ഏഴുപേർ ഒഴുകിപ്പോയത് മൂന്ന് കീലോമീറ്റർ ദൂരം
അടിമാലി: പുഴ മുറിച്ച് കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് ഒഴിക്കിൽപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള ഒൻപതംഗ സംഘത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി.
കുറത്തിക്കുടി ആദിവാസി സങ്കേതത്തിന് സമീപം കുന്ത്രപ്പുഴയിലെ ഉരുളിവാഴനിലാണ് ചങ്ങാടം ഇന്നലെ ഉച്ചയോടെ അപകടത്തിൽപ്പെട്ടത്.വനവിഭവങ്ങൾ ശേഖരിക്കാൻ പോയി മടങ്ങിയ മൂന്ന് കുടുംബങ്ങളിലെ ആറ് മുതിർന്നവരും മൂന്ന് കുട്ടികളും ഉൾപ്പെടെ ഒമ്പത് ആദിവാസികളാണ് ചങ്ങാടത്തിൽ ഉണ്ടായിരുന്നത്.
പുഴയ്ക്ക് കുറുകെ കെട്ടിയിരുന്ന കയർപ്പൊട്ടി ചങ്ങാടം ഒഴുക്കിൽപ്പെട്ടു.കുത്തൊഴുക്കിൽ മുള കൊണ്ടുള്ള ചങ്ങാടത്തിൽ നിന്നും ശശി(52), ഭാര്യ കുമാരി (48)എന്നിവർപുഴയിൽ വീണു. ശേഷിക്കുന്നവർ അപകടത്തിൽപ്പെട്ട ചങ്ങാടത്തിൽ മൂന്ന് കീലോമീറ്റർ ദൂരം ഒഴുകിപ്പോയിരുന്നു .ശിവാനന്ദൻ (35) ഭാര്യ ശിവാനി (30), മകൾ അനുമോൾ (8), അനന്ദു (8) ശിവൻ (35), ഭാര്യ ഓമന (30) മകൻ ശിവഗംഗ (3) എന്നിവരാണ് ചങ്ങാടത്തിലുണ്ടായിരുന്നത്. നീന്തൽ വശമുള്ള ശശി കഠിന ശ്രമത്തിനൊടുവിൽ ഭാര്യയെ കരയ്ക്കെത്തിച്ചു. ഒഴുകിപ്പോകുന്ന ചങ്ങാടത്തിലെ കുട്ടികൾ ഉൾപ്പടെയുള്ളവരുടെ നിലവിളി കേട്ട പരിസരവാസിയായ യുവാവ് സാഹസികമായി പുഴയിൽച്ചാടി ചങ്ങാടം കരയ്ക്ക് അടിപ്പിക്കുകയായിരുന്നു ..കുതിച്ചൊഴുകുന്ന പുഴയ്ക്കു നടുവിൽ നിന്ന് തിരികെ ജീവിതത്തിലേക്കെത്തിയതിന്റെ ആശ്വാസത്തിലാണ് രക്ഷപ്പെട്ടവർ.
അതേസമയം, ഒൻപതംഗ സംഘം ഒഴുക്കിൽപ്പെട്ട വിവരം സമീപപ്രദേശങ്ങളിൽ പരിഭ്രാന്തി പരത്തി.മാങ്കുളത്തുനിന്നുൾപ്പെടെ ആളുകളും അടിമാലിയിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റും പൊലീസ് സേനാംഗങ്ങളും കുറത്തിയിലേക്ക് തിരിച്ചിരുന്നു.