dubai-party

ദുബായ്‌: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വീട്ടിൽ പാർട്ടി നടത്തിയ പ്രവാസി യുവതിയുടെ മേൽ 10,000 രൂപ പിഴ ചുമത്തി ദുബായ് പൊലീസ്. യുവതിക്ക് മാത്രമല്ല, പാർട്ടിയിൽ പങ്കെടുത്ത അതിഥികൾക്കും സംഗീത ബാൻഡിലെ ഓരോ അംഗത്തിന് വീതവും പൊലീസ് 5000 ദിർഹം പിഴ ശിക്ഷ നൽകിയിട്ടുണ്ട്.

2020ലെ പ്രമേയം 38 പ്രകാരം, യു.എ.ഇ അറ്റോർണി ജനറൽ അനുശാസിക്കുന്ന സാമൂഹിക അകലം പാലിക്കുക, ഫേസ് മാസ്കുകൾ ധരിക്കുക തുടങ്ങിയ കൊവിഡ് പ്രതിരോധ മാർഗങ്ങൾ ഇവർ പാലിച്ചില്ലെന്ന് കാട്ടിയാണ് പിഴ ചുമത്തിയെതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.

ഇത്തരത്തിൽ കൊവിഡ് മാനദണ്ഡങ്ങൾപാലിക്കാതെ ആഘോഷ പരിപാടികളോ, സമ്മേളങ്ങളോ മറ്റുമോ നടത്തുന്നവർക്ക് മേൽ 10,000 ദിർഹം പിഴയായി ചുമത്തുമെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ടമെന്റ് ഒഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടറായ ബ്രിഗേഡിയർ ജമാൽ സലാം അൽ ജല്ലാഫ് പറഞ്ഞു.

ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും അത് പാലിക്കാത്തവരെ കുറിച്ച് ദുബായ് പൊലീസിന്റെ ആപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ മാർഗങ്ങൾ വഴി വിവരമറിയിക്കേണ്ടതാണെന്നും ബ്രിഗേഡിയർ അൽ ജല്ലാഫ് വ്യക്തമാക്കി.