sobha-surendran-

തിരുവനന്തപുരം : കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതൃത്വത്തെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശോഭ സുരേന്ദ്രന്‍ നടത്തിയ മുന്നേറ്റം. ബി ജെ പി എപ്ലസ് മണ്ഡലങ്ങളായി കണക്കു കൂട്ടിയ തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ നേടിയ വോട്ടിംഗ് ശതമാനത്തിനൊപ്പം നേടാന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശോഭ സുരേന്ദ്രനിലൂടെ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. മികച്ച പ്രാസംഗിക കൂടിയായ ശോഭ സുരേന്ദ്രന്റെ വ്യക്തിപ്രഭാവമാണ് വോട്ട് നില വര്‍ദ്ധിപ്പിക്കുവാന്‍ പാര്‍ട്ടിയെ സഹായിച്ചത്.


എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ശോഭ സുരേന്ദ്രന്റെ പ്രവര്‍ത്തന മണ്ഡലം ദേശീയ തലത്തിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്ത് ബി ജെ പി അംഗത്വം ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലേക്ക് പാര്‍ട്ടി ശോഭ സുരേന്ദ്രനെ തിരഞ്ഞെടുത്ത് നിയോഗിച്ചതോടെയാണ് ഈ കളംമാറ്റം ആവശ്യമായി തീര്‍ന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം കെ സുരേന്ദ്രനെ ബി ജെ പി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നു എന്ന റിപ്പോര്‍ട്ടില്‍ ഒപ്പം ഉയര്‍ന്നുവന്ന പേരുകളില്‍ ഒരാള്‍ ശോഭ സുരേന്ദ്രനായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ദേശീയ നേതൃത്വവുമായി കേന്ദ്രമന്ത്രി വി മുരളീധരനുള്ള സ്വാധീനം സുരേന്ദ്രന് അനുഗ്രഹമായി തീരുകയായിരുന്നു. ഇപ്പോള്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബി ജെ പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം ശക്തമാക്കുന്ന അവസരത്തിലാണ് ശോഭ സുരേന്ദ്രന്റെ അസാന്നിദ്ധ്യം കേരളം ചര്‍ച്ച ചെയ്യുന്നത്. ശബരിമല പ്രക്ഷോഭങ്ങളിലടക്കം അണികളെ ആവേശത്തിലാഴ്ത്തി, പാര്‍ട്ടി സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച സത്യാഗ്രഹത്തിലടക്കം സമരപാതയില്‍ മുന്നണിപോരാളിയായിരുന്നു ശോഭ സുരേന്ദ്രന്‍.

ഇപ്പോള്‍ ശോഭയുടെ അസാന്നിദ്ധ്യം പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായുള്ള പടലപിണക്കം കാരണമാണെന്ന തരത്തിലാണ് വിവിധ മാദ്ധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് ശോഭ സുരേന്ദ്രന്‍ ഇപ്പോഴും തുടരുന്നുണ്ടെന്ന മറുപടിയാണ് ആരോപണങ്ങളുടെ മുനയൊടിക്കാനായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതിനിടെയാണ് ദേശീയ തലത്തില്‍ ഒരു പ്രമുഖ സ്ഥാനം ശോഭ സുരേന്ദ്രന് ഉടന്‍ ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി ഉന്നതങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. അത് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്കാകുമെന്നും അറിയുന്നു. നരേന്ദ്ര മോദിയുമായും അമിത്ഷായുമായും പോലും അടുപ്പമുള്ള നേതാവാണ് ശോഭ സുരേന്ദ്രന്‍.