im

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുറത്താക്കാനുള്ള കരുനീക്കവുമായി പ്രതിപക്ഷ പാർട്ടികൾ. ഡെമോക്രാറ്റിക് മൂവ്മെന്റ് എന്ന പേരിലുള്ള പുതിയ സഖ്യത്തിലൂടെ ഇമ്രാൻ സർക്കാരിനെ താഴെയിറക്കാനാണ് പ്രതിപക്ഷ പാ‌ർട്ടികളുടെ ലക്ഷ്യം. ഇസ്ലാമബാദിൽ ചേർന്ന പാർട്ടികളുടെ യോഗത്തിനു ശേഷമാണ് പുതിയ സഖ്യം രൂപീകരിച്ചതെന്നാണ് റിപ്പോർട്ട്.

പാകിസ്ഥാൻ ഭരിക്കുന്ന പാകിസ്ഥാൻ തെഹരീക് എ ഇൻസാഫ് സർക്കാരിൽ നിന്ന് 'രാജ്യത്തെ രക്ഷിക്കുക'യാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി.

പ്രധാനമന്ത്രി 'ഇമ്രാൻ അഹമ്മദ് നിയാസി' ഉടൻ രാജിവെക്കണമെന്ന് ജാമിയത് ഉലമ ഇ ഇസ്ലാം നേതാവ് മൗലാനാ ഫാസിയുർ റഹ്മാൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ മുതൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും.

ആദ്യഘട്ടത്തിൽ, ഒക്ടോബർ മുതൽ സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്‌തൂൻഖ്വ, പഞ്ചാബ് എന്നിവിടങ്ങളിൽ റാലികൾ നടത്തും. ഡിസംബർ മുതൽ രണ്ടാം ഘട്ടത്തിൽ രാജ്യവ്യാപകമായി വലിയ പ്രകടനങ്ങൾ നടത്തും. അടുത്ത വർഷം ജനുവരി മുതൽ ഇസ്ലാമബാദിലേയ്ക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കും - അദ്ദേഹം വ്യക്തമാക്കി. അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതും പാർലമെന്റിൽ നിന്ന് രാജി വയ്ക്കുന്നതും ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയും ആഭ്യന്തര വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടതുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചതെന്നാണ് പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസ് അദ്ധ്യക്ഷൻ ഷഹബാസ് ഷരീഫ് വ്യക്തമാക്കിയത്.

മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെയും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെയും പിന്തുണയോടു കൂടിയാണ് പ്രതിഷേധവുമായി മുന്നോട്ടു പോകുന്നതെന്നും എന്നാൽ സമരം നയിക്കുന്നത് ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പി.പി.പി അദ്ധ്യക്ഷൻ ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. പുതിയ സഖ്യം പാകിസ്ഥാനെ ജനാധിപത്യ പാതയിലേയ്ക്ക് നയിക്കാനുള്ള പുതിയ ചുവടുവെയ്പ്പാണെന്നാണ് ബിലാവൽ ഭൂട്ടോ പിന്നീട് ട്വിറ്ററിൽ കുറിച്ചത്.