kovalam

കേരളത്തിലെത്തുന്ന വിദേശികളുടെ പ്രിയയിടമാണ് കോവളം. കടൽകാറ്റും പൂഴിമണലും അസ്‌തമയക്കാഴ്‌ചയുമൊക്കെയായി ഏതൊരു സഞ്ചാരിയെയും കോവളം കീഴടക്കുക തന്നെ ചെയ്യും. അതുപോലെ കടലിലെ കുളിയാണ് മറ്റൊരു പ്രധാന ആകർഷണം. ബീച്ചുകളുടെ നഗരം കൂടിയാണ് കോവളം. മൂന്ന് പ്രധാന ബീച്ചുകളാണ് ഇവിടെയുള്ളത്. പാറക്കെട്ടുകൾ കൊണ്ടാണ് മൂന്നുബീച്ചുകളും

വേർതിരിക്കപ്പെട്ടിരിക്കുന്നത്. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വാ ബീച്ച്, സമുദ്ര ബീച്ച്. ഈ മൂന്ന് ബീച്ചുകളും ചേർന്ന് ഏകദേശം 17 കിലോമീറ്റർ കടൽത്തീരമാണ് കോവളത്തിന് നൽകുന്നത്.

ഓരോ ബീച്ചുകളും ഓരോ അനുഭവമാണ് സമ്മാനിക്കുക. അതുകൊണ്ടുതന്നെ ഓരോ ബീച്ചിലേക്കും യാത്ര പോകണം. മൂന്ന് ബീച്ചുകളിലും വച്ച് ഏറ്റവും വലുത് ലൈറ്റ് ഹൗസ് ബീച്ചാണ്. കുന്നിൻമുകളിലെ 35 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ ലൈറ്റ് ഹൗസാണ് ഇവിടത്തെ ഏറ്റവും വലിയ ആകർഷണം. ഇന്ത്യയിലെ ഒരേയൊരു ടോപ് ലെസ് സൺബാത്തിംഗ് ബീച്ചാണ് ഹവ്വാ ബീച്ച്. കൂടുതലും വിദേശികളാണ് ഈ ബീച്ചിലുണ്ടാകുക. പിന്നെയുള്ളത് സമുദ്രബീച്ച്. മത്സ്യബന്ധനം ഏറ്റവുമധികം നടക്കുന്നത് ഇവിടെയാണ്. അശോക ബീച്ച് എന്ന പേരിൽ മറ്റൊരെണ്ണം കൂടിയുണ്ടെങ്കിലും സഞ്ചാരികളുടെ തിരക്ക് അത്രത്തോളം കാണാനാകില്ല. രാത്രിയിലെയും പകലിലെയും കാഴ്‌ചകളും വ്യത്യസ്‌തമാണ്. മോണസൈറ്റും ഇൽമനേറ്റും കലർന്ന കറുപ്പുനിറത്തിലുള്ള മണലാണ് കോവളത്തെ മറ്റൊരു പ്രത്യേകത. സെപ്‌തംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് കോവളത്തെ ബീച്ചുകളിൽ തിരക്കേറുന്നത്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. ആയുർവേദ ചികിത്സയ്‌ക്കും മസാജിംഗിനുമൊക്കെയുള്ള സൗകര്യങ്ങളും കോവളത്തെ സഞ്ചാരികളുടെ ഇഷ്‌ടസ്ഥലങ്ങളിലൊന്നായി മാറ്റുന്നു.

എത്തിച്ചേരാൻ

തിരുവനന്തപുരത്ത് നിന്നും 16 കിലോമീറ്റർ സഞ്ചരിച്ചാൽ കോവളത്തെത്താം.