social-media-lovers

ബേക്കൽ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകിയെ നേരിൽ കാണാൻ പോയ യുവാവ് ഒടുവിൽ ' അക്രമി'യായി. കുമ്പള സ്വദേശിനിയെ കാണാൻ സമ്മാനങ്ങളുമായിട്ടാണ് യുവാവും സുഹൃത്തും എത്തിയത്. സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ കണ്ട് വിശ്വസിച്ച് ഇയാൾ ഇടയ്ക്കിടെ 'ഇരുപത്തൊന്നുകാരിയായ കാമുകിയ്ക്ക്' കാശ് അയച്ചുകൊടുത്തിരുന്നു.

നേരിൽ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് 'യുവതി'ബേക്കൽകോട്ടയ്ക്ക് സമീപമെത്തിയിരുന്നു. ശരീരം മുഴുവൻ മൂടിയിട്ടാണ് 'യുവതി' എത്തിയത്. തനിക്ക് മുഖം കാണണമെന്ന് കാമുകൻ വാശിപിടിച്ചതോടെ മുഖത്തെ തുണി മാറ്റി. കാമുകിയുടെ യഥാർത്ഥ രൂപം കണ്ട യുവാവ് ഞെട്ടി.

അമ്പത് വയസ് പിന്നിട്ട ഒരു സ്ത്രീയാണ് തന്റെ കാമുകിയെന്ന് തിരിച്ചറിഞ്ഞതും, ഇയാൾ തന്റെ പണം തിരികെ ചോദിച്ചു. തരില്ലെന്ന് പറഞ്ഞതോടെ കത്തി വീശി. പ്രശ്നം കണ്ട് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി 'കാമുകനെയും' സുഹൃത്തിനെയും കയ്യോടെ പിടികൂടി. സമ്മാനങ്ങൾ പിടിച്ചെടുക്കുകയും പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു.