ന്യൂഡൽഹി: കാർഷികബിൽ പാസാക്കിയത് ചട്ടവിരുദ്ധമായാണെന്നും അതിനാൽ ബിൽ അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിയെ കാണും. സംയുക്തമായിട്ടാരിക്കും പ്രതിപക്ഷം രാഷ്ട്രപതിയെ കാണുന്നത് എന്നാണ് റിപ്പോർട്ട്. രാജ്യസഭയിൽ ഇന്നലെ ഉണ്ടായ സംഭവങ്ങളുടെ പേരിൽ സസ്പെൻഡുചെയ്യപ്പെട്ട എം പിമാർ പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ഇന്നത്തേക്ക് സഭ പിരിഞ്ഞു.
അതിനിടെ, രാജ്യസഭയിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി പ്രധാമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. കാർഷിക ബില്ല് രാജ്യത്തെ കാർഷിക മേഖലയെ ശക്തമാക്കാൻ വേണ്ടിയാണെന്നും. ബില്ലിന്റെ പേരിൽ ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപിച്ച പ്രധാനമന്ത്രി രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗിനെതിരായ ആക്ഷേപങ്ങൾക്കും മറുപടി നൽകി. ബീഹാർ എറ്റവും ബഹുമാനിക്കുന്ന നേതാവാണ് ഹരിവംശ് നാരായൺ സിംഗെന്ന് പറഞ്ഞ പ്രധാനമന്ത്രി പാർലമെന്റിലെ സംഭവങ്ങളിൽ ബീഹാർ ജനത പ്രതിപക്ഷത്തിന് മറുപടി നൽകുമെന്നും കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ കേന്ദ്രസഹമന്ത്രി വി മുരളീധരനും രംഗത്തെത്തി. 'ബിൽ പാസാക്കാനുളള അംഗബലം ഭരണപക്ഷത്തിന് ഉണ്ടായിരുന്നു. ഇത് മനസിലാക്കിയാണ് പ്രതിപക്ഷം സഭ അലങ്കാേലമാക്കാൻ ശ്രമിച്ചത്. സഭയിൽ ഗുരുതരമായ കുറ്റങ്ങൾ ചെയ്തവരെയാണ് സസ്പെൻഡുചെയ്തത്. ജനാധിപത്യബോധവും കർഷകരോട് അല്പം സ്നേഹവും ഉണ്ടെങ്കിൽ സഭ സമാധാനപരമായി കൂടാനുളള അവസരം ഉണ്ടാക്കണം. കുപ്രചരണങ്ങൾ അവസാനിപ്പിക്കണം'- അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെയാണ് വിവാദ കാർഷിക പരിഷ്ക്കാര ബില്ലുകൾ രാജ്യസഭ പാസാക്കിയത്.