terrorist

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്ത ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും.വർഷങ്ങളായി ഒളിവിലുള്ള ബംഗളൂരു സ്ഫോടനക്കേസ് പ്രതിയും, ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകനുമായ കണ്ണൂർ പാപ്പിനശേരി സ്വദേശി ഷുഹൈബ്, ലഷ്കർ ഇ തയ്ബയ്ക്ക് ഹവാലാ മാർഗത്തിൽ ഫണ്ടെത്തിക്കുന്ന ഉത്തർപ്രദേശ് സഹറൻപൂർ ദിയോബന്ദ് സ്വദേശി ഗുൽനവാസ് എന്നിവരെയാണ് എൻ.ഐ.എ പിടികൂടിയത്.

ഇരുവരെയും കൊച്ചി ഓഫീസിലെത്തിച്ച ശേഷം ബംഗളൂരുവിലേക്ക് കൊണ്ടുപോകും.ഇന്നലെ വൈകിട്ട് ആറേകാലിന് റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസിലെത്തിയ ഇരുവരെയും എൻ.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

തീവ്രവാദ കേസില്‍ ഹവാല വഴി പണം എത്തിച്ചത് ഷുഹൈബാണെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.ബംഗളൂരു സ്ഫോടന കേസിലെ മുപ്പത്തിരണ്ടാം പ്രതിയാണ് ഇയാൾ. ഇന്ത്യൻ മുജാഹിദ്ദീൻ നേതാവായിരുന്ന കണ്ണൂർ സ്വദേശി തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയും സംഘാംഗവുമാണ് ഷുഹൈബ്.