ന്യൂഡൽഹി: പുതുചരിത്രമെഴുതി ഇന്ത്യൻ നാവികസേന. രണ്ട് വനിതാ ഓഫീസർമാരെ ആദ്യമായി യുദ്ധകപ്പലിൽ നിയോഗിച്ചു കൊണ്ടാണ് നാവികസേന ചരിത്രം തിരുത്തിക്കുറിച്ചത്. സബ് ലെഫ്റ്റനന്റുമാരായ കുമുദിനി ത്യാഗി, ഋതിസിംഗ് എന്നിവരെയാണ് യുദ്ധക്കപ്പലിന്റെ ക്രൂവിന്റെ ഭാഗമാക്കിയത്. നാവിക സേനയിൽ നിരവധി വനിതാ ഓഫീസർമാരുണ്ടെങ്കിലും വിവിധ കാരണങ്ങളാൽ അവരെയൊന്നും യുദ്ധക്കപ്പലുകളിൽ നിയാേഗിച്ചിരുന്നില്ല. ക്രൂ ക്വാർട്ടേഴ്സുകളിലെ സ്വകാര്യതയുടെ അഭാവവും, ബാത്ത് റൂമുകളുടെ പ്രശ്നവുമായിരുന്നു ഇതിന് പ്രധാന തടസമായിരുന്നത്.ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടശേഷമാണ് ഇരുവരെയും നിയോഗിച്ചതെന്നാണ് റിപ്പോർട്ട്.
റാഫേൽ യുദ്ധവിമാനത്തിൽ വ്യോമസേന ഒരു വനിതാ പൈലറ്റിനെ നിയോഗിക്കുമെന്ന വാർത്ത പുറത്തുവന്ന ദിവസമാണ് വനിതാ ഓഫീസർമാരെ യുദ്ധക്കപ്പലിൽ നിയോഗിച്ച വാർത്തയും പുറത്തുവന്നത്. വ്യോമസേനയിൽ യുദ്ധവിമാനങ്ങൾ പറത്തുന്ന പത്ത് പൈലറ്റുമാർ ഉൾപ്പടെ 1,875 വനിതകളാണ് ഉളളത്.
യുദ്ധക്കപ്പലുകളിൽ നിയാേഗിക്കുന്നതോടെ സേനയുടെ അത്യന്താധുനിക ഉപകരണങ്ങളും സംവിധാനങ്ങളും പ്രവർത്തിപ്പിക്കാനുളള പരിശീലനം ഇരുവർക്കും ലഭിക്കും. നാവികസേനയുടെ ഏറ്റവും അത്യന്താധുനികമായ എം എച്ച് -60ആർ ഹെലികോപ്ടറിൽ പറത്താനുളള അവസരവും ഇവർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോകത്ത് സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ ഹെലികോപ്ടറാണ് ഇത്. ശത്രുകപ്പലുകളുടെയും അന്തർവാഹിനികളുടെയും സ്ഥാനം കൃത്യമായി മനസിലാക്കാൻ ഈ ഹെലികോപ്ടർ സഹായിക്കും. നിർമല സീതാരാമൻ പ്രതിരോധമന്ത്രിയായിരുന്നപ്പോഴാണ് ഈ ഹെലികോപ്ടറുകൾ സൈന്യത്തിന്റെ ഭാഗമാകുന്നത്.