lok1

വെള്ളം പൊങ്ങിയാൽ പൊങ്ങുതടി പോലെ പൊങ്ങിപ്പോകുന്ന വീടുകളാണ് മണിപ്പൂരിലെ ലോക്‌‌താക് തടാകത്തിലുള്ളത്. വർഷാവർഷമുണ്ടാകുന്ന മഴക്കാലത്ത് വെള്ളം ഉയരുമ്പോൾ വീടുകളും ഒഴുകി നടക്കും. പായലും മണ്ണും ജൈവ അവശിഷ്ടങ്ങളും ചേർന്നുണ്ടാക്കിയ പായൽപൊങ്ങുകൾക്ക് മേലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. വീടുകളെ വെള്ളത്തിന് മുകളിൽ താങ്ങി നിറുത്തുന്നത് പായൽ പൊങ്ങുകളാണ്.

ഏറ്റവും വലിയ ശുദ്ധജലതടാകം

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് 287 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോക്‌‌താക്ക്. ഒഴുകുന്ന കൊച്ചുദ്വീപുകളുള്ള ലോകത്തിലെ ഏക തടാകവും ലോക്‌‌താക്കാണ്. താങ്ക, ഇത്തിങ്ക്, സെൻഡ്ര, ഫുബ എന്നിങ്ങനെ നാല് വലിയ ദ്വീപുകളാണ് തടാകത്തിലുള്ളത്. തടാകത്തിലെ ചെറുതും വലുതുമായ ദ്വീപുകളിൽ ഒരു ലക്ഷത്തിലേറെ ജനങ്ങൾ താമസിക്കുന്നു. ഇവരിൽ ഭൂരിഭാഗവും തടാകത്തെ ആശ്രയിച്ച് ജീവിക്കുന്ന മീൻപിടിത്തക്കാരാണ്. പുംണ്ടിസുകൾ എന്ന പേരുള്ള ഒഴുകുന്ന പായൽ പൊങ്ങുകളിൽ മിക്കതിലും ഒരു കൊച്ചുവീടിനുള്ള സ്ഥലമേ ഉണ്ടാകൂ. മഴക്കാലമായാൽ ചങ്ങാടംപോലെ ഇവ തടാകപ്പരപ്പിൽ വളരെ പതുക്കെ ഒഴുകി നടക്കും. ഒപ്പം അതിലെ വീടുകളും. എപ്പോഴും വെള്ളത്തിന് മുകളിലായതിനാൽ വെള്ളപ്പൊക്കം ബാധിക്കാറില്ല. വെള്ളം കൂടുന്നതനുസരിച്ച് പുംണ്ടിസുകളും ഉയർന്നുവരും. തടാകത്തിൽ വെള്ളമെടുക്കുന്ന 'ഭീകരൻ'

ലോക്‌‌താക്കിനെക്കുറിച്ച് പറയുമ്പോൾ കാബൊകസെബ എന്ന അത്ഭുത ജീവിയെക്കുറിച്ചും അറിയണം. ലോക്‌‌താക്കിന്റെ തലമുറകളിലൂടെ പകർന്ന ചരിത്രം തുടങ്ങുന്നത് ഈ മിത്തിലൂടെയാണ്. ലോക്‌‌താക്കിന്റെ തീരങ്ങളിൽ താമസിച്ചിരുന്നവരെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന അത്ഭുത ജീവിയായിരുന്നത്രേ കാബൊകസെബ. മനുഷ്യന്റെ ഇറച്ചിയായിരുന്നു അതിന്റെ പ്രധാന ഭക്ഷണം. മനുഷ്യന്റേയോ മൃഗത്തിന്റേയോ രൂപം പ്രാപിക്കാൻ നിമിഷ നേരം പോലും കാബൊകസെബെക്ക് വേണ്ടിയിരുന്നില്ലെന്നാണ് വിശ്വാസം. ഒരിക്കൽ ഇരതേടി കാബൊകസെബെ ഒരു അമ്മൂമ്മയുടെ വീട്ടിലെത്തി. തന്നെ തിന്നാനാണ് കാബൊകസെബെ എത്തിയതെന്ന് മനസിലാക്കിയ അമ്മൂമ്മ ഒരു സൂത്രം പ്രയോഗിച്ചു. എനിക്ക് പ്രായമായില്ലേ മോനേ, എന്റെ ഇറച്ചിക്ക് സ്വാദുണ്ടാകില്ല. അടുത്തവീട്ടിൽ ഒരു സുന്ദരിക്കുട്ടിയുണ്ട്. നീ അവിടെയൊന്ന് പോയി നോക്ക്. അങ്ങനെ കാബൊകസെബെ അടുത്തവീടിന്റെ വാതിലിൽ മുട്ടി. വാതിൽ തുറന്ന പെൺകുട്ടിയുടെ സൗന്ദര്യത്തിൽ കാബൊകസെബെ ശരിക്കും മയങ്ങിപ്പോയി. കൊന്നു തിന്നാൻ വന്ന കാബൊകസെബെക്ക് പെൺകുട്ടിയെ കല്യാണം കഴിക്കണമെന്ന മോഹമായി. എനിക്ക് നിന്നെ കല്യാണം കഴിക്കണമെന്ന് കാബൊകസെബെ പെൺകുട്ടിയോട് ആഗ്രഹം പറഞ്ഞു. ഞെട്ടിപ്പോയ പെൺകുട്ടി സമനില വീണ്ടെടുത്തശേഷം വീട്ടിനകത്തുനിന്നും ഒരു മുളംകുറ്റിയെടുത്ത് കാബൊകസെബെക്കു കൊടുത്തു. എനിക്ക് വല്ലാതെ ദാഹിക്കുന്നു ഇതിൽ വെള്ളം നിറച്ചു കൊണ്ടു വരുമോ? ദാഹം മാറ്റിയ ശേഷം ഞാൻ നിന്നെ വിവാഹം കഴിക്കാം. കാബൊകസെബെ ആഹ്ളാദത്തോടെ തടാകത്തിലേക്ക് പോയി. പലവട്ടം ശ്രമിച്ചിട്ടും ഒരു തവണ പോലും മുളങ്കുറ്റിയിൽ വെള്ളം നിറക്കാൻ കാബൊകസെബക്ക് കഴിഞ്ഞില്ല. മുകളിലും താഴെയും വശങ്ങളിലും തുളയുള്ള മുളങ്കുറ്റിയായിരുന്നു പെൺകുട്ടി കാബൊകസെബെക്ക് കൊടുത്തത്. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന ആഗ്രഹത്തിൽ കാബൊകസെബെ ഇപ്പോഴും മുളങ്കുറ്റിയിൽ വെള്ളം നിറയ്ക്കുന്നുവെന്നാണ് നാട്ടുകാരുടെ വിശ്വാസം. പിന്നീടൊരിക്കലും നാട്ടുകാർക്ക് കാബൊകസെബെയുടെ ശല്യമുണ്ടായിട്ടില്ലത്രേ....