ന്യൂഡല്‍ഹി : മോദിസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക ബില്ല് പാര്‍ലമെന്റിലെ ഇരുസഭകളിലും പാസാക്കിയെടുക്കാന്‍ സര്‍ക്കാരിനായിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ അവതരണവേളയില്‍ കനത്ത പ്രതിഷേധത്തിനും എതിര്‍പ്പിനും സഭ സാക്ഷ്യം വഹിച്ചിരുന്നു. ഇതേതുടര്‍ന്ന് സഭയില്‍ മോശമായി പെരുമാറി എന്ന കുറ്റത്തിന് സി.പി.എം അംഗങ്ങളായ എളമരം കരീം, കെ.കെ.രാഗേഷ് എന്നിവരുള്‍പ്പെടെ എട്ട് എം.പിമാരെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് എട്ടു എം പിമാരും പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരിക്കുകയാണ്.
സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ എം പിമാരുടെ സത്യാഗ്രഹത്തെക്കുറിച്ച് പ്രധാനമന്ത്രി രണ്ട് ട്വീറ്റുകളാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ പ്രതിഷേധത്തെക്കുറിച്ചോ കര്‍ഷകബില്ലിനെകുറിച്ചോ പരാമര്‍ശിക്കുന്നില്ല എന്നതാണ് കൗതുകം. പകരം പ്രതിഷേധിക്കുന്ന എം പിമാര്‍ക്ക് രാജ്യസഭ ഉപാദ്ധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗ് ചായസത്കാരം നടത്തിയതിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് മോദിയുടെ ട്വീറ്റുകള്‍. രാജ്യസഭയില്‍ പ്രതിഷേധിച്ച എം പിമാര്‍ക്ക് ചായ എത്തിച്ചു നല്‍കിയ ഹരിവംശ് നാരായണ്‍ സിംഗിന്റെ വിനയത്തിലും ഹൃദയവിശാലതയിലും രാജ്യം അഭിമാനിക്കുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഉപാദ്ധ്യക്ഷനെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം ബീഹാറിന്റെ സംസ്‌കാരത്തെക്കുറിച്ചും പ്രധാനമന്ത്രി ട്വീറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. 'നൂറ്റാണ്ടുകളായി ബീഹാറിലെ മഹത്തായ ഭൂമി ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുന്നു. അതിശയകരമായ ഈ ധാര്‍മ്മികതയ്ക്ക് അനുസൃതമായി, ബീഹാറില്‍ നിന്നുള്ള എംപിയും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സനായ ഹരിവംശ്ജിയുടെ പ്രചോദനാത്മകമായ ഇന്ന് രാവിലത്തെ പെരുമാറ്റം എല്ലാ ജനാധിപത്യ പ്രേമികള്‍ക്കും അഭിമാനമാണ് ' എന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്.
കര്‍ഷകബില്ലുകളില്‍ മേലുള്ള പ്രതിപക്ഷത്തിന്റെയും കര്‍ഷകരുടെയും പ്രതിഷേധം രാജ്യമെമ്പാടും ഉയരുമ്പോഴാണ് ചായസത്കാരത്തെ പുകഴ്ത്തി പ്രധാനമന്ത്രി രംഗത്ത് വന്നിട്ടുള്ളത്. ചായരാഷ്ട്രീയത്തിന്റെ വിജയസാദ്ധ്യത എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ള പ്രധാനമന്ത്രി, ബീഹാറില്‍ ഉടന്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാവണം ബീഹാറിനെയും ചായയെയും കൂട്ടിയിണക്കി ട്വീറ്റില്‍ കൊണ്ടുവന്നിട്ടുള്ളത്. അതേസമയം മാദ്ധ്യമങ്ങളുടെ മുന്നില്‍ ഷോ കാണിക്കുവാനായിട്ടാണ് ഉപാദ്ധ്യക്ഷന്‍ ചായസത്കാരത്തിനിറങ്ങിയതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്ത് വന്നിട്ടുണ്ട്. ചായസത്കാരത്തിന് പിന്നാലെ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തികളിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുവാന്‍ ഒരു ദിവസം താന്‍ ഉപവസിക്കുമെന്ന് ഹരിവംശ് നാരായണ്‍ സിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ഷക ബില്ലിനെതിരായ പ്രതിഷേധത്തിനിടെ ഞായറാഴ്ച രാജ്യസഭയില്‍ മോശമായി പെരുമാറിയതിന് കേരളത്തില്‍ നിന്നുള്ള എം പിമാരായ എളമരം കരീം, കെ.കെ.രാഗേഷും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡെറിക് ഒബ്രിയാന്‍ (തൃണമൂല്‍),സഞ്ജയ് സിംഗ് (ആം ആദ്മി),രാജീവ് സതവ്, സൈദ് നസീര്‍ ഹുസൈന്‍, റിപുന്‍ ബോറ(കോണ്‍ഗ്രസ്) എന്നീ എംപിമാരുമാണ് നടപടി നേരിട്ടത്. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് എട്ടുപേരും അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരിക്കുന്നത്.