motion-poster-bruce-lee

പുലിമുരുകൻ, മധുരരാജ തുടങ്ങി മാസ് ചിത്രങ്ങൾക്ക് ശേഷം ഉദയകൃഷ്‌ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ബ്രൂസ്‌ലീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനാണ് നായകൻ. ഉണ്ണിമുകുന്ദന്റെ കരിയർ ഹിറ്റായ മല്ലുസിംഗ് എന്ന ചിത്രത്തിന് ശേഷമാണ് വൈശാഖും ഉണ്ണിയും ഒരുമിക്കുന്നത്. താരത്തിന്റെ ജന്മദിനത്തിൽ തന്നെയാണ് മോഷൻ പോസ്റ്ററും പുറത്തിറക്കിയിരിക്കുന്നത്.


മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാള സിനിമയിലെ എല്ലാ മുൻനിര നായകന്മാരും ചേർന്നാണ് പുതിയ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. 25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന 'ബ്രൂസ്‌ ലീ' എന്ന ചിത്രം നിർമ്മിക്കുന്നത് ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ അദ്ദേഹം തന്നെയാണ്.

ഷാജികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ആനന്ദ് രാജേന്ദ്രനാണ് പോസ്‌റ്റർ ഡിസൈനർ. അനീഷ് മോഷൻ പോസ്റ്റർ ചെയ്തിരിക്കുന്നു. പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ. 2021ലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. വിഷ്ണു മോഹൻ സംവിധാനം ചെയുന്ന 'മേപ്പടിയാൻ' ആണ് ഉണ്ണിമുകുന്ദന്റെ അടുത്ത ചിത്രം.