമ്പതുപേരെയും ഡൽഹിയിലെത്തിച്ചു. ഉച്ചയ്ക്ക് ശേഷം പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങും.
കോട്ടയത്തും ഇടുക്കിയിലും നിരീക്ഷണം
ജെയിംസ് കുട്ടൻചിറ
കോട്ടയം: കേരളത്തിൽ ആദ്യമായി ഭീകരർക്ക് പരിശീലനം നല്കിയ വാഗമൺ പ്രദേശം പൊലീസ് നിരീക്ഷണത്തിൽ. അൽക്വ ഇദ ഭീകരരെ കൊച്ചിയിൽ കണ്ടെത്തിയതിനെ തുടർന്നാണ് കോട്ടയം, ഇടുക്കി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുള്ളത്. ഈരാറ്റുപേട്ടയിലും കാഞ്ഞിരപ്പള്ളി താലൂക്കിലെ ചില പ്രദേശങ്ങളിലും നിരീക്ഷണവലയത്തിലാണ്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിച്ചിരുന്ന പായിപ്പാട്ടും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. ഒരാഴ്ച നിണ്ടുനിന്ന വാഗമൺ സിമി ക്യാമ്പിൽ പങ്കെടുത്ത ഭീകരരിൽ എട്ടുപേർ ഇപ്പോൾ വിവിധ ജയിലുകളിൽ കഴിയുകയാണെന്നാണ് വിവരം. നാലു പേർ ഇതിനോടകം മരിച്ചു. വാഗമൺ മലനിരകളിൽ വെടിവയ്പ്പ്, മലകയറ്റം, സാഹസിക യാത്ര എന്നിവയ്ക്കാണ് പരിശീലനം നല്കിയത്. ക്യാമ്പ് നടന്ന് ആളുകൾ മടങ്ങിയ ശേഷമാണ് ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗം പോലും കണ്ടെത്തിയത്. അക്കാലത്ത് കേരളത്തിൽ ഇങ്ങനെ ഭീകരർ ഒത്തുചേർന്നുവെന്ന് വിശ്വസിക്കാൻ പോലും സാധിക്കുമായിരുന്നില്ല. വളരെ രഹസ്യമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. കുമരകത്ത് ഹോം സ്റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരുടെ ലിസ്റ്റ് പൊലീസ് ശേഖരിച്ചുകഴിഞ്ഞു. സംശയമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എന്തെങ്കിലും സൂചന ലഭിച്ചാൽ ഇവരെ കസ്റ്റഡിയിലെടുക്കാനും കേന്ദ്ര ഇന്റലിജൻസ് നിർദ്ദേശം നല്കിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായി ഭീകരർക്ക് പരിശീലനക്യാമ്പ് നടത്താൻ സാധിച്ചതിനാലാണ് കോട്ടയം ജില്ല നിരീക്ഷണ വലയത്തിലാക്കാൻ കാരണം.