ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുന്നതിനുളള നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. വിദേശ ഫണ്ട് സ്വീകരിക്കുന്നതിനായി സ്വകാര്യ സംഘടനകൾക്ക് ആധാർ നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട ബില്ലാണ് പാർലമെന്റ് പാസാക്കിയത്.
ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിൽ (എഫ്.സി.ആർ.എ) ഭേദഗതി വരുത്തിയതോടെ സ്വകാര്യ സന്നദ്ധ സംഘടനകൾക്ക് ഇനി മുതൽ വിദേശ രാജ്യങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കണമെങ്കിൽ ആധാർ നിർബന്ധമാണ്. രാജ്യസഭ നേരത്തെ പാസാക്കിയ ബിൽ ഇന്ന് ലോക്സഭ പാസാക്കുകയായിരുന്നു. നിയമഭേദഗതിയിലൂടെ വിദേശ ഫണ്ടിന്റെ ദുരുപയോഗം തടയാന്‍ കഴിയും. പല സംഘടനകളും വിദേശ ഫണ്ട് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രം നിയമത്തിൽ ഭേദഗതിവരുത്തിയത്. പണം സ്വീകരിക്കുന്ന സംഘടനയുടെ എല്ലാ ഭാരവാഹികൾക്കും ആധാർ നിർബന്ധമാക്കാനാണ് ബില്ലിൽ പറയുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വിദേശ ഫണ്ടിന്റെ വാർഷിക വരവ് ഇരട്ടിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സംഭാവന സ്വീകരിക്കുന്ന പല സംഘടനകളും രജിസ്റ്റർ ചെയ്തതോ അനുമതി നൽകിയ ആവശ്യത്തിനായോ ഈ പണം ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് സർക്കാർ നടപടി.