home

കോട്ടയം: കനത്ത മഴയില്‍ വീടിടിഞ്ഞതോടെ ദുരിതപ്പെയ്ത്തില്‍ കുടുങ്ങി ഒരു കുടുംബം. കൂലിപ്പണിക്കാരനായ പാക്കില്‍ പുത്തന്‍ പറമ്പില്‍ ഷിനോദും (40) മാനസികവെല്ലുവിളി നേരിടുന്ന അവിവാഹിതയുമായ ജ്യേഷ്ഠസഹോദരിയുമാണ് തകര്‍ന്നടിഞ്ഞ വീടിനുള്ളില്‍ പ്രാണന്‍ വാരിപ്പിടിച്ചു കഴിയുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് കാരമ്മൂട് പള്ളിയ്ക്കു കിഴക്കു വശത്തെ ഇവരുടെ വീട് നിലംപൊത്തിയത്. കനത്ത മഴ തുടരുകയാണെങ്കിലും ഇരുവരും ഈ വീട്ടില്‍ തന്നെയാണ് കഴിയുന്നത്. ബാക്കിയുള്ള ഭാഗവും ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. എന്നാല്‍, മാറിത്താമസിക്കാന്‍ ഇവര്‍ക്ക് മറ്റൊരു മാര്‍ഗമില്ല.വിവാഹിതനായ ഷിനോദിന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചു.

ഈ വീടും അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ ഭാര്യ ഉപേക്ഷിച്ചു പോവുകയും ചെയ്തു. ഇവര്‍ ഇത്രയും ദുരിതത്തില്‍ കഴിഞ്ഞിട്ടും പഞ്ചായത്തധികൃതര്‍ പോലും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.