police

തിരുവനന്തപുരം : തിരുവനന്തപുരത്ത് അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെ 20 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണ‌ർ ഉൾപ്പെടെയുള്ള പൊലീസുകാർക്കാണ് കൊവിഡ്. കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന സമരങ്ങളെ നേരിട്ടത് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ആയിരുന്നു. ഇന്ന് രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാച്ഛാദന ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്കായി സാമ്പിൾ നൽകിയത്. ഫലം ഇന്നാണ് വന്നത്. കൊവിഡ് സ്ഥിരീകരിച്ചതോടെ അസിസ്റ്റന്റ് കമ്മീഷണറുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ ആരോഗ്യ പ്രവർത്തകർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജനപ്രതിനിധികൾ, രാഷട്രീയ നേതാക്കൾ തുടങ്ങിയവരും സമ്പർക്കപ്പട്ടികയിലുണ്ടെന്നാണ് സൂചന. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ഏഴും തുമ്പയിൽ പതിനൊന്നും പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം, സെക്യൂരിറ്റി ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സിറ്റി പൊലീസ് കമ്മീഷണർ നിരീക്ഷണത്തിൽ പോയി. ഹർഷിത അട്ടല്ലൂരിയ്ക്കാണ് പകരം ചുമതല.