ഒരു മരത്തിന്റെ ഉണങ്ങിയ ചില്ലകളിൽ ഒരു കുരങ്ങ് തൂങ്ങിക്കിടക്കുന്നു. മറ്റൊരെണ്ണം എങ്ങുനിന്നോ ഓടിവന്നു അതിന്റെ വാലിൽ പിടിച്ചു തൂങ്ങി മുകളിലേക്ക് കയറുന്നു. ഒരു ഉഗ്രൻ സീൻ കാമറയിലേക്ക് കയറി വന്ന വിശേഷങ്ങളുമായി പ്രശസ്ത ഫോട്ടോഗ്രാഫർ ദത്തൻ പുനലൂർ...
ഡാർക്ക് റൂമിൽ നിന്നും ഫോട്ടോഗ്രഫി ലൈറ്റ് റൂമിന്റെ വെളിച്ചത്തിലേക്ക് കടന്നപ്പോൾ കാര്യങ്ങൾ ആകെ മാറി. അതോടെ ഫോട്ടോകൾ എല്ലാവർക്കുമെടുക്കാനും അയയ്ക്കാനും ഷെയർ ചെയ്യാനുമുള്ള സൗകര്യങ്ങൾ കൂടി ലഭ്യമായി. സംഗതി കൂടുതൽ ലളിതമായതോടെ ന്യൂജൻ തലമുറ ഈ മേഖലയിലേക്ക് വളരെയധികം ആകർഷിക്കപ്പെട്ടു. ധാരാളം ഫോട്ടോഗ്രാഫർമാർ ഇന്ന് ഈ രംഗത്തുണ്ട്. ഫോട്ടോഗ്രഫിയിൽ വൈൽഡ് ലൈഫ് , വെഡിംഗ് ആക്ഷൻ, സ്പോർട്സ് എന്നിങ്ങനെ പല ശാഖകളുണ്ടെങ്കിലും അതിൽ കൂടുതൽ പേരും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്ന് സ്വയം അഭിമാനിക്കാനാണ് ഇഷ്ടപ്പെടുന്നത്.
നല്ല ഫോട്ടോകൾ കിട്ടുന്നത് ഭാഗ്യമാണ്. എന്നാൽ അതിന് കുറേ ഹോംവർക്കുകൾ ചെയ്യേണ്ടിവരും. ഓടിപ്പോയി കാട്ടിൽ നിന്നും ഒരു നല്ല വൈൽഡ് ലൈഫ് ചിത്രം എടുത്തുവരാം എന്നാർക്കും ഉറപ്പുപറയാൻ കഴിയില്ല. എങ്കിലും അന്വേഷിക്കുവിൻ കണ്ടെത്തും എന്ന വാക്യം പ്രസക്തമാണ്. വളരെ നേരത്തെ അല്ലെങ്കിൽ വളരെ നാളത്തെ കാത്തിരിപ്പിനും ശ്രമത്തിനും ശേഷമായിരിക്കും ഒരു നല്ല ഫ്രെയിം കിട്ടുക. അതിനുള്ള ക്ഷമയും മാനസികമായ പക്വതയും ഉണ്ടായിരിക്കണം. ആയിരക്കണക്കിന് ഫ്രെയിമുകൾ വെറുതെ അടിച്ചുകളഞ്ഞ് അതിൽ നിന്നും നല്ല ഒരെണ്ണം തിരഞ്ഞെടുക്കുകയല്ല വേണ്ടത്, ഒരു സംഭവമോ മുഹൂർത്തമോ കണ്ടാലുടൻ പ്രതികരിക്കാനുള്ള ശേഷിയാണ് ഫോട്ടോഗ്രാഫർക്ക് ആവശ്യം വേണ്ടത്.
നമ്മുടെ ചില സിനിമ തമാശ സീനുകളിലെ ഡയലോഗുകളിൽ പറയാറുണ്ട് 'മേളിൽ നമുക്ക് ഒരു പിടിയുള്ളതു നല്ലതാണ്" എന്ന്. ഉദ്യോഗസ്ഥതലത്തിലും ഭരണം കൈയാളുന്ന കക്ഷിരാഷ്ട്രീയത്തിലെ ഉന്നതരെ ഉദ്ദേശിച്ചുമൊക്കെയാണ് ഇത് പറയാറുള്ളത്. അതായത് ഉന്നതങ്ങളിൽ പരിചയക്കാരോ അറിയുന്നവരോ ഉണ്ടെങ്കിൽ എന്തെങ്കിലും ആവശ്യങ്ങൾ വേഗം സാധിച്ചെടുക്കാമെന്ന് ചുരുക്കം. മുകളിൽ ഒരു പിടുത്തമുണ്ടെങ്കിലും ഇവിടെ സംഗതി അതല്ല. ഒരു ഒഴിവു ദിവസം അസിസ്റ്റന്റുമൊത്ത് പക്ഷികളുടെ ഫോട്ടോകളെടുക്കാമെന്ന ചിന്തയോടെ വനത്തിനുള്ളിലേക്കു നടക്കുമ്പോൾ മരച്ചില്ലകളിൽ ഒരുകൂട്ടം കുരങ്ങുകളുടെ ബഹളം കണ്ടു. മരങ്ങളിൽ നിന്ന് മരങ്ങളിലേക്കും വള്ളികളിലേക്കും ചാടി മറിയുന്ന വാനരസേന. കുറേകൂടി മുന്നോട്ടുപോകുമ്പോൾ രസകരമായ ഒരു കാഴ്ച കണ്ടു. ഒരു മരത്തിന്റെ ഉണങ്ങിയ ചില്ലകളിൽ ഒരു കുരങ്ങ് തൂങ്ങിക്കിടക്കുന്നു. മറ്റൊരെണ്ണം എങ്ങുനിന്നോ ഓടിവന്നു അതിന്റെ വാലിൽ പിടിച്ചു തൂങ്ങി മുകളിലേക്ക് കയറുന്നു. ഒരു ഉഗ്രൻ സീനായിരുന്നു അത്. കാണുമ്പോൾ തന്നെ അറിയാം ആ ചുള്ളിക്കമ്പ് അവരുടെ ഭാരം താങ്ങില്ലെന്ന്. ഏതായാലും വേഗം ക്ലിക്ക് ചെയ്തു കഴിഞ്ഞില്ല, അതാ മരക്കൊമ്പുമൊടിഞ്ഞു രണ്ടുംകൂടി താഴേക്കിടക്കുന്നു. ഒന്നും സംഭവിച്ചില്ലെന്നമട്ടിൽ അവ ഓടിപ്പോയി. മറ്റെന്തോ പടമെടുക്കുകയായിരുന്ന അസിസ്റ്റന്റ് ഈ കാഴ്ച കണ്ട് അല്പം ദൂരെ നിന്ന് കാമറയുമായി ഓടിവന്നപ്പോഴേക്കും ഷോ അവസാനിച്ചു കഴിഞ്ഞിരുന്നു.