ശ്രീരാമന്റെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മണൻ കോപിഷ്ഠനായി. ശൂർപ്പണഖയെ ദഹിപ്പിക്കുന്ന മട്ടിൽ ഒന്നു നോക്കി. പിന്നെ വാളൂരിയെടുത്ത് അവളുടെ മൂക്കും കാതുകളും ഛേദിച്ചു. ഉഗ്രരൂപിണിയായി ഭീഷണിപ്പെടുത്തിനിന്ന അവൾ കാതും മൂക്കും പോയപ്പോൾ കാട് വിറയ്ക്കുന്ന മട്ടിൽ അലറി കരഞ്ഞുകൊണ്ട് വന്നവഴിയേ തന്നെ ഓടി. രാമായണത്തിലൂടെ ഒരു സഞ്ചാരം...
കാമപരവശയായി നിൽക്കുകയാണ് ശൂർപ്പണഖ. ശ്രീരാമനെ സ്വന്തമാക്കണം. ലക്ഷ്മണനെയും സീതയെയും ഒഴിവാക്കണം. അതാണ് ആ രാക്ഷസിയുടെ മനസിലിരുപ്പ്. ശൂർപ്പണഖയുടെ മനോഗതി മനസിലാക്കിയ രാഘവൻ മന്ദഹസിച്ചുകൊണ്ടുപറഞ്ഞു. ഭദ്രേ! ഞാൻ വിവാഹിതനാണ്. ധർമ്മപത്നിയായ സീത എന്നോടൊപ്പമുണ്ട്. നീ സുന്ദരിയാണ്. എന്നാൽ നിന്നെപ്പോലെ അസഹിഷ്ണുവായ ഒരുവൾക്ക് സപത്നിയുണ്ടാകുന്നത് സഹിക്കാനാകില്ല. അതിനാൽ ഞാൻ പറയുന്നത് കേട്ടാലും. ഈ നിൽക്കുന്ന ലക്ഷ്മണൻ എന്റെ അനുജനാണ് ധർമ്മിഷ്ഠനും സൽസ്വഭാവിയുമാണ്. ധർമ്മപത്നി കൂടെയില്ലതാനും. യുവാവും പ്രിയദർശനനുമായ അവന് ഒരു ധർമ്മപത്നി വേണം. നിനക്കെല്ലാംകൊണ്ടും യോജിച്ചവൻ. പർവതം സൂര്യപ്രകാശത്തിൽ വിളങ്ങുംപോലെ നീ ലക്ഷ്മണനോടൊപ്പം ചേരുക.
ശ്രീരാമവചനങ്ങൾ ശൂർപ്പണഖ സന്തോഷത്തോടെ കേട്ടുനിന്നു. പിന്നെ പ്രതീക്ഷയോടെ ലക്ഷ്മണന്റെ സമീപമെത്തി. അല്ലയോ കുമാരാ, അങ്ങയ്ക്ക് എല്ലാംകൊണ്ടും യോജിച്ചവളാണ് ഞാൻ, എന്നെ സ്വീകരിച്ചാലും. നമുക്ക് ഈ ദണ്ഡകവനത്തിൽ സുഖമായി വാണരുളാം. ശൂർപ്പണഖയുടെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മണന് ചിരിക്കാനാണ് തോന്നിയത്. അസഹ്യമായ കോപവും നിന്ദയും ഉണ്ടായെങ്കിലും അത് ഉള്ളിലൊതുക്കി തന്റെ നിസഹായാവാസ്ഥ പ്രകടമാക്കി. ഞാൻ വെറുമൊരു ദാസനാണ്. ദാസന്റെ ഭാര്യയായിട്ട് എന്ത് കാര്യം? ദാസിയായി തീരേണ്ടി വരില്ലേ നീ എത്ര സുന്ദരിയാണ്. ദാസിയായി ഒതുങ്ങികൂടേണ്ടവളല്ല. അത് നിന്ദ്യമായ അവസ്ഥയല്ലേ. എല്ലാ ഐശ്വര്യങ്ങളും തികഞ്ഞവനാണ് ജ്യേഷ്ഠനായ ശ്രീരാമൻ. അവിടത്തെ രണ്ടാം പത്നിയായി വാഴാൻ അനുയോജ്യയാണ് നീ.
അങ്ങനെയായാൽ വിരൂപിയും വികൃതയുമായ സീതയെ ഉപേക്ഷിച്ച് നിന്നെത്തന്നെ സ്വീകരിക്കും. ഇത്രയും സൗന്ദര്യമുള്ള ഒരുവളെ വെടിഞ്ഞ് കേവലം ഒരു മനുഷ്യസ്ത്രീയെ ബുദ്ധിമാൻ സ്വീകരിക്കുമോ? ലക്ഷ്മണന്റെ വാക്കുകളുടെ ആന്തരാർത്ഥം ഗ്രഹിക്കാൻ ശൂർപ്പണഖയ്ക്ക് കഴിഞ്ഞില്ല. ലക്ഷ്മണനും ശ്രീരാമനും പറഞ്ഞതെല്ലാം സത്യമാണെന്ന് ബുദ്ധിഹീനനായ അവൾ വിശ്വസിച്ചു. തുടർന്ന് പർണശാലയിൽ സീതയ്ക്കൊപ്പമിരിക്കുന്ന ശ്രീരാമന്റെ അടുക്കൽ ചെന്ന് ശൂർപ്പണഖ പറഞ്ഞു. ഈ വിരൂപിയും മഹാ വികൃതയുമായ ഇവൾ ഒപ്പമുള്ളതുകൊണ്ടാണ് എന്നെ മാനിക്കാത്തത്. ഇവളെ ഇപ്പോൾ തന്നെ ഞാൻഭക്ഷിക്കും. പിന്നെ സപത്നീ മത്സരം ഉണ്ടാകില്ലല്ലോ. അങ്ങയ്ക്കൊപ്പം എനിക്ക് കഴിയുകയും ചെയ്യാം. തന്റെ മനസിലിരുപ്പ് പ്രകടിപ്പിക്കുമ്പോഴേക്കും ശൂർപ്പണഖയുടെ കണ്ണുകൾ ചുമന്ന് തുടുത്തു. താമരയിതൾ പോലുള്ള കണ്ണുകളുള്ള സീതാദേവിയെ അവൾ രൂക്ഷമായി നോക്കി. പിന്നെ കണ്ണുകളിൽ നിന്ന് തീക്കനൽ വർഷിക്കും പോലെ ആർത്തട്ടഹസിച്ചുകൊണ്ട് സീതയുടെ സമീപമെത്തി.
കാലപാശം പോലെ സീതയുടെ സമീപത്തേക്ക് പാഞ്ഞടുക്കുന്ന ശൂർപ്പണഖയെ തടഞ്ഞുകൊണ്ട് ലക്ഷ്മണനോട് രാമൻ ഇപ്രകാരം പറഞ്ഞു. ദുഷ്ടരോടും ക്രൂരസ്വഭാവികളോടും ഒരിക്കലും നേരമ്പോക്കുകൾ പറയരുത്. സീത ജീവച്ഛവം പോലെ നിൽക്കുന്നു. കാമഭ്രാന്തുബാധിച്ച ഈ വിരൂപിയെ ഒന്നുകൂടി വൈരൂപ്യത്തിലാക്കൂ. ശ്രീരാമന്റെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മണൻ കോപിഷ്ഠനായി. ശൂർപ്പണഖയെ ദഹിപ്പിക്കുന്ന മട്ടിൽ ഒന്നു നോക്കി. പിന്നെ വാളൂരിയെടുത്ത് അവളുടെ മൂക്കും കാതുകളും ഛേദിച്ചു. ഉഗ്രരൂപിണിയായി ഭീഷണിപ്പെടുത്തിനിന്ന അവൾ കാതും മൂക്കും പോയപ്പോൾ കാട് വിറയ്ക്കുന്ന മട്ടിൽ അലറി കരഞ്ഞുകൊണ്ട് വന്നവഴിയേ തന്നെ ഓടി.
മഴക്കാലത്തെ കൊടുങ്കാറ്റുപോലെ പല ശബ്ദത്തിൽ അലറി പാഞ്ഞു. ഏത് കൊടുങ്കാറ്റും ശമിക്കുംപോലെ ഏതു കാട്ടുതീയും കെട്ടടങ്ങും പോലെ അവൾ ഘോരവനത്തിനുള്ളിൽ മറഞ്ഞു. ശൂർപ്പണഖയുടെ സഹോദരനായ ഖരൻ ജനസ്ഥാനത്തിലാണ് വസിക്കുന്നത്. അതിശക്തരായ രാക്ഷസന്മാർ അതിനുചുറ്റും പാർക്കുന്നു. ആ ദുഷ്ടന്റെ അടുത്തേക്കാണ് മുറിവേറ്റ മനസും ശരീരവുമായ ശൂർപ്പണഖ എത്തിച്ചേർന്നത്. ആകാശത്തിൽ നിന്നും പതിച്ച ഇടിവാൾ പോലെ അവൾ ഖരന്റെ മുന്നിൽ പതിച്ചു. അമിതബലശാലിയും ധൈര്യശാലിയുമാണെങ്കിലും ശൂർപ്പണഖ ശരിക്കും പതറിപ്പോയി. വിറയ്ക്കുന്ന സ്വരത്തിൽ ശ്രീരാമസോദരനായ ലക്ഷ്മണൻ തനിക്ക് വൈരൂപ്യമുണ്ടാക്കിയതിനെപ്പറ്റി തന്റെ ഭാഗം ന്യായീകരിക്കുന്ന മട്ടിൽ വിവരിച്ചു.
(ഫോൺ: 9946108220)