farmer

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് കാർഷിക ബില്ലുകൾ രാജ്യസഭ പാസാക്കിയത്.കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും, ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകള്‍. പുതിയ കാർഷിക നിയമങ്ങൾ നിലവിലുള്ള സമ്പ്രദായത്തെ ബാധിക്കുമെന്ന് കർഷകർക്ക് ആശങ്കയുണ്ട്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവും നടക്കുന്നുണ്ട്. എന്നാൽ നിലവിലെ മാർക്കറ്റ് സമ്പ്രദായത്തിന് ഒരു മാറ്റവും വരില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി കഴിഞ്ഞു.

കൂടാതെ കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ആഗ്രഹിക്കുന്ന വിലയിൽ എവിടെയും വിൽക്കാൻ വഴി തുറക്കുകയും ചെയ്യും. കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പാര്‍ലമെന്റിന്റെ നടപടി ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷങ്ങളാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷിമന്ത്രിയും ഉറപ്പുനൽകി.


പഞ്ചാബിലും ഹരിയാനയിലുമൊക്കെയാണ് കർഷകരുടെ പ്രതിഷേധം വലിയ രീതിയിൽ നടക്കുന്നത്. ബഹളങ്ങൾക്കിടയിൽ ഈ സംസ്ഥാനങ്ങളിലെ പ്രധാന വിളയായ ഗോതമ്പിന് താങ്ങുവില (എംഎസ്പി)വർദ്ധനവ് പ്രഖ്യാപിച്ചു. ഗോതമ്പിന്റെ എംഎസ്പി ക്വിന്റലിന് 50 രൂപ വർദ്ധിപ്പിച്ചു, ഈ സീസണിൽ ക്വിന്റലിന് 1975 രൂപ ആയിരിക്കും. ഈ പ്രദേശത്തെ മറ്റൊരു പ്രധാന വിളയായ കടുകിന് ഇപ്പോൾ ഒരു ക്വിന്റലിന് 4,650 രൂപ ലഭിക്കും.പയറിന്റെ വിലയും കൂട്ടി.സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായി റാബി വിളകൾക്കുള്ള എംഎസ്പി വർദ്ധിപ്പിക്കാൻ മോദിയുടെ അദ്ധ്യക്ഷതയിലുള്ള ക്യാബിനറ്റ് കമ്മിറ്റി തീരുമാനിച്ചതായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


'കര്‍ഷക സമൂഹത്തിന് അഭിനന്ദനം. കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനത്തിനും കോടിക്കണക്കിന് കര്‍ഷകരെ ശാക്തീകരിക്കുന്നതിനും ബില്ലുകള്‍ സഹായിക്കും'- മോദി ട്വിറ്റ് ചെയ്തു. സ്വാമിനാഥൻ റിപ്പോർട്ടിൻമേൽ അടയിരുന്നവരാണ് ഇപ്പോൾ ബില്ലിന്റെ പേരിൽ പ്രതിഷേധമുയർത്തുന്നത്, മോദി സർക്കാർ ആറുവർഷമായി നടപ്പാക്കുന്ന വികസനം കണ്ട പരിഭ്രമത്തിൽ അവർ കർഷകരെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.