mill

തിരുവനന്തപുരം: ദേശീയ ടെക്‌സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള വിജയമോഹിനി മിൽ വിൽക്കുന്നതിനുള്ള അവസാന ഘട്ടത്തിലേക്ക് കേന്ദ്ര സർക്കാർ കടന്നു. ഇതിന്റെ ഭാഗമായി മില്ലിന്റെ വസ്തു വകകൾ അളന്നു തിട്ടപ്പെടുത്താനുള്ള നടപടിക്രമങ്ങൾ കേന്ദ്രം തുടങ്ങി. കഴിഞ്ഞ ദിവസം വസ്തുക്കൾ അളക്കാനെത്തിയ കൺസൾട്ടിംഗ് ഏജൻസിയായ ജെ.എൽ.എല്ലിന്റെ പ്രതിനിധികളെ തൊഴിലാളികൾ തടഞ്ഞിരുന്നു. പ്രതിഷേധത്തെ തുടർന്ന് വസ്തു അളക്കാതെ അവർ മടങ്ങി. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും. എന്നാൽ, എന്ത് പ്രതിഷേധമുണ്ടായാലും വസ്തുക്കൾ അളന്ന് തിട്ടപ്പെടുത്തുന്നതുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

കൊവിഡിന്റെ മറവിൽ മിൽ അടച്ചുപൂട്ടിയിട്ട് 20 ദിവസത്തോളമായി. മിൽ തുറക്കണമെന്നാവശ്യപ്പെട്ട് യൂണിയനുകൾ സമരത്തിലാണ്. നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നിരവധി തവണ തൊഴിലാളികൾ അധികൃതരെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല.

നൂൽ നിർമ്മാണം

നൂൽ നിർമ്മാണമാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. മിൽ പ്രവർത്തിച്ചിരുന്നപ്പോഴുള്ള സമയത്തെ ലോഡുകണക്കിന് നൂൽ ഇവിടെ കെട്ടിക്കിടക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് മുംബയ് ആസ്ഥാനമായ തുണി വ്യവസായം സ്‌തംഭിച്ചതിനാലാണ് പ്രവർത്തനം പുനരാരംഭിക്കാത്തതെന്നാണ് യൂണിറ്റ് അധികൃതർ പറയുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജീവനക്കാരുടെ ശമ്പളവും അധികൃതർ വെട്ടിക്കുറച്ചു. മാർച്ചിൽ ശമ്പളത്തിന്റെ 75 ശതമാനമാണ് നൽകിയത്. ഏപ്രിലിൽ 60 ശതമാനം നൽകിയപ്പോൾ മേയിൽ ഇത് 40 ശതമാനമായി. പിന്നീടുള്ള ശമ്പളം നൽകിയതുമില്ല. 20 കോടി ചെലവിട്ട് മിൽ ആധുനികവത്കരിച്ചിട്ട് അധികം നാളായിട്ടില്ല. അനിശ്ചിതകാലമായി മിൽ അടച്ചിടുമ്പോൾ പുതിയ യന്ത്രങ്ങൾക്ക് കേട് വരുമോയെന്ന ആശങ്കയും തൊഴിലാളികൾക്കുണ്ട്. 215ഓളം സ്ഥിരം ജീവനക്കാരും ഇരുന്നൂറോളം താത്കാലിക ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്.