തൊണ്ടൻ മുളക്, സാമ്പാർ മുളക് അങ്ങനെ പേരുകൾ പലതാണെങ്കിലും അടുക്കളയിൽ ഈ മുളകിനുള്ള സ്ഥാനം വളരെ വലുതാണ്. പേര് പോലെ തന്നെ സാമ്പാറിന് രുചി കൂട്ടാൻ ഇവൻ തന്നെ വേണം മലയാളിക്ക്. ഒരല്പം ശ്രദ്ധ കൊടുത്താൽ വീട്ടിലെ ഒറ്റ ചെടിയിൽ നിന്ന് തന്നെ നല്ല വിളവെടുക്കാവുന്നതാണ്. തോടിന് കട്ടി കൂടിയ ഇവയ്ക്ക് എരിവ് അത്രയുണ്ടായിരിക്കില്ല. നന്നായി പഴുത്ത മുളകിൽ നിന്ന് വേണം വിത്തുകൾ ശേഖരിക്കാൻ. വിത്തെടുത്തു കഴിഞ്ഞാൽ അതൊരു കിഴി കെട്ടി വെള്ളത്തിൽ മുക്കി വയ്ക്കാം. കഴുകി വൃത്തിയാക്കിയ വിത്ത് അൽപ്പം ചാരം ചേർത്ത് ഇളക്കണം. തുടർന്ന് അവ തണലിൽ ഉണങ്ങാൻ വയ്ക്കണം. രണ്ടോ മൂന്നോ ദിവസത്തെ ഉണക്കിനുശേഷം വിത്ത് വിതയ്ക്കാം. ഇനി ഇവയെ തറയിലോ ഗ്രോബാഗിലോ നടാം. ഇവയ്ക്ക് നിത്യേന വെള്ളം തളിച്ചു കൊടുക്കണം. മുളച്ച് മൂന്ന് നാലാഴ്ചയാകുമ്പോൾ തൈകൾ പറിച്ചു നടാറാകും. തൈകൾ പറിച്ചുനടാൻ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി നനച്ചു പാകപ്പെടുത്തിയെടുക്കുക. നന്നായി നനച്ചതിനു ശേഷം മാറ്റി നടാനായി തൈകൾ പിഴുതെടുക്കുക. പറിച്ചുനട്ട തൈകൾക്ക് മൂന്നുനാല് ദിവസം തണൽ നൽകണം. പത്തു ദിവസത്തിനു ശേഷം കാലിവളം, എല്ലുപൊടി എന്നിവ നൽകാം. പിന്നീട് ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേർത്ത് വളമായി നൽകണം. കടലപ്പിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് നൽകുന്നതും നല്ലതാണ്. ഇലപ്പേൻ രൂപത്തിലുള്ള ഒരു കീടം ഇലകൾക്കിടയിൽ വന്നുനിറയുന്നതാണ് ഇവയെ ബാധിക്കുന്ന പ്രധാന കീടബാധ. ഇതിനു പരിഹാരമായി വേപ്പെണ്ണ (10 ലിറ്റർ വെള്ളത്തിൽ 100 മില്ലി) നേർപ്പിച്ച് തളിക്കുകയോ ഗോമൂത്രം തളിക്കുകയോ ചെയ്താൽ മതി. മുളകിന്റെ ഇലകൾ ചുരുണ്ട് വളർച്ച മുരടിക്കുന്നതും ഒരു രോഗമാണ്. ചുരുണ്ടു നിൽക്കുന്ന ഭാഗങ്ങൾ മുറിച്ചുമാറ്റി കട്ടിയായ തണുപ്പിച്ച കഞ്ഞിവെള്ളം തളിച്ചുകൊടുത്താൽ ഇല ചുരുളൽ പൂർണമായും മാറിക്കിട്ടും. കഞ്ഞിവെള്ളം മുളകിന്റെ ചുവട്ടിൽ തുടർച്ചയായി ഒരാഴ്ച ഒഴിച്ചുകൊടുക്കുന്നത് മുളകിന്റെ വളർച്ച ത്വരിതപ്പെടുത്താനും ഇടയാക്കും.