nia


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ട് ഭീകരവാദികളെ അറസ്റ്റ് ചെയ്ത് എൻ.ഐ.എ. റിയാദില്‍ നിന്നും ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച രണ്ടുപേരാണ് അറസ്റ്റിലായത്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബും ഉത്തർപ്രദേശ് സ്വദേശി ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുൽനവാസുമാണ് പിടിയിലായിരിക്കുന്നത്. ലഷ്കർ ഇ തയ്ബ അംഗമായ ഗുല്‍നവാസ് ഡല്‍ഹി സ്ഫോടന കേസിലെ പ്രതിയാണ്.

ഇയാൾക്ക് ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്. ഷുഹൈബിന് ബംഗളുരു സ്ഫോടന കേസിൽ പങ്കുണ്ടെന്ന് എൻ.ഐ.എ പറയുന്നു. ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദീനുമായും ഷുഹൈബിന് ബന്ധമുണ്ട്. ഇന്ന് വൈകിട്ട് ആറര മണിക്കാണ് ഇവരെ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിച്ചത്. തുടർന്ന് അവിടെവച്ചുതന്നെ രണ്ട് മണിക്കൂർ നേരത്തോളം ഇവരെ ഏജൻസി ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തതായി വിവരമുണ്ട്. ഇരുവരെയും കൊച്ചിയിലെത്തിച്ച ശേഷം ഒരാളെ ഡൽഹിയിലേക്കും അടുത്തയാളെ ബംഗളൂരുവിലേക്കും കൊണ്ടുപോകും. എൻ.ഐ.എ ഏറെ നാളുകളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റാവാളികളാണ് ഗുൽനവാസും ഷുഹൈബും. അടുത്തിടെ ബംഗാളിൽ നിന്നും കൊച്ചിയിൽ നിന്നുമായി ഭീകരവാദ ബന്ധമുള്ള ഒൻപത് പേരെ എൻ.ഐ.എ പിടികൂടിയിരുന്നു.