whatsapp-

കുറച്ച് നാളുകളായി മൾട്ടി ഡിവൈസ് ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സ്ആപ്പ്. ഒരു വാട്സ്ആപ്പ് അക്കൗണ്ട് ഒന്നിലധികം ഉപകരണങ്ങളിൽ ലോഗിൻ ചെയ്യാൻ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് മൾട്ടി ഡിവൈസ് ഫീച്ചർ. മൾട്ടി ഡിവൈസ് സപ്പോർട്ട് ഫീച്ചറിന്റെ അവസാനഘട്ട പരീക്ഷണങ്ങളിലാണ് വാട്സ്ആപ്പ് ഇപ്പോൾ. ഉടൻ തന്നെ ഈ ഫീച്ചർ ഉപഭോക്താക്കളിലെത്തുമെന്നാണ് വിവരം. വാബീറ്റാഇൻഫോ എന്ന വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ആദ്യം പുറത്തുവിട്ടത്. ബീറ്റാ വേർഷനിൽ ഉടൻ തന്നെ ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് വിവരം. ഫീച്ച‌ർ ലഭ്യമാകാൻ പോകുന്ന തീയതി അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം വൈകാതെ തന്നെ തീരുമാനം ഉണ്ടാകും.

മൾട്ടി ഡിവൈസ് ഫീച്ചർ അനുസരിച്ച് ഒരു വാട്സ്ആപ്പ് അക്കൗണ്ട് തന്നെ ഒരേ സമയം നാല് വ്യത്യസ്ത ഉപകരണങ്ങളിൽ ഉപയോഗിക്കാൻ കഴിയും. ഇപ്പോൾ വാട്സ്ആപ്പ് വെബ് ഉപയോഗിക്കാൻ മെയിൻ ഡിവൈസിൽ ആക്ടീവ് ഇന്റർനെറ്റ് കണക്ഷൻ വേണം. എന്നാൽ മൾട്ടി ഡിവൈസ് ഫീച്ചർ അനുസരിച്ച് മെയിൻ ഡിവൈസിൽ ആക്ടീവ് ഇന്റർനെറ്റ് കണക്ഷന്റെ ആവശ്യം ഇല്ല. അതായത് നിങ്ങളുടെ ഫോൺ ഓഫ് ആണെങ്കിൽ പോലും മറ്റ് ഉപകരണങ്ങൾ വഴി നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കും.

ആപ്പിൽ ' ലിങ്ക്ഡ് ഡിവൈസസ് ' ഓപ്ഷനിലായിരിക്കും മൾട്ടി ഡിവൈസ് ഫീച്ചർ ലഭ്യമാകുക. ഇവിടെ നിന്നും പുതിയ ഒരു ഉപകരണത്തിലേക്കും അക്കൗണ്ട് ലിങ്ക് ചെയ്യാനും അതുപോലെ ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള ഉപകരണങ്ങളുടെ ലിസ്റ്റ് കാണാനും സാധിക്കും. അതേ സലമയം, എല്ലാ ഫീച്ചറുകളും മൾട്ടി ഡിവൈസ് സപ്പോർട്ടിലൂടെ വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ ലഭ്യമാകില്ല. ഇപ്പോൾ ആൻഡ്രോയിഡ് ആപ്പിൽ ഈ ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.