നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തെ 'സത്യാനന്തര യുഗം' എന്നാണ് രാഷ്ട്രീയ നിരീക്ഷകരും തത്വചിന്തകരും വിലയിരുത്തുന്നത്. ലോകരാജ്യങ്ങളിൽ തീവ്ര വലതുപക്ഷ സ്വഭാവമുള്ള സർക്കാരുകൾ അധികാരത്തിലേറുന്നതും 'ഇതര വസ്തുതകൾ'ക്ക്(ആൾട്ടർനേറ്റീവ് ഫാക്ട്സ്) ജനങ്ങൾക്കിടയിൽ സ്വാധീനം വർദ്ധിക്കുന്നതും ഇക്കാരണം കൊണ്ടാണെന്നാണ് ഇവർ വിലയിരുത്തുന്നത്. തീർത്തും അടിസ്ഥാനരഹിതമായ പല ചിന്താഗതികൾക്കും, സിദ്ധാന്തങ്ങൾക്കും ഈ 'പോസ്റ്റ് ട്രൂത്ത്' യുഗത്തിൽ അവ ഒരിക്കലും അർഹിക്കാത്ത പ്രചാരണം ലഭിക്കുന്നു.
ചെളിയിൽ ശരീരത്തിൽ പുരട്ടികൊണ്ട് ശംഖൂതിയാൽ കൊവിഡ് രോഗം ഭേദമാകുമെന്നും 5ജി ടവറുകൾക്ക് കൊവിഡ് രോഗവുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള കൃത്രിമ വസ്തുതകൾ വ്യാപകമായി പുറത്തുവരുന്നതും പ്രചരിപ്പിക്കപ്പെടുന്നതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായി ചിന്തകർ വിലയിരുത്തുന്നു.
വലിയൊരു വിഭാഗം ആൾക്കാർ ഈ പ്രചാരണങ്ങളിൽ വീണുപോകുന്നതും അവയിൽ വിശ്വസിക്കുന്നതും അങ്ങേയറ്റം അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുക. പ്രചാരണങ്ങൾക്ക് വർഗീയ, വംശീയ മാനങ്ങൾ കൈവരുന്നതും അതുമൂലമുള്ള അപകടത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു.
ഇത്തരത്തിൽ, കൊവിഡ് രോഗം സംബന്ധിച്ചുള്ള 'ഇതര വസ്തുതകളു'ടെ പട്ടികയിലേക്ക് അടുത്ത കാലത്തായി എഴുതി ചേർക്കപ്പെട്ടത് മൈക്രോസോഫ്റ്റ് സ്ഥാപനകനായ ബിൽ ഗേറ്റ്സിനെ കുറിച്ചുള്ള ഒരു ഗൂഢാലോചനാ സിദ്ധാന്തമാണ്. ബിൽ ഗേറ്റ്സും അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമാണ് കൊവിഡ് രോഗ വൈറസായ 'സാർസ് കോവ് 2'വിനെ ലോകത്തെ മനുഷ്യരുടെ മേലേക്ക് തുറന്നുവിട്ടതെന്നും അവരെ മഹാരോഗത്തിന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുത്തതെന്നുമാണ് ഈ കപട സിദ്ധാന്തം ആരോപിക്കുന്നത്.
ലോകത്തിലെ 15 ശതമാനം ജനങ്ങളെയും 'വാക്സിനേഷൻ വഴിയും ഇലക്ട്രോണിക് മൈക്രോ ചിപ്പുകൾ' ഇല്ലാതാക്കാനാണ് ബിൽ ഗേറ്റ്സ് ശ്രമിക്കുന്നതെന്ന് ഇവർ പറയുന്നു. എന്നാൽ എന്തിന് അദ്ദേഹമത് ചെയ്യണം എന്നതിന് കൃത്യമായ മറുപടികൾ ഇവർ നൽകുന്നില്ല. ഈ സിദ്ധാന്തം അവതരിപ്പിച്ചുകൊണ്ട് ഇത്തരക്കാർ യൂട്യൂബ് വഴി പുറത്തിറക്കിയ ഒരു വീഡിയോ കോടിക്കണക്കിന് പേർ കണ്ടതും ആശങ്കയേറ്റുന്ന കാര്യമാണ്.
2015ൽ നടത്തിയ ഒരു 'ടെഡ് ടോക്കി'ലൂടെ, അടുത്ത് തന്നെ ഒരു മഹാമാരിയുണ്ടാകുമെന്ന് ബിൽ ഗേറ്റ്സ് പ്രവചിച്ചതും കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി അദ്ദേഹം മുൻപോട്ട് പോകുന്നതുമാണ് ഇതിനുള്ള കാരണമായി അമേരിക്കയിലെ അനവധി ഗൂഢാലോചനാ സിദ്ധാന്തക്കാർ ചൂണ്ടിക്കാട്ടുന്നത്. ചൈനയിലെ വുഹാനിലെ ഒരു 'വെറ്റ് മാർക്കറ്റി'ൽ നിന്നുമാണ് കൊവിഡ് രോഗം പടർന്നതെന്ന് തെളിഞ്ഞിട്ടുള സാഹചര്യത്തിലാണ് ഇത്തരക്കാർ ഇങ്ങനെ തെറ്റിദ്ധാരണ പരത്തുന്നത്.കൊവിഡ് രോഗാണുവിനെ മനുഷ്യൻ സൃഷ്ടിച്ചതാണെന്ന വാദത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല.
താൻ ഇത്തരം ആരോപണങ്ങളെ ചിരിച്ച് തള്ളുകയാണെന്ന് പ്രതികരിച്ച ബിൽ ഗേറ്റ്സ് പക്ഷെ, ഇത്തരം അസത്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിൽ ആശങ്കയും പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയയുടെ ദോഷകരമായ വശങ്ങളിൽ ഒന്ന് ഇതാണെന്നും ഇത്തരം പ്രചാരണങ്ങൾ കാരണം രോഗവ്യാപനം വർദ്ധിക്കാനാണ് സാദ്ധ്യതയെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, കൊവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി പിന്തുടരുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കാനും ഇത്തരക്കാരുടെ പ്രചാരണം കാരണമാകുമെന്നും അദ്ദേഹം പറയുന്നു.