തിരുവനന്തപുരം: ഗുരുദേവനുള്ള ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തുകയെന്നതാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതോടൊപ്പം മൂർത്തമായ സ്മാരകവും ആവശ്യമാണ്. അതുകൊണ്ടാണ് ഗുരുദേവ പ്രതിമ സ്ഥാപിച്ചത്. എല്ലാവരും ആത്മ സഹോദരൻമാരാണെന്ന് ലോകസമൂഹത്തിന് നൽകുന്ന സന്ദേശം വർഗീയതയും വംശീയതയും ഇല്ലാതാക്കാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാർഷിക സ്മരണക്കായി സംസ്ഥാന സർക്കാർ തലസ്ഥാന നഗരത്തിൽ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ മ്യൂസിയത്തിന് സമീപം ഒബ്‌സർവേറ്ററി ഹിൽസിൽ അനാവരണം ചെയുകയായിരുന്നു അദ്ദേഹം. ഉദ്‌ഘാടനത്തിനായി തയ്യാറാക്കിയ പ്രത്യേക പന്തലിലായിരുന്നു ചടങ്ങ്.
മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, താമസിയാതെ തിരുവനന്തപുരത്ത് ചട്ടസ്വാമികളുടെ സ്മാരകവും സർക്കാർ സ്ഥാപിക്കുമെന്ന് അറിയിച്ചു.
മേയർ കെ. ശ്രീകുമാർ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ വി. കെ. പ്രശാന്ത്, ഒ. രാജഗോപാൽ, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ സംസാരിച്ചു. ശില്പി ഉണ്ണി കാനായിയെ മുഖ്യമന്ത്രി ആദരിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതവും ഡയറക്ടർ ടി. ആർ. സദാശിവൻ നായർ നന്ദിയും പറഞ്ഞു..
ചെമ്പിൽ തീർത്ത ഫലകം പത്തടി പൊക്കമുള്ള പീഠത്തിൽ ഉറപ്പിച്ചു. പീഠത്തിന് പിറകിലായി ഘടിപ്പിച്ച രണ്ട് ഇരുമ്പ് തൂണിലാണ് താത്കാലികമായി ഗ്ലാസ് മേൽക്കൂര സ്ഥാപിച്ചിട്ടുള്ളത്. ഉദ്യാനത്തിനുള്ള 20 സെന്റ് സ്ഥലം ഉൾപ്പടെ പ്രത്യേകം വേർതിരിച്ച് ഒരുക്കിയിട്ടുണ്ട്.
മണ്ഡപമില്ലാതെ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കാനായിരുന്നു പദ്ധതി. മണ്ഡപം വേണമെന്ന ഭക്തരുടെയും സാംസ്‌കാരിക നായകരുടെയും ആവശ്യം 'കേരളകൗമുദി' വാർത്തയാക്കിയതിനെ തുടർന്നാണ് താത്കാലിക ഗ്ലാസ് മേൽക്കൂര സ്ഥാപിച്ചത് .വൈകാതെ സ്ഥിരം മണ്ഡപം നിർമ്മിക്കും.
1.19 കോടി രൂപ ചെലവിൽ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിച്ചത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ആദ്യത്തെ ഗുരുദേവ പ്രതിമയാണിത്. പൂന്തോട്ടവും സന്ദർശകർക്കായി ഇരിപ്പിടവും ഇതോടൊപ്പം ഒരുക്കും . ചുറ്റുമതിലിൽ ഗുരുവിന്റെ ജീവചരിത്രം വിവരിക്കുന്ന 25ലധികം ചുമർ ശില്പങ്ങളും സ്ഥാപിക്കും.