ചരമവാർത്ത യഥാസമയം അറിയിക്കാൻ വൈകിയെങ്കിൽ ക്ഷമിക്കുക എന്ന സ്ഥിരം വാചകത്തെ ബാബു വിമർശിക്കാറുണ്ട്. മരിക്കുന്ന ആളിന് പോലും നിശ്ചയമില്ലാത്ത ആ സമയത്തെ എങ്ങനെ മറ്റുള്ളവർ യഥാസമയത്ത് അറിയിക്കും. ശേഖരന്റെ അമ്മയുടെ മരണം എന്തായാലും ബാബു അറിയാൻ വൈകി. സ്ഥലത്തില്ലായിരുന്നു. അറിഞ്ഞുചെല്ലുമ്പോൾ ശേഖരനെ കണ്ടില്ല. പുറത്തിറങ്ങി നോക്കിയപ്പോൾ അമ്മയുടെ കുഴിമാടത്തിനരികിൽ ചിന്തിച്ചു നിൽക്കുകയാണ്. കുറ്റബോധവും പശ്ചാത്താപവും ആ മുഖത്ത് നിറഞ്ഞുനിൽക്കുന്നു. അമ്മയുമായുള്ള പിണക്കങ്ങളും തർക്കങ്ങളും വല്ലപ്പോഴും കാണുമ്പോൾ ശേഖരൻ പങ്കുവയ്ക്കുമായിരുന്നു.
ശേഖരനല്ല ഭാര്യയ്ക്കാണ് പൊരുത്തപ്പെടാനാകാത്തതെന്ന് അപ്പോഴൊക്കെ ബാബുവിന് തോന്നും. ഇരുപതാംവയസിൽ വിധവയായ സ്ത്രീയാണ്. മകനെ ഞങ്ങൾ വളർത്തിക്കൊള്ളാം, ഒരു പുനർവിവാഹത്തിന് തയ്യാറാകണമെന്ന് പല ബന്ധുക്കളും പല രീതിയിൽ പറഞ്ഞുനോക്കി. മറ്റൊരു താലി ഇനി ഈ കഴുത്തിൽ വേണ്ട. എന്റെ മകനൊരു രണ്ടാനച്ഛൻ വേണ്ട എന്ന കഠിനവ്രതക്കാരിയായിരുന്നു ശേഖരന്റെ അമ്മ. കാണാൻ സുന്ദരി. പോരെങ്കിൽ ചെറുപ്പവും. ഭർത്താവിന്റെ മരണത്തെ തുടർന്ന് ലഭിച്ച ചെറിയ ജോലി വലിയ അനുഗ്രഹമായി അവർ കരുതിപ്പോന്നു. ഓഫീസിലും പുറത്തും മാംസദാഹമുള്ള കഴുകന്മാരുടെ കണ്ണുകളെ അവർ സമർത്ഥമായി പ്രതിരോധിച്ചു. ദൈവവിശ്വാസവും നെറ്റിയിലെ ചന്ദനവും അതിന് സഹായിച്ചു.
മകൻ ആശിച്ചതും ആവശ്യപ്പെട്ടതുമെല്ലാം തന്നാലാവുവിധം അവർ നിറവേറ്റി. ഭർത്താവ് നഷ്ടമായെങ്കിലും സ്നേഹമുള്ള മകൻ ഭർത്താവ് തന്ന നിധിയാണെന്ന് ഉറ്റവരോടെല്ലാം പറയുമായിരുന്നു. മകന്റെ വിവാഹത്തോടെയാണ് അതെല്ലാം തകിടം മറിഞ്ഞത്. മകന്റെ സ്വസ്ഥമായ ദാമ്പത്യജീവിതത്തിനായി പലപ്പോഴും അന്ധതയും ബധിരതയും അഭിനയിച്ച് ജീവിച്ചു. മകന്റെ ഉള്ളിലെ സ്നേഹം മഴവില്ലുപോലെ മാഞ്ഞുപോകുന്നതും വെറുപ്പ് ഇരുട്ടായി മാറുന്നതും ശ്രദ്ധിച്ചില്ലെന്ന് നടിച്ചു. ചില ദുഃഖങ്ങൾ മകന്റെ നിഷ്പക്ഷരായ ചില സുഹൃത്തുക്കളോട് ഒന്നോ രണ്ടോ വാക്യങ്ങളിൽ സൂചിപ്പിക്കുമായിരുന്നു.
ശേഖരന് ജോലി കിട്ടിയപ്പോൾ അമ്മയ്ക്ക് ഒരു സാരി വാങ്ങിക്കൊടുക്കണമെന്നും ആദ്യശമ്പളം അവരുടെ കൈയിൽ കൊടുക്കണമെന്നും ചില സുഹൃത്തുക്കൾ ഉപദേശിച്ചെങ്കിലും ചെവികൊണ്ടില്ല. പട്ടിയും പൂച്ചയുമൊക്കെ പെറുന്നതുപോലെ എന്നെ പെറ്റിട്ടു. അതുകൊണ്ടുമാത്രം തള്ളയാകുമോ എന്നായിരുന്നത്രേ ശേഖരന്റെ ചോദ്യം. അമ്മയുമായി നല്ല ബന്ധമായാൽ ഭാര്യയുടെ മുഖം വാടും. പിന്നെ തലയണയെല്ലാം ഭാര്യയുടെ കണ്ണീർകൊണ്ട് നനയും. ഞാനെന്തുചെയ്യാനാ ജീവനൊടുക്കണോ എന്നുവരെ ചോദിച്ചത്രേ.
അമ്മയുടെ കുഴിമാടത്തിനരികിലെത്തി ബാബു നമസ്കരിച്ചപ്പോൾ ശേഖരന്റെ കണ്ണുകൾ നിറഞ്ഞു. മരിച്ചശേഷം അമ്മയെ സ്നേഹിക്കാനും നല്ലതുപറയാനുമാണ് വിധി എന്ന് വിതുമ്പിയ ശേഖരനെ ബാബു ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അതുകണ്ട് അവിടേക്ക് ദുഖം അഭിനയിച്ച് വന്ന ശേഖരന്റെ ഭാര്യ പറഞ്ഞു, ഞാനെപ്പോഴും പറയുമായിരുന്നു പെറ്രമ്മയെ ഒരിക്കലും വെറുക്കരുത്. വേദനിപ്പിക്കരുത് എന്ന്. കണ്ണുകൾ നിറയുമ്പോൾ ശേഖരന്റെ പല്ലിറുമ്മുന്നതും മുഖം ക്ഷോഭം കൊണ്ട് ചുമക്കുന്നതും ബാബു ശ്രദ്ധിച്ചു. മരണാനന്തരമുള്ള സ്നേഹം അമ്മ അറിയുമോ? ശേഖരൻ ഒരു കുട്ടിയെപ്പോലെ സംശയം ചോദിച്ചു. ബാബു വെറുതേ ചിരിച്ചുനിന്നു.
(ഫോൺ: 9946108220)