തലയിണയെന്നത് ബെഡ്റൂമിലെ സുഖകരമായ ഉറക്കത്തിനായി തല വച്ചു കിടക്കാനുള്ള ഒന്നായിരുന്നില്ല അയാൾക്ക്. ഉറക്കം വരാത്ത രാത്രികളിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ നെഞ്ചോടമർത്തിപിടിച്ച് പഴയ കാമുകിയെ ഓർക്കാനുള്ളതുമായിരുന്നില്ല. സുഗമമായ രീതിയിൽ ഒരു കർച്ചീഫ് കരുതുന്നതുപോലെയോ, ഷർട്ടിന്റെ പോക്കറ്റിൽ ഒതുങ്ങിയിരിക്കത്തക്ക രീതിയിലുള്ള ഒരു പേന പോലെയോ, മടക്കി ചുരുട്ടി വെക്കാവുന്ന ഒരു പേഴ്സ് പോലെയോ ആയിരുന്നു ഒരു തലയിണയെങ്കിൽ തീർച്ചയായും അയാൾക്കൊപ്പമതുണ്ടാകുമായിരുന്നു. തലയിണയുടെ ചുരുങ്ങിയ രൂപങ്ങൾ പല പല തരത്തിൽ തനിക്ക് ഉണ്ടാക്കാമെന്നിരിക്കിലും അതിലൊന്നും ഒരിക്കലുമയാൾ സംതൃപ്തിയുള്ളവനായില്ല. പല തവണ അയാളത് പരീക്ഷിച്ച് നോക്കിയെങ്കിലും അപ്പോഴൊന്നും അയാൾക്ക് വേണ്ടത്ര തൃപ്തി വരികയുണ്ടായില്ല.
തലയിണയെന്നത് വാസ്തവത്തിൽ എന്തിനുവേണ്ടി നിലകൊണ്ടിരുന്നുവോ അത്തരമൊരാവശ്യത്തിനു വേണ്ടിയുള്ളതായിരുന്നില്ല അയാളെ സംബന്ധിച്ച്. മറ്റുള്ള കാര്യങ്ങളിൽ വാചാലാനാകുന്നതുപോലെ തലയിണയുടെ ഭാഗധേയത്തെക്കുറിച്ച് ഒരിക്കലൊഴികെ ഒരു വാക്കു പോലും അയാൾ ആരോടും ഉരിയാടിയിരുന്നില്ല. തലയിണയുടെ കാര്യമൊഴികെ അയാളുടെ ജീവിതത്തിൽ പറയത്തക്ക മറ്റു രഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല.
എപ്പോഴും യാത്രകൾ ആവശ്യപ്പെടുന്നതായിരുന്നു അയാളുടെ ജീവിതം. ദിവസേനയുള്ള യാത്രക്കിടയിൽ വലിയ വലിയ നഗരങ്ങളിലെ മുന്തിയ ഹോട്ടലുകളിൽ മുറിയെടുക്കേണ്ടതായിട്ടുണ്ട്. മുറിയെടുത്തു കഴിഞ്ഞാൽ ആദ്യമായി അയാൾ ചെയ്യുന്ന കാര്യം മുറിയിലെ തലയിണ പരിശോധിക്കലായിരുന്നു. ആ തലയിണയുടെ കവറയാൾ അഴിച്ചു മാറ്റും. എന്നിട്ട് തലയിണയിൽ മുഖം ചേർത്ത് മണത്തു നോക്കും. അതിൽ ഒരു സ്ത്രീയുടെയോ പുരുഷന്റെയോ വിയർപ്പിന്റെ ഗന്ധം അറിയുകയാണെങ്കിൽ ഉടൻ തന്നെ റൂംബോയിയെ വിളിച്ച് കാര്യം ബോദ്ധ്യപ്പെടുത്തി കൊടുക്കുകയും അത് മാറ്റിക്കൊണ്ടു വരാൻ പറയുകയും ചെയ്യും. ശേഷം കൊണ്ടുവരുന്ന തലയിണകളിലും തൃപ്തനാവാതെ വരികയാണെങ്കിൽ അവിടെ മുറി എടുക്കാതെ വേറേതെങ്കിലും ഇടത്തേക്ക് പോകുകയും ചെയ്യുമായിരുന്നു.
എവിടേക്ക് പോകുമ്പോഴും തനിക്കൊപ്പം സ്ഥിരമായി കരുതുന്ന ഒന്നുണ്ടായിരുന്നു. വർഷങ്ങളായുള്ള യാത്രകളിൽ മാറ്റമില്ലാതെ അതയാളെ അനുഗമിച്ചുകൊണ്ടിരുന്നു. വെളുത്ത നിറമുള്ള ചുവന്ന പൂക്കളാൽ എംബ്രോയിഡറി ചെയ്യപ്പെട്ടിട്ടുള്ള പിന്നാൻ തുടങ്ങിയ ഒരു തലയിണ കവറായിരുന്നു അത്. കാലപ്പഴക്കത്താൽ അത് തീർത്തും ദുർബലമായിക്കഴിഞ്ഞിരുന്നു. മുറിയിലെ തലയിണകൾക്ക് വിയർപ്പുഗന്ധവും മറ്റപരിചിതത്വവും തോന്നിയില്ലെങ്കിൽ ആ കവർ അതിനു മുകളിലേക്കിടുമായിരുന്നു. പിന്നീടയാൾ ലൈറ്റണയ്ക്കും. വർഷങ്ങൾ കഴിയുന്തോറും തലയിണ കവർ കൂടുതൽ കൂടുതൽ മോശമാകുകയും വേണ്ട വിധത്തിലുപയോഗിക്കാൻ സാധിക്കാതാവുകയും ചെയ്തു. ഒരു ദിനം തലയിണ കയറ്റുന്നതിനിടയിൽ പിന്നിയ നൂലിനൊപ്പം തലയിണ കവർ കീറാൻ തുടങ്ങുന്നതയാൾ കണ്ടു. അതിനുശേഷം തലിണയ്ക്കുള്ളിലേക്ക് കവർ കയറ്റുന്ന സംഗതി അയാൾ ഉപേക്ഷിച്ചു. പകരം വെറുതെ തലയിണക്കു മീതെ വെച്ച് അതു നോക്കിയിരുന്നു. ഇരുളിൽ അയാൾ അതിനോടു വർത്തമാനം പറയുമായിരുന്നു. ഭാര്യയോടു മാത്രമേ അതേക്കുറിച്ചയാൾ പറഞ്ഞിരുന്നുള്ളൂ. തങ്ങളുടെ പ്രഥമ രാത്രിയിൽ തന്നെ അയാളത് അവളോട് വ്യക്തമായി പറഞ്ഞിരുന്നു. തങ്ങളുടെ ദാമ്പത്യത്തിൽ എവിടെയെങ്കിലും ഒരു സ്വരചേർച്ച ഉണ്ടാകാതിരിക്കാനും അത്രമാത്രം ആ പെൺകുട്ടിയെ സ്നേഹിച്ചിരുന്നതുകൊണ്ടും മാത്രമായിരുന്നു അയാളത് പറഞ്ഞത്.
''നോക്കൂ, എന്റെ ജീവിതത്തെക്കുറിച്ചും ദിനങ്ങളെക്കുറിച്ചും എനിക്കൊപ്പം നടക്കുന്ന എന്നോടിഴപഴകുന്ന എല്ലാവർക്കും അറിയാം. പക്ഷേ അവർക്കാർക്കുമറിയാത്ത, അവരോടാരോടും പറയാത്ത ഒരു സംഗതി എന്നിലുണ്ട്. നിന്നോട് മാത്രമേ ഞാനത് പറയുന്നുള്ളൂ. എന്റെ ജീവിതത്തെക്കുറിച്ച് ഇക്കാര്യമറിയുന്ന ഒരേ ഒരാൾ നീ മാത്രമായിരിക്കും. നമ്മളിരുവരുടെയും ജീവൻ നിലക്കുന്നതു വരെ...""
പ്രഥമരാത്രിയിൽ തന്നെ ഭർത്താവിൽ നിന്നും അത്തരമൊരേറ്റുപറച്ചിൽ കേൾക്കാൻ തുടങ്ങിയപ്പോൾ ആ പെൺകുട്ടി പകച്ച്, കേൾക്കാൻ പോകുന്ന സംഗതി എന്തെന്നറിയാനായി അമ്പരന്നിരുന്നു. എത്ര തന്നെ തന്റെ മനസിനേയും ഹൃദയത്തേയും തകർക്കാൻ പോന്നതാണെങ്കിൽ കൂടിയും അത് സഹിക്കാനുള്ള ശക്തി തനിക്ക് തരണമേയെന്നവൾ പ്രാർത്ഥിച്ചു.
''ഒരിക്കൽ മാത്രമേ ഞാനിത് പറയുകയുള്ളൂ. ശ്രദ്ധയോടെ കേൾക്കുക. ഒരു തവണ പറഞ്ഞ വാക്കുകൾ ആവർത്തിക്കാൻ എനിക്കാവില്ല. ഞാൻ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തിരിച്ചെന്നോട് ഒന്നും ചോദിക്കരുത്. ഇക്കാര്യത്തിൽ ഒരേ ദിശയിലേക്കനുസ്യുതം ഒഴുകിക്കൊണ്ടിരിക്കുന്ന നദിപോലെയായിരിക്കും എന്റെ വാക്കുകൾ. ഒരിക്കലും അവ നിലയ്ക്കാനോ തടസപ്പെടുത്താനോ ആയി വാക്കുകൾ ഉപയോഗിക്കരുത്.""
തുടർന്നയാൾ അലമാരയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിരുന്ന ചുവന്ന പൂക്കളുടെ എംബ്രോയ്ഡറിയുള്ള തലയിണ പുറത്തേക്കെടുത്തു. മതിരപ്പിള്ളിയിലെ തറവാട്ടുവക വീടായിരുന്നു അത്. ഭാഗസമയത്ത് മറ്റൊന്നും വേണ്ടെന്ന് പറഞ്ഞ് അയാൾ വീട് ആവശ്യപ്പെടുകയായിരുന്നു.
''വളരെക്കുറച്ചു മാത്രം പ്രകാശം കടക്കുന്നതും മറ്റുള്ളവയുമായി വച്ചുനോക്കുമ്പോൾ വൃത്തിക്കുറവെന്നു തോന്നിക്കുന്നതുമായ ഈ മുറി ഞാനെന്തിനു മണിയറയാക്കിയെടുത്തുവെന്ന് നീ ചിന്തിച്ചോ?""
തീർച്ചയായും അയാൾക്കതിന് ഉത്തരം ആവശ്യമില്ലെന്നവൾക്കറിയാമായിരുന്നു. അയാൾ തലയിണയെടുത്ത് കിടക്കയിൽ വെച്ചു. നിലത്തു വീണാലോ കയ്യൊന്നൂക്കിൽ തൊട്ടാലോ പൊട്ടുന്നതുപോലെയുള്ള ഒരു വസ്തു വളരെ ശ്രദ്ധാപൂർവ്വം വയ്ക്കുന്നതുപോലെയാണയാൾ അതു ചെയ്തത്. അതിൽ നിന്നു തന്നെ തന്റെ ഭർത്താവക്കാര്യത്തിൽ എത്രമാത്രം ജാഗ്രത പുലർത്തുന്നുവെന്ന് അവൾക്ക് മനസിലായി.
''എന്റെമ്മയുമൊത്ത് ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത് ഈ മുറിയിലാണ്. ഈ കട്ടിലിൽ അന്ന് കിടക്ക ഉണ്ടായിരുന്നില്ല. വെറും പാ വിരിച്ച് ഈ തലയിണയും വെച്ച് ഞങ്ങൾ കിടക്കും. പുറം പണി അന്വേഷിച്ചിറങ്ങുന്ന അപ്പൻ മിക്ക ദിവസവും വീട്ടിൽ ഉണ്ടാകില്ല. ചേച്ചിയും ചേട്ടന്മാരും അപ്പുറത്തുള്ള മുറികളിൽ കിടക്കും. മഴപെയ്യുമ്പോൾ ചുവരിലൂടെ അരിച്ചിറങ്ങുന്ന മണ്ണുകലർന്ന വെള്ളം നോക്കി അമ്മയുടെ മടിയിൽ തലവെച്ച് ഞാൻ കിടക്കും.""
ഏറ്റവും ഇളയകുട്ടി അയാളായിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ള കുട്ടികളിൽ നിന്നു വ്യത്യസ്തമായി വേണ്ടുവോളം സ്നേഹവും വാത്സല്യവും അവന് കിട്ടിയിരുന്നു. മിക്കദിനങ്ങളിലും അപ്പൻ വീട്ടിൽ ഇല്ലായിരുന്നുവെങ്കിലും ഉള്ള സമയം മുഴുവൻ അയാൾ അവനുമൊത്ത് ചെലവഴിക്കുമായിരുന്നു. മറ്റുള്ള കുട്ടികളിൽ നിന്നു വ്യത്യസ്തമായി ആ കുട്ടി കൂടുതൽ സ്നേഹവും ശ്രദ്ധയും ആവശ്യപ്പെടുന്നുണ്ടെന്നും അർഹിക്കുന്നുണ്ടെന്നും അവർക്കു തോന്നി.
''ഒരിക്കൽപോലും എന്റെ അമ്മ തലവയ്ക്കാനായി തലയിണ ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഇടയ്ക്ക് ഞാൻ ചോദിച്ചിട്ടുണ്ട്, തലവയ്ക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് നമുക്ക് തലയിണയെന്ന്. അന്നേരമൊക്കെ അമ്മ ചിരിക്കുക മാത്രമാണ് ചെയ്തത്. അമ്മയുടെ കണ്ണുകളിൽ എന്തോ തിളങ്ങുമായിരുന്നു അപ്പോഴൊക്കെ...""
അയാളുടെ അമ്മ തീർത്തും നിർമ്മല ഹൃദയമുള്ള ഒരു സ്ത്രീയായിരുന്നു. ചെറിയ ഒരു കാര്യം ധാരാളമായിരുന്നു അവരുടെ ഹൃദയത്തെ വേദനിപ്പിക്കാൻ. അവരുടെ ദിനങ്ങൾ വളരെയേറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. അവർക്കു തന്നെ സഹിക്കാനും സങ്കടപ്പെടാനും ഇഷ്ടംപോലെ ദുരിതങ്ങളുണ്ടായിരുന്നു. എന്നിട്ടും മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കുന്നതിനായി അമ്മ ചെന്നിരിക്കുകയും തന്നാലാകുന്നതിനേക്കാൾ ഉപരിയായി അവരെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. അവരുടെ സംസാരം കേട്ടിരിക്കുന്ന അമ്മയുടെ കണ്ണുകൾ നിറയുന്നത് അവൻ നോക്കിയിരിക്കുമായിരുന്നു. ചില നേരങ്ങളിൽ അമ്മ വേഗത്തിൽ എഴുന്നേറ്റുപോയി തങ്ങളുടെ മുറിയിൽ കയറി വാതിലടക്കുമായിരുന്നു. വാതിലടച്ച് അതിനകത്ത് അമ്മ എന്തു ചെയ്യുന്നുവെന്ന് അവന് മനസിലായിരുന്നില്ല.
''എത്ര തന്നെ ശ്രമിച്ചിട്ടും ചോദിച്ചിട്ടും എനിക്കത് കണ്ടെത്താനായില്ല. ഒരിക്കലും അത്തരം ദിവസങ്ങളിൽ ആ തലയിണയൊന്നു തൊടാൻ പോലും അമ്മ എന്നെ അനുവദിക്കുമായിരുന്നില്ല. പക്ഷേ ഒരു ദിവസം ഞാനത് കണ്ടെത്തി. ഒരു രാത്രിയിലാണത്. ഞാൻ നന്നായി ഉറക്കം പിടിച്ചിരുന്നു. ആരുടെയോ തേങ്ങി തേങ്ങിയുള്ള കരച്ചിൽ കേട്ടാണ് ഞാനുണർന്നത്. ഞാൻ ശബ്ദിച്ചില്ല. അപ്പോൾ തന്നെ എനിക്കു മനസിലായി മറ്റാരിൽ നിന്നുമല്ല, എനിക്കരുകിൽ കിടക്കുന്ന അമ്മയിൽ നിന്നാണതെന്ന്. അപ്പോൾ മാത്രമാണ് ഞാനത് കണ്ടത്. എന്റെ അമ്മ തലയിണയിൽ മുഖമമർത്തി കരയുകയായിരുന്നു. കരച്ചിൽ പുറത്തു കേൾക്കാതിരിക്കാനായി അമ്മ നന്നെ പാടുപെടുന്നുണ്ടായിരുന്നു.
കനത്ത ഇരുളിലും തലയിണയിൽ മുഖം പൂഴ്ത്തി കരയുന്ന അമ്മയെ അവനു കാണാമായിരുന്നു. അതിന് ഒരു വെളിച്ചത്തിന്റെയും സഹായം ആവശ്യമില്ലായിരുന്നു. അതിനൊരിക്കലും ആ ഇരുൾ ഒരു തടസവുമായിരുന്നില്ല. പിന്നീടുള്ള മിക്ക രാത്രികളിലും ആരുമറിയാതെയെന്നവണ്ണം അമ്മ എങ്ങനെ ആ തലയിണ ഉപയോഗിച്ചിരുന്നുവെന്ന് ഇരുളിൽ നിറഞ്ഞ കണ്ണുകളോട അവൻ നോക്കിയിരുന്നു. എന്തിനാണമ്മ കരയുന്നതെന്ന് അവൻ ചോദിക്കുകയോ, മനസിലാക്കുകയോ ഉണ്ടായില്ല അന്നൊന്നും. അയാൾ തലയിണയെടുത്ത് അവൾക്കു നേരെ കാണിച്ചു.
''ഈ തലയിണയിൽ ഒന്നു പിടിച്ചു നോക്കൂ. ഇതൊന്നു മണത്തു നോക്കൂ. എപ്പോഴും ഇത് മഞ്ഞുപോലെ തണുത്തിരിക്കും. എപ്പോഴുമിതിന് ഉപ്പിന്റെ ഗന്ധവും രസവുമുണ്ടായിരിക്കും. ഇതെന്റെ അമ്മയുടേതാണ്.""
അവൾ അപ്രകാരം ചെയ്തു. മഞ്ഞുപോലെ നിർമ്മലവും തണുത്തുറഞ്ഞതുമായ അതിൽ അവളുടെ ചുണ്ടുകൾ ഉപ്പുരസമറിഞ്ഞു. ഇരുളിൽ മുഖം ചേർത്തു കരഞ്ഞിരുന്ന ഒരമ്മയെ അവളതിലൂടെ കാണാൻ ശ്രമിച്ചു.
''അവസാന സമയത്ത് അമ്മയിൽ നിന്ന് ഞാനാവശ്യപ്പെട്ടതും അവരെനിക്കു തരാനിഷ്ടപ്പെട്ടതും ഇതു മാത്രമായിരുന്നു. എനിക്കു കിട്ടിയ ഏറ്റവും വലിയ സ്വത്തും ഇതാകുന്നു.""
സംസാരിച്ചു സംസാരിച്ചു അയാൾ ലൈറ്റണച്ചു. ആ ഇരുളിൽ ആ തലയിണയുമായി അയാൾ എന്തു ചെയ്യുന്നുവെന്ന് അവൾക്കപ്പോൾ കാണാൻ കഴിഞ്ഞില്ല. വിവാഹത്തിനു ശേഷം അവർ സ്റ്റേറ്റ്സിലുള്ള തങ്ങളുടെ ജോലി സ്ഥലത്തേക്ക് തിരികെ പോയി. തന്റെ തറവാട് അതിന്റെ പ്രൗഢിയിലും വിശുദ്ധിയിലും സൂക്ഷിക്കുന്നതിനായി അയാൾ വർഗീസേട്ടനെന്ന അപ്പന്റെ ചങ്ങാതിയെ ഏല്പിച്ചു. വർഗീസേട്ടൻ ഒരേ സമയം അയാൾക്ക് പിതൃസമാനനും വിശ്വസ്തനുമായിരുന്നു. ആറുമാസത്തിലൊരിക്കൽ അയാൾ തനിച്ചോ കുടുംബസമേതമോ തിരികെയെത്തി ഒരാഴ്ച അവിടെ തങ്ങാറുണ്ടായിരുന്നു. മതിരപ്പിള്ളിയിൽ നിന്ന് അമേരിക്കയിലേക്കുള്ള ആദ്യ യാത്ര മുതൽക്കേ ആ തലയിണ കവർ അയാൾക്കൊപ്പമുണ്ടായിരുന്നു. തലയിണ തികച്ചും ഭദ്രമായി വിശുദ്ധമായ ഒരു വസ്തുവെന്ന പോലെ അയാൾ അവിടെ ആ മുറിയിൽ നിലനിർത്തി.
ആ തവണ നാട്ടിലെത്തിയത് അയാൾ തനിച്ചായിരുന്നു. പെട്ടെന്നുള്ള ഒന്നായതിനാൽ ഭാര്യയെയോ തന്റെ മൂന്നു പെൺമക്കളെയോ കൂടെ കൂട്ടാൻ അയാൾക്കായില്ല. മതിരപ്പിള്ളിയിലുള്ള വീട്ടിൽ എത്തിയപാടെ തന്നെ കാത്ത് ആരോ വന്നിട്ടുണ്ടെന്ന് വർഗീസേട്ടൻ വന്നു പറഞ്ഞു. യാത്ര മൂലം അയാൾ വല്ലാതെ ക്ഷീണിതനായിരുന്നു. മുറി തുറന്ന് കട്ടിലും തലയിണയും നോക്കിക്കൊണ്ടു നില്ക്കുകയായിരുന്നു അയാൾ. ആ നേരത്താണ് വർഗീസേട്ടനതു പറയുന്നത്. ആരായാലും കുറച്ചു കഴിഞ്ഞു വരാൻ പറഞ്ഞ് അയാൾ തിരിഞ്ഞു. അല്പം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ വർഗീസേട്ടൻ പഴയ പടി നില്ക്കുന്നുണ്ടായിരുന്നു. അയാൾ ചോദ്യരൂപേണ നോക്കി.
''മൂന്ന് കൊച്ചു പെൺകുട്ടികളാണ്.....""
പെൺകുഞ്ഞുങ്ങളുടെ കാര്യത്തിലുളള അയാളുടെ ശ്രദ്ധയെക്കുറിച്ച് വർഗീസേട്ടന് നന്നായറിയാമായിരുന്നു. എത്ര തന്നെ ക്ഷീണിതനാണെങ്കിലും അതയാൾ പിന്നേക്ക് വെക്കുമായിരുന്നില്ല. തലയിണയും കവറും അവിടെ വെച്ച് യാന്ത്രികമായെന്ന വണ്ണം അയാൾ തിരഞ്ഞു നടന്നു.
സിറ്റിംഗ് റൂമിലെ സെറ്റിയിൽ ഇരിക്കാതെ മൂന്നു കൊച്ചുപെൺകുട്ടികൾ തികച്ചും അന്യരായി നില്ക്കുന്നത് അയാൾ കണ്ടു. അകലെ നിന്നു കണ്ടപ്പോൾ തന്റെ കൊച്ചുങ്ങളാണോ എന്നു പോലും ഒരു നിമിഷം അയാൾ സംശയിച്ചു പോയി. അയാൾ സാവകാശം അവർക്കരികത്തേക്ക് നടന്നു. സ്ഥിരമായി ഉപയോഗിക്കുന്നതുമൂലം അവിടവിടെ പിന്നി തുടങ്ങിയ നരച്ചു നിറം മങ്ങിയ വസ്ത്രങ്ങളാണ് അവർ ധരിച്ചിരുന്നത്. അവരുടെ കാതിൽ പ്ലാസ്റ്റിക്കിന്റെ കമ്മലും കഴുത്തിൽ നിറംപോയി തുടങ്ങിയ മുക്കുമാലയുമായിരുന്നു ഉണ്ടായിരുന്നത്. അയാൾക്കു മുന്നിൽ നിവർന്നു നില്ക്കാനാവാതെ ചൂളി ചൂളി അല്പാല്പമായി തറയിലൂടെ കാലുകളുരച്ച് അവർ പിറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അയാൾ കയ്യുയർത്തി അവരെ തടഞ്ഞു. പിറകോട്ടു നടക്കരുതെന്നാണയാൾ അർത്ഥമാക്കുന്നതെന്ന് അവർക്കു മനസിലായി. അയാൾ സാവകാശം അവർക്കരുകിൽ മുട്ടു കുത്തിയിരുന്നു. അവരുടെ കണ്ണുകളിലേക്കയാൾ നോക്കി. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അത്തരത്തിലുള്ള കണ്ണുകൾ അയാൾ കാണുന്നത്. അയാൾക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അവരുടെ കണ്ണുകളെല്ലാം ഒന്നുപോലിരുന്നു. അവയുടെ ആഴങ്ങളിൽ നിന്ന് എന്തോ ഉറഞ്ഞുവരാൻ തുടങ്ങുന്നുണ്ടെന്നയാൾക്കു തോന്നി. തികച്ചും അനാഥരാക്കപ്പെട്ടതുപോലെയായിരുന്നു അവ. ഒരഭയ സ്ഥാനത്തിനായുള്ള വിഹ്വലത അവയിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു. അവ ഒന്നും ആവശ്യപ്പെടുന്നുണ്ടായിരുന്നില്ല. എന്നാൽ തീർച്ചയായും അവ എന്തൊക്കെയോ അർഹിക്കുന്നുണ്ടായിരുന്നു. അവയുടെ ആഴത്തിൽ ദുഃഖമുണ്ടെന്ന് ആർക്കും ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവുമായിരുന്നില്ല. എന്നാൽ ഒരിക്കലുമത് സന്തോഷമാണെന്ന് കണ്ടെത്താനും കഴിയുമായിരുന്നില്ല. അവരുടെ ജീവിതത്തെ കുറിക്കുന്ന സകലതും അതിലുണ്ടായിരുന്നു. അയാൾക്കത് വളരെ വേഗത്തിൽ വായിച്ചെടുക്കാൻ സാധിച്ചു. അല്ലെങ്കിൽ അയാൾക്കു മാത്രമേ അതിനു കഴിയുമായിരുന്നുള്ളൂ. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. ആ കണ്ണീരിൽ ആ ലോകം മുഴുവൻ ഉണ്ടെന്നയാൾക്കു തോന്നി. അവിടെയുള്ള സകല പെൺകുഞ്ഞുങ്ങളും തങ്ങളുടെ വിഹ്വലമായ കണ്ണുകളുമായി തനിക്കു നേരെ കയ്യുയർത്തുന്നത് അയാൾ കണ്ടു. അവയിൽ നിന്നെല്ലാം ധാരധാരയായി കണ്ണീരൊഴുകിക്കൊണ്ടിരുന്നു. ആദിയോ അന്തമോ ഇല്ലാതെ അവയങ്ങനെ പരന്നു കിടക്കുകയായിരുന്നു.
അയാൾ അവരെ മൂവരെയും തന്നിലേക്ക് ചേർത്തുപിടിച്ചു. തനിക്കുള്ളിൽ നിന്നെന്തോ പൊട്ടിവരാൻ തുടങ്ങുന്നുണ്ടെന്നയാൾ അറിഞ്ഞു. നെഞ്ചിൽ കനത്തൊരു ഭാരം കിടന്നു വിങ്ങുന്നതായി അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ അയാൾ എഴുന്നേറ്റ് തിരികെ നടന്നു. തന്റെ ഹൃദയം നുറുങ്ങി നുറുങ്ങി പുറത്തേയ്ക്കു വമിക്കുന്നതാരെങ്കിലും കാണാൻ അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല. അമ്മയുടെയും തന്റെയും മുറിയിൽ കയറി അയാൾ വാതിലടച്ചു. തലയിണയിൽ മുഖം അമർത്തി അയാൾ ഏങ്ങിയേങ്ങി കരഞ്ഞു.