modi-note

ന്യൂഡൽഹി: വിദേശ ധനസഹായ നിയന്ത്രണ നിയമത്തിൽ ഭേദഗതിയ്‌ക്കായുള‌ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. 2010ൽ കേന്ദ്രം പാസാക്കിയ നിയമമാണിത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ ഞായറാഴ്‌ച അവതരിപ്പിച്ചത്. ബിൽ വ്യവസ്ഥകൾ പ്രകാരം വിദേശത്ത് നിന്നും ധനസഹായം സ്വീകരിക്കാൻ രാജ്യത്തെ ബന്ധപ്പെട്ട സംഘടനയുടെ ഭാരവാഹികളുടെ ആധാർ നമ്പരുകൾ നൽകേണ്ടത് നിർബന്ധമാക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് വിദേശ സഹായം സ്വീകരിക്കാനാകില്ല. ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെയോ എൻജിഓയുടെയോ എഫ് സി ആർ എ സർട്ടിഫിക്കറ്റ് തിരിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാരിന് അധികാരവും നൽകുന്നുണ്ട് പുതിയ ബില്ലിൽ.

മതസ്ഥാപനങ്ങൾക്ക് നിയമപ്രകാരം വിദേശസഹായം സ്വീകരിക്കാനുള‌ള അനുവാദം തുടരും. പക്ഷെ ഇവർ നിയമത്തിൽ നിന്ന് വ്യതിചലിക്കരുതെന്ന് മന്ത്രി പറഞ്ഞു.വിദേശ സഹായധനത്തിൽ നിന്നും ഭരണപരമായി ചിലവഴിക്കാവുന്ന തുക ആകെ തുകയുടെ 20 ശതമാനമായി കുറയും. നിലവിൽ ഇത് 50 ശതമാനമാണ്.

എന്നാൽ ബില്ലിൽ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിച്ചു. കോൺഗ്രസ് അംഗം മനീഷ് തിവാരി ബില്ലിനെ എതിർത്തു. നിലവിലെ നിയമത്തിൽ കൂടുതൽ ഇളവുകളാണ് വേണ്ടതെന്നും തിവാരി ആവശ്യപ്പെട്ടു. വിദേശ സഹായം നിൽക്കാൻ ബില്ല് കാരണമാകുമെന്ന് അഭിപ്രായപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയിയും ബില്ലിനെതിരെ പ്രതിഷേധിച്ചു.