goons

തിരുവനന്തപുരം : കണ്ണമ്മൂല വിഷ്ണു കൊലപാതകത്തിന് പകരം വീട്ടാൻ ഗുണ്ടാസംഘങ്ങൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച ഫോൺ കോൾ പുറത്തുവന്നതോടെയാണ് ഗുണ്ടാസംഘങ്ങൾ കുടിപ്പക തീർക്കാൻ തയാറെടുക്കുന്നതായി സൂചന ലഭിച്ചിരിക്കുന്നത്. സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ഗുണ്ടാ സംഘാംഗങ്ങൾ ഒരു കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഒത്തുചേർന്നത് ആക്രമണത്തിനായുള്ള ഗൂഢാലോചനയ്ക്കായാണ് എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നിനാണ് ഓം പ്രകാശ്, പുത്തൻപാലം രാജേഷ് തുടങ്ങി 12 ക്രിമിനൽ കേസ് പ്രതികൾ ഒരു കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഒത്തുചേർന്നത്. 2015ൽ കണ്ണമ്മൂലയിൽ നടന്ന സുനിൽ ബാബു കൊലപാതക്കേസിലെ പ്രതികളായി അരുൺ, അനീഷ്, കിച്ചു എന്നിവരും പരോളിലിറങ്ങി ഈ ഒത്തുചേരലിൽ പങ്കെടുത്തിരുന്നു.

ഇവരിൽ ഒരാളുടെ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തായത്. സുനിൽ ബാബു വധത്തിന് പിന്നാലെയാണ് ഇവരുടെ സംഘത്തിലെ അംഗമായ വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണു കൊലക്കേസിലെ പ്രതിയായ അരുണിനെ ആക്രമിക്കുന്നത് സംബന്ധിച്ചാണ് ഫോൺ സംഭാഷണം. പരോളിൽ ഇറങ്ങുന്നതിന് മുമ്പ് ജയിലിൽ നിന്നും നടത്തിയ ഫോൺ സംഭാഷണമാണിത്. ഫോൺ സംഭാഷണത്തിന് ശേഷമാണ് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഒത്തുകൂടിയത്. ആക്രമണം നടത്താനുള്ള ഗൂഢാലോചനയ്ക്കായാണ് സംഘം ഒത്തുകൂടിയതെന്നാണ് സംശയിക്കുന്നത്. എന്നാൽ കോൺഗ്രസ് നേതാവ് ഇക്കാര്യം നിഷേധിച്ചിരുന്നു.

സെപ്റ്റംബർ ഒന്നിന് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നടന്ന ഗുണ്ടകളുടെ ഒത്തുചേരലിൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് നിർണായകമായ ഫോൺ സംഭാഷണം പുറത്തുവരുന്നത്.