k-fone

തിരുവനന്തപുരം: കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളിലടക്കം കുറഞ്ഞ നിരക്കിലും പാവപ്പെട്ടവർക്ക് സൗജന്യമായും അതിവേഗ ഇന്റർനെറ്റ് സംവിധാനം സജ്ജമാക്കാൻ സർക്കാർ പ്രഖ്യാപിച്ച കെ-ഫോൺ പദ്ധതിയ്ക്കായി കൊച്ചി ഇൻഫോപാർക്കിൽ നെറ്റ്‌വർക്ക് ഓപ്പറേറ്രിംഗ് സെന്റർ സ്ഥാപിക്കും. ഇതിനൊപ്പം തലസ്ഥാനത്ത് പട്ടം വൈദ്യുതി ഭവനിൽ ഡേറ്റാ റിക്കവറി സെന്ററും പ്രവർത്തനസജ്ജമാക്കും. ഡിസംബറോടെ 8000 സർക്കാർ ഓഫീസുകളിൽ കെ - ഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാകും. ആകെ 30,​000 ഇടങ്ങളിൽ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിനുശേഷമാകും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുക.

5000 കി.മീ ഫൈബർ നെറ്റ്‌വർക്ക് തയ്യാർ

7000 കിലോമീറ്റർ നീളത്തിലുള്ള ഫൈബർ നെറ്റ്‌വർക്കാണ് കെ ഫോണിന്റേത്. ഇതിൽ സംസ്ഥാനത്തുടനീളം 5000 കിലോമീറ്റർ ഫൈബർ നെറ്റ്‌വർക്ക് തയ്യാറായിക്കഴിഞ്ഞു. 100 ചെറിയ നഗരങ്ങളിൽ കൂടിയും ഈ ഫൈബർ ശൃംഖല കടന്നുപോകുന്നുണ്ട്. നിലവിൽ ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് സാങ്കേതികവിദ്യയിലൂടെയാണ് തിരുവനന്തപുരം,​ കൊച്ചി,​ കോഴിക്കോട് എന്നിവിടങ്ങളിലെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും സ്വകാര്യ സംരംഭകർ ഇന്റർനെറ്റ് സാദ്ധ്യമാക്കുന്നത്. എന്നാൽ കെ - ഫോൺ വരുന്നതോടെ സംസ്ഥാനത്തെ 14 ജില്ലകളിലെയും വിദൂര പ്രദേശത്തും ഇന്റർനെറ്റ് എത്തും. ബെൽ ആണ് ഏഴ് വർഷത്തേക്ക് ഈ നെറ്റ്‌വർക്കിന്റെ പ്രവർത്തനവും അറ്റകുറ്റപ്പണിയും നടത്തുക.

പദ്ധതി ഇതുവരെ

കിഫ്ബിയിൽ നിന്ന് 1531 കോടി ചെലവിട്ട് കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചറും കെ.എസ്.ഇ.ബിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 49 ശതമാനം വീതമാണ് ഓഹരി പങ്കാളിത്തം. രണ്ടു ശതമാനമാണ് സർക്കാർ വിഹിതം. പദ്ധതിയുടെ നടത്തിപ്പും സേവനം നൽകലും ഇവർക്കാണെങ്കിലും സാങ്കേതിക വിദ്യയും സംവിധാനവും ഒരുക്കുന്നത് ഭാരത് ഇലക്ട്രോണിക്‌സ് (ബെൽ), റെയിൽടെൽ എന്നീ പൊതുമേഖല കമ്പനികളും എസ്.ആർ.ഐ.ടി, എൽ.എസ് കേബിൾ എന്നീ സ്വകാര്യ കമ്പനികളും ചേർന്ന കൺസോർഷ്യമാണ്. ഇവരുമായാണ് സർക്കാർ കരാറിലേർപ്പെട്ടിരിക്കുന്നത്. സർക്കാർ പണം ഇവർക്കാണ് പ്രധാനമായും കൊടുക്കുന്നത്.

പദ്ധതി നേട്ടങ്ങൾ

 കുത്തകകളെ മറികടന്ന് എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യമായ അവസരം നൽകുന്ന ഒപ്ടിക്കൽ ഫൈബർ നെറ്റ്‌വർക്ക്

 30,000ലധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ ഇന്റർനെറ്റ്

 ഐ.ടി പാർക്കുകൾ, എയർ പോർട്ട്, തുറമുഖം എന്നിവിടങ്ങളിലും ഹൈസ്‌പീഡ് കണക്ടിവിറ്റി