covid-19-tajmahal-reopen

ആഗ്ര: ആറ് മാസങ്ങൾക്ക് ശേഷം കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താജ്മഹൽ ഇന്നുമുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു. ആഗ്ര കോട്ടയും ഇന്ന് തുറക്കും. സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (ആഗ്ര സർക്കിൾ) സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് വസന്ത് കുമാർ സ്വാർങ്കർ പറഞ്ഞു.

താജ്മഹലിൽ ഒരു ദിവസം 5,000 സഞ്ചാരികളെ മാത്രമേ അനുവദിക്കുകയുള്ളൂ. പകുതിപേർ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പും ബാക്കിയുള്ളവർക്ക് അതിന് ശേഷവും താജ്മഹൽ സന്ദർശിക്കാം.സ്മാരകങ്ങളിൽ പ്രവേശിക്കാൻ മാസ്‌ക് നിർബന്ധമാണ്. ടിക്കറ്റുകൾ ഓൺലൈനായിട്ട് മാത്രമേ നൽകുകയുള്ള. ടിക്കറ്റ് കൗണ്ടറുകൾ തുറക്കില്ല.


കൊവിഡ് വ്യാപനത്തെതുടർന്ന് മാർച്ച് 17നാണ് താജ്മഹലും ആഗ്ര കോട്ടയും അടച്ചത്. ഏഴ് ദശലക്ഷം പേരാണ് ഒരോ വർഷവും താജ്മഹൽ സന്ദർശിക്കുന്നത്.ആഗ്ര കോട്ടയിൽ ഒരു വർഷം മൂന്ന് ദശലക്ഷം ആളുകൾ എത്തുന്നു. ഉത്തർപ്രദേശിന്റെ വരുമാനത്തിൽ വലിയ പങ്കാണ് ഈ സ്മാരകങ്ങൾ വഹിക്കുന്നത്.

3.48 ലക്ഷത്തിലധികം പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണെങ്കിലും, കേന്ദ്ര സർക്കാർ അൺലോക്ക് 4 -മായി മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കാനുള്ള നീക്കം അധികൃതർ ആരംഭിച്ചത്.