pigs-

പുതുക്കാട്: ദേശീയപാതയുടെ നടുവിലെ ഡിവൈഡറിലൂടെ ശനിയാഴ്ച പാതിരാത്രിയില്‍ പന്നികൂട്ടം നടന്നു നീങ്ങുന്നതു കണ്ട് ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ നിറുത്തി. ചിലര്‍ പന്നികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്സാപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് കൈമാറി. പുതുക്കാട് ടൗണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണാണെന്നത് മറന്ന് ചിലര്‍ പന്നികളെ പിടികൂടാന്‍ കൂട്ടായിറങ്ങി. ഇതോടെ പന്നികള്‍ ചിതറയോടി.

റോഡിന് കുറുകെ ഓടിയ ഓടിയ പന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യാത്രക്കാരനും പരക്കേറ്റു. കനത്ത മഴ വക വയ്ക്കാതെയായിരുന്നു യുവാക്കള്‍ പുലര്‍ച്ചെ വരെ പന്നികളെ തിരക്കിനടന്നത്. 80 കലോ മുതല്‍ 120 കലോ വരെ തൂക്കമുള്ള കറുപ്പും വെള്ളയും നിറമുള്ള രണ്ടിനം പന്നികളാണ് പാതിരാത്രിയില്‍ ഊരുചുറ്റിയതത്രെ.

സംഭവം ഇങ്ങനെ

സേലത്തെ പന്നിഫാമില്‍ നിന്നും കോട്ടയത്തെ അറവുശാലയലേക്ക് പന്നികളുമായി പോയിരുന്ന മിനലോറി പൊലീസ് സ്റ്റേഷന് സമീപം മറിഞ്ഞതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുറത്തുചാടിയ പന്നികളില്‍ ഒരു കൂട്ടമാണ് ഡിവൈഡറിലൂടെ ജംഗ്ഷനിലെത്തിയത്. വാഹനം മറിഞ്ഞിടത്തു നിന്നും റോഡ് വക്കിലെ പൊന്തക്കാടുകള്‍ വഴിയും പന്നികള്‍ രക്ഷപെട്ടു. ആറെണ്ണം വാഹനത്തില്‍ തന്നെ കിടന്നു. ലോറിയില്‍ രണ്ട് തട്ടുകളാക്കി തിരിച്ചാണ് പന്നികളെ കൊണ്ടുപോയത്.

രാത്രിയില്‍ റോഡിന്റെ വശം ചേര്‍ത്ത് നിറുത്തിയപ്പോള്‍ മിനലോറി ഒരു വശം ചെരിഞ്ഞു. പന്നികള്‍ എല്ലാം ഒരു വശത്തായതോടെ ലോറി മറിഞ്ഞു. ജീവനക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഫാം ഉടമയും ജീവനക്കാരും ഇന്നലെ വൈകിട്ട് വരെ പന്നികള്‍ക്കായി അന്വേഷണം നടത്തി. വൈകിട്ടായപ്പോഴേക്കും 18 പന്നികളെ തിരികെ കിട്ടി. ഇന്നു കൂടി അന്വേഷിക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞു. വീട്ടുപറമ്പുകളില്‍ കയറിയ പന്നികളെ കണ്ട് പൊലീസിനെയും ജനപ്രതിനിധികളെയം മറ്റും അറിയിച്ചതിനെ തുടര്‍ന്നാണ് 18 എണ്ണത്തിനെ തിരികെ ലഭിച്ചത്. വലയില്‍ കുരുക്കിയാണ് ഫാമിലെ ജീവനക്കാര്‍ പിടികൂടിയത്. രാത്രി മുഴുവന്‍ പന്നിയുടെ പിറകെ ഓടിയിട്ടും പലര്‍ക്കും ഒന്നിനെ പോലും പിടികൂടാനായില്ലന്ന് ചിലര്‍ പറഞ്ഞു. ചില മിടുക്കന്മാര്‍ രാത്രി തന്നെ മാംസമാക്കി മാറ്റിയെന്നും പറയപ്പെടുന്നു. 250 രൂപയാണ് പന്നിമാംസത്തിന്റെ മാര്‍ക്കറ്റ് വില.