humpback

അന്റാർട്ടിക്കയിലേക്കുള‌ള പ്രയാണത്തിലായിരുന്നു ആ മൂന്ന് കൂ‌റ്റൻ കൂനൻ തിമിംഗലങ്ങൾ. ഇടയ്‌ക്കെപ്പോഴോ ഓസ്‌ട്രേലിയയിൽ വച്ച് വഴിയൊന്നു തെ‌റ്റി കക്കാടു ദേശീയോദ്യാനത്തിലെ 'നോർത്തേൺ ആലിഗേ‌റ്റർ പുഴ'യിലെത്തി. ഉപ്പുവെള‌ളത്തിൽ കഴിയുന്ന വലിയ മുതലകൾ നിറഞ്ഞതായിരുന്നു ആ പുഴ. വഴി മാറിയതറിഞ്ഞ രണ്ട് തിമിംഗലങ്ങൾ വൈകാതെ മടങ്ങി. എന്നാൽ ഒന്നുമാത്രം പുഴയിൽ തന്നെ തുടർന്നു.

ഇത് സ്ഥലത്തെ വനപാലകർക്ക് വലിയ പരിഭ്രമമുണ്ടാക്കി. കാരണം മ‌റ്റൊന്നുമല്ല പുഴയിൽ ആഴം കുറഞ്ഞ ഭാഗങ്ങളിൽ 16 മീ‌റ്റർ വരെ നീളവും 30 ടൺ ഭാരവുമുള‌ള ഇവ കുടുങ്ങിയാൽ രക്ഷപ്പെടുത്തുക അസാദ്ധ്യമാകും. മാത്രമല്ല പുഴയിലെ മുതലകൾ ഇതിനെ ഉപദ്രവിക്കുമെന്നും അവർ ഭയന്നു.

പുഴയിലെ ബോട്ടുകളെ കുറിച്ചും അവർ ആശങ്കപ്പെട്ടു. ബോട്ടുകൾ തട്ടിയാൽ അപകടത്തിൽ പെടുന്നവരെ മുതല പിടികൂടുമോ എന്ന ഭയം അധികതർക്കുണ്ടായി. എന്തായാലും 17 ദിവസം പുഴയിൽ കഴിഞ്ഞ ശേഷം വേലിയേ‌റ്റ സമയത്ത് തിമിംഗലം തിരികെ കടൽവഴിയിലേക്ക് പോയി. യാത്രയിൽ അഴിമുഖത്ത് വച്ച് വഴിമാറിയാകാം തിമിംഗലം പുഴയിലെത്തിയതെന്നും ആദ്യമായാണ് ഒരു കൂനൻ തിമിംഗലം പുഴയിലെത്തുന്നതെന്നും ബിബിസിയിലെ വന്യജീവി വിദഗ്ധർ അഭിപ്രായപ്പെടുന്നു.