covid

തിരുവനന്തപുരം: കൊവിഡിന്റെ കുത്തനെയുള്ള കയറ്റത്തിൽ പകച്ചുനിൽക്കുകയാണ് തലസ്ഥാനജില്ല. ഓരോ ദിനവും എണ്ണം രോഗികളുടെ എണ്ണം കൂടിക്കൂടി വരുന്നു. അതേസമയം, കൊവിഡിനെ പിടിച്ചുകെട്ടാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും അതൊന്നും ഏശുന്നില്ലെന്നാണ് ഓരോ ദിവസവുമുള്ള വർദ്ധന വ്യക്തമാക്കുന്നത്. നഗര, ഗ്രാമ ഭേദമില്ലാതെയാണ് ഇപ്പോൾ രോഗപ്പകർച്ച. എവിടെയും ഏത് ദിവസവും ക്ലസ്റ്ററുകൾ രൂപപ്പെടാമെന്നതാണ് സ്ഥിതി.

അതേസമയം, അൺലോക്ക് 4ന്റെ ഭാഗമായി കൂടുതൽ ഇളവുകൾ പ്രാബല്യത്തിലാകുന്നതോടെ തലസ്ഥാനത്തെ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. രോഗവ്യാപനം പിടിച്ചുനിറുത്താൻ ജില്ലാ ഭരണക്കൂടം ആക്ഷൻ പ്ളാൻ കൊണ്ടുവരുമെന്ന് പറയുന്നതല്ലാതെ അതിനുള്ള നടപടികൾക്ക് തുടക്കമിട്ടിട്ടില്ല. അതേസമയം, വരുംദിവസങ്ങളിൽ രോഗവ്യാപനം ഇനിയും രൂക്ഷമാകുമെന്ന് പറയുകയും ചെയ്യുന്നു. അതിനാൽ, ആശങ്കയിലാണ് തലസ്ഥാന വാസികൾ. നിയന്ത്രണങ്ങൾ നീക്കിയതോടെ ജനജീവിതം സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൈ കഴുകിയും സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൊവിഡിൽ നിന്ന് മാറി നിൽക്കണമെന്ന് ആവർത്തിക്കുന്നതല്ലാതെ കർശനമായ മറ്റ് നിർദ്ദേശങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.


സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളിൽ അഞ്ചിലൊന്നും തലസ്ഥാന ജില്ലയിലാണ്. ഇപ്പോൾ പ്രതിദിനം 1000 സാമ്പിളുകളാണ് ജില്ലയിൽ പരിശോധനയ്ക്കായി അയയ്ക്കുന്നത്. ഇത് 2000 ആയി ഉയർത്താനൊരുങ്ങുകയാണ്. ഇതോടെ പ്രതിദിന രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കും.

ആശങ്കയായി മരണനിരക്കും

രോഗബാധിതരുടെ എണ്ണത്തിനൊപ്പം മരണനിരക്കിലും തലസ്ഥാന ജില്ല മുന്നിൽ തന്നെയാണ്. ഇന്നലെവരെ 79 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കാണിത്. ഔദ്യോഗിക സ്ഥിരീകരണം കാത്തു കിടക്കുന്ന കൊവിഡ് മരണങ്ങളും ജില്ലയിലുണ്ട്. കഴിഞ്ഞ ദിവസം ആഴിമലയിൽ മുങ്ങിമരിച്ച യുവാക്കളിൽ ഒരാൾക്കും മരണാനന്തര പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തലസ്ഥാനത്ത് അനിയന്തിതമാംവിധം ഉയരുന്ന കൊവിഡിനെ നിയന്ത്രണ വിധേയമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തിപ്പെട്ട് വരികയാണ്. മാത്രമല്ല, ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങൾ ഏശുന്നില്ലെന്ന ആക്ഷേപവും പരക്കെയുണ്ട്.

ജില്ലയിലെ രോഗികൾ തീയതി രോഗികൾ,​ മരണം എന്ന ക്രമത്തിൽ

13- 412- 8

14- 332- 3

15- 656- 5

16- 675- 1

17- 820- 3

18- 926-4

19- 824-5

20- 892-2​

21-553-4

ഇതുവരെ രോഗം ബാധിച്ചവർ: 26,949

ചികിത്സയിലുള്ളവർ: 7047

രോഗമുക്തർ: 19,695

മരണം: 175