deepika-padukone

തിരുവനന്തപുരം: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തിൽ നിർണായകമായ വഴിത്തിരിവ് സൃഷ്ടിച്ച് അന്വേഷണം മുൻനിര യുവ സിനിമാ നടിമാരിലേക്ക് നീളുന്നു. സുശാന്തിന്റെ മുൻ കാമുകി റിയ ചക്രബർത്തിയെ നേരത്തെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തിരുന്നു. ബോളിവുഡിലെ പ്രമുഖ നടിമാരിൽ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് യുവനടി ദീപിക പദുക്കോണിന്റെ പേര് മയക്കമുമരുന്ന് കേസിൽ ഉയർന്നത്. ബോളിവുഡ് നടിമാരായ ശ്രദ്ധാ​ കപൂർ,​ രാകുൽ പ്രീത് സിംഗ്,​ സാറ അലി ഖാൻ എന്നിവരെ എൻ.സി.ബി ചോദ്യം ചെയ്യാനിരിക്കെയാണ് പുതിയ സംഭവവികാസം.

ദീപികയെ കുരുക്കി വാട്സ് ആപ്പ് ചാറ്റ്
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ റിയയുടെ വാട്സ് ആപ്പ് ചാറ്റിൽ പേര് വന്നതാണ് ദീപികയെ കുരുക്കിലാക്കിയത്. ഈ ചാറ്റുകളിൽ ദീപികയെ 'ഡി' എന്നും നടിയുടെ മാനേജർ കരിഷ്‌മ പ്രകാശിനെ 'കെ' എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എൻ.സി.ബി നടത്തിയ അന്വേഷണത്തിൽ ഇത് യഥാക്രമം ദീപികയും കരിഷ്‌മയുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കരിഷ്‌മയോട് ചോദ്യം ചെയ്യലിന് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് എൻ.സി.ബി നോട്ടീസ് നൽകി. വരും ദിവസങ്ങളിൽ ദീപികയയെും വിളിപ്പിച്ചേക്കുമെന്നാണ് സൂചന. ടാലന്റ് മാനേജ്മെന്റ് ക്വാനിലെ ജീവനക്കാരിയാണ് കരിഷ്‌മ.
വാട്സ് ആപ്പ് ചാറ്റ് ഇങ്ങനെ
2017 ഒക്ടോബറിൽ നടന്ന ചാറ്റിലാണ് ദീപികയുടെയും കരിഷ്‌മയുടെയും പേരുള്ളത്. ദീപിക കരിഷ്മയോട് 'മാൽ, ഹാഷ്' എന്നിവ കൈയിലുണ്ടോ എന്നാണ് ചോദിക്കുന്നത്. എന്നാൽ, തന്റെ വീട്ടിലാണ് ഇതൊക്കെയുള്ളതെന്നും ഇപ്പോൾ താൻ ബാന്ദ്രയിലാണെന്നും അത്യാവശ്യമാണെങ്കിൽ അമിത്തിനോട് ചോദിക്കാമെന്നും പറയുന്നു. ഒടുവിൽ തനിക്ക് കഞ്ചാവ് അല്ല വേണ്ടതെന്നും 'ഹാഷ്' ആണെന്നും ദീപിക ചാറ്റിൽ വ്യക്തമാക്കുന്നു. ഇതേക്കുറിച്ചും എൻ.സി.ബി അന്വേഷിക്കുന്നുണ്ട്. റിയയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രദ്ധ കപൂറിനെയും സാറ അലി ഖാനെയും എൻ.സി.ബി ചോദ്യം ചെയ്യും.
അതിനിടെ റിയയുടെ മാനേജർ ജയ സാഹ, നടിയുമായി നടത്തിയ ചാറ്റിന്റെ വിശദാംശങ്ങളും പുറത്തു വന്നിരുന്നു. വേറൊരാൾ കുടിക്കുന്ന പാനീയത്തിൽ 'നാലു തുള്ളി ചേർക്കുക' എന്നതാണ് സന്ദേശം. എന്നാൽ, ആര് കുടിക്കുന്ന പാനീയത്തിലാണ് ഇത് ചേർക്കാൻ നിർദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. 2019ൽ അയച്ച സന്ദേശം ഇങ്ങനെ, 'ചായയിൽ നാല് തുള്ളി ചേർക്കുക, അത് അവനെ കുടിക്കാൻ അനുവദിക്കുക. കിക്ക് ഉണ്ടാകാൻ 30 മുതൽ 40 മിനിട്ട് വരെയെടുക്കും'. അതേസമയം, നിരോധിക്കപ്പെട്ട മയക്കുമരുന്നായ സി.ബി.ഡി ഓയിലിനെ കുറിച്ചാണ് റിയയും ജയ സാഹയും സംസാരിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

ഇതേസമയം സുശാന്തിന്റെ ഫാം ഹൗസിൽ നടന്നുവെന്ന് പറയപ്പെടുന്ന ലഹരിപ്പാർട്ടിയെ കുറിച്ചും എൻ.സി.ബി അന്വേഷണം തുടങ്ങി. പൂനെയ്ക്ക് സമീപമുള്ള ലോണാവാലയിലെ സുശാന്തിന്റെ ഫാം ഹൗസിലാണ് പാർട്ടി നടന്നത്. ഈ പാർട്ടിയുമായി ബന്ധപ്പെട്ടാണ് കൂടുതൽ ബോളിവുഡ് താരങ്ങളുടെ പേരുകൾ ഉയർന്നു കേട്ടത്.