covid-vaccine

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ രാജ്യത്തിന് പ്രതീക്ഷ നൽകി വാക്‌സിൻ പരീക്ഷണം മൂന്നാംഘട്ടത്തിലേക്ക് കടന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ട് അസ്ട്ര സെനക കമ്പനിയുമായി ചേർന്ന് നിർമ്മിക്കുന്ന 'കൊവിഷീൽഡ്' വാക്‌സിന്റെ പരീക്ഷണമാണ് പുന:രാരംഭിച്ചിരിക്കുന്നത്. നേരത്തെ ബ്രിട്ടനിലെ ക്ലിനിക്കൽ പരീക്ഷണത്തിനിടെ അജ്ഞാത രോഗലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലെ പരീക്ഷണവും താത്ക്കാലികമായി നിർത്തിവച്ചിരുന്നു.

പരീക്ഷണം വിജയമാകുന്നതോടെ രാജ്യത്ത് വാണിജ്യ ഉത്പ്പാദനം ആരംഭിക്കുന്ന ആദ്യത്തെ കൊവിഡ് വാക്സിൻ ആയി ഇത് മാറുമെന്നാണ് റിപ്പോർട്ട്. ഉത്പ്പാദന മുൻഗണന നൽകുന്ന ലൈസൻസും വാക്സിൻ പരീക്ഷണം 58 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള അനുമതിയും ലഭിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കൊവിഷീൽഡ് മൂന്നാംഘട്ട പരീക്ഷണം രണ്ട് ഘട്ടമായാണ് നടക്കുന്നത്. ആദ്യ ഡോസ് നൽകി 29 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് നൽകുന്നതാണ് ഈ രീതി. കൊവിഷീൽഡിന്റെ മൂന്നാംഘട്ട പരീക്ഷണം രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയും മുംബയും ഗുജറാത്തിലെ അഹമ്മദാബാദും ഉൾപ്പെടെയുളള കേന്ദ്രങ്ങളിലാണ് പരീക്ഷണം നടക്കുന്നത്. 1600 പേർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുക.

മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്സിൻ കുത്തിവച്ച വൊളണ്ടിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാൽ നിർത്തിവച്ച പരീക്ഷണം ബ്രിട്ടനിൽ ഒരാഴ്ച മുമ്പ് വീണ്ടും തുടങ്ങിയിരുന്നു. വൊളണ്ടിയർക്ക് ബാധിച്ച രോഗം വാക്സിന്റെ പാർശ്വഫലമാണെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ പരീക്ഷണം പുന:രാരംഭിക്കാൻ ബ്രിട്ടനിലെ മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിട്ടിയാണ് അൾട്രാ സെനകിന് അനുമതി നൽകിയത്. ഇതോടെയാണ് വാക്‌സിൻ പരീക്ഷണത്തിന് വീണ്ടും തുടക്കമാകുന്നത്.

ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം വിവിധ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്നും അസ്ട്ര സെനക മുൻകൂട്ടി അറിയിച്ചിരുന്നു. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നൽകിയിരുന്ന വിശദീകരണം.