പതിവുരുചികൾക്കപ്പുറം പുതുരുചികൾ അടുക്കളയിൽ നിന്നും കണ്ടെടുക്കാൻ രണ്ടേ രണ്ടു കാര്യങ്ങളേ വേണ്ടൂ, ഒരൽപ്പം മനസും ക്ഷമയും...
തക്കാളിക്കറി
ചേരുവകൾ
തക്കാളി...................പത്തെണ്ണം
പച്ചമുളക്, സവാള.............രണ്ടെണ്ണം വീതം
ചുരണ്ടിയ തേങ്ങ........ഒരുകപ്പ്
കടുക്, എണ്ണ...............ഒരുടീ.സ്പൂൺ വീതം
കറിവേപ്പില............കുറച്ച്
ഉപ്പ്......................പാകത്തിന്
തയ്യാറാക്കുന്നവിധം
ഒരുകപ്പ് വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് തക്കാളി അതിലിട്ട് തിളപ്പിക്കുക. അഞ്ചുമിനിട്ടിന് ശേഷം വാങ്ങുക. ആറിയതിനുശേഷം തക്കാളിയുടെ തൊലി കളയുക. പച്ചമുളക്, തേങ്ങ, സവാള എന്നിവ ഒരുമിച്ച് അരക്കുക. ഇതിൽ തക്കാളി ചേർക്കുക. അഞ്ചുമിനിട്ട് ഇത് ചൂടാക്കുക. ഇതിൽ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർക്കുക. തിളപ്പിക്കുക. അല്പം എണ്ണയിൽ കടുകും കറിവേപ്പിലയും ഇട്ട് വറുത്ത് കടുക് പൊട്ടുമ്പോൾ കറി ഇതിലേക്ക് പകർന്ന് ഉടൻ വാങ്ങുക.
പാലക് മേത്തി ഷാമൻ
ചേരുവകൾ
പാലക് ചീര...............250 ഗ്രാം
ഉലുവയില..................125 ഗ്രാം
പൊട്ടറ്റൊ ഫിംഗേഴ്സ് (ഉരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞ് വറുത്തത്)............... 200 ഗ്രാം
പനീർ ക്യൂബുകൾ...............150 ഗ്രാം
എണ്ണ...............4 ടേ.സ്പൂൺ
പുളിയുള്ള മോര്...........ഒരു കപ്പ്
ഉപ്പ്........................പാകത്തിന്
മഞ്ഞൾപ്പൊടി, മുളകുപൊടി,
ഗരംമസാലപ്പൊടി...............1 ടീ.സ്പൂൺ വീതം
മല്ലിപ്പൊടി.............1 ടേ.സ്പൂൺ
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി പനീർ ക്യൂബുകളിട്ട് ബ്രൗൺ നിറത്തിൽ വറുത്തു കോരുക. ഉരുളക്കിഴങ്ങും ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം. ഇതേ പാനിൽ തന്നെ പാലക് ചീരയും ഉലുവയിലയും കൂടി അരച്ചത് ചേർത്ത്, എണ്ണ തെളിയും വരെ വഴറ്റുക. അരക്കപ്പ് മോര്, ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉരുളക്കിഴങ്ങ് വറുത്തത്, പനീർ വറുത്തത് എന്നിവ ചേർത്ത് ചെറുതീയിൽ വേവിക്കുക. വറുത്ത ഉരുളക്കിഴങ്ങ് കഷണങ്ങൾ മയമാകുമ്പോൾ ബാക്കിയുള്ള മോര് ചേർക്കുക. മുകളിൽ എണ്ണ തെളിയുമ്പോൾ വാങ്ങുക.
പാലക് ചെറുപയർ കറി
ചേരുവകൾ
പാലക് ചീര കഴുകി
അരിഞ്ഞത്............6 കപ്പ്
ചെറുപയറ് പരിപ്പ്...........അരക്കപ്പ്
സവാള..............രണ്ടെണ്ണം
മഞ്ഞൾപ്പൊടി............കാൽ ടീ.സ്പൂൺ
പച്ചമുളക്......ആറെണ്ണം
തക്കാളി..........ഒരെണ്ണം
ഉഴുന്ന്, കടുക്........അര ടീ.സ്പൂൺ വീതം
പുളി.....ഒരു ചെറു ഉരുള
ഉണക്കമുളക്................ഒരെണ്ണം
എണ്ണ.................2 ടേ.സ്പൂൺ
ഉപ്പ്...........................പാകത്തിന്
തയ്യാറാക്കുന്നവിധം
പാലക് ചീര കഴുകി ചെറുതായി അരിയുക. എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. ഇതിൽ കടുക്, ഉഴുന്ന്, ഉണക്കമുളക് എന്നിവയിട്ട് വറുക്കുക. പച്ചമുളകും സവാളയും ചെറുതായരിഞ്ഞ് ഇതിൽ ചേർക്കുക. പൊൻനിറമാകും വരെ വറുക്കുക. ചെറുപയർ പരിപ്പ് വേവിച്ച് ഇതിൽ ചേർക്കുക. തക്കാളി ചെറുതായി അരിഞ്ഞതും ഉപ്പും മഞ്ഞളും ചേർക്കുക. അഞ്ചു മിനിട്ട് തിളപ്പിച്ചശേഷം വാങ്ങുക. നല്ല പേസ്റ്റ് പരുവത്തിലാക്കുക. ചോറിനൊപ്പവും ചപ്പാത്തിയുടെ കൂടെയും ഒക്കെ വിളമ്പാം.