അരുമാനൂർ:അന്തരിച്ച പ്രമുഖ ശ്രീനാരായണ ധർമ്മ പ്രചാരകനും ഗുരുധർമ്മ പ്രചാരണസഭ കോവളം മണ്ഡലം പ്രസിഡന്റും റിട്ട.ഹെഡ്മാസ്റ്ററുമായ അരുമാനൂർ ജി.ശിവരാജനെ അരുമാനൂർ ബോധി ഹാളിൽ ചേർന്ന യോഗം അനുസ്മരിച്ചു. ഗുരുധർമ്മ പ്രചാരണസഭ കോവളം മണ്ഡലം കമ്മിറ്റിയുടെയും അരുമാനൂർ ഗുരുവരുളിന്റെയും ആഭിമുഖ്യത്തിലായിരുന്നു യോഗം. സർവീസിൽ നിന്ന് വിരമിച്ച ശേഷം രണ്ട് ദശാബ്ദത്തിലേറെക്കാലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് ഗുരുദേവ പഠനക്ലാസുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ജി.ശിവരാജൻ ഗുരുധർമ്മ പ്രചാരണത്തിന് നിസ്വാർത്ഥ സേവനം നൽകി. ഗുരുദേവന്റെയും ഗാന്ധിജിയുടെയും സന്ദേശം ഉൾക്കൊണ്ട് നാട്ടിലെ വിദ്യാഭ്യാസ, സാംസ്കാരിക പുരോഗതിക്കും ബോധി എന്ന സംഘടനയിലൂടെ മദ്യവർജ്ജനത്തിനും നേതൃത്വപരമായ പങ്ക് വഹിച്ചതായും യോഗം അനുസ്മരിച്ചു. സി.സുശീലൻ ആദ്ധ്യക്ഷത വഹിച്ചു. ആർ.വിജയകുമാർ, എൻ.ചന്ദ്രശേഖരൻ,ജി.ജി. തമ്പി,ഭുനവേന്ദ്രൻ,എസ്.സുദർശനൻ,ബി.ചന്ദ്രബാബു,സരോജം,സുമ സുഗതൻ, ചന്ദ്രിക,മഞ്ജുഷ,ജയലക്ഷ്മി,ഗിരിജ,സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.