തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിൽനിന്ന് അഭിനയത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കുമ്പോൾ നാടകമായിരുന്നു പ്രേംകുമാറിന്റെ മനസ് നിറയെ. ദൂരദർശന്റെ ' ലംബോ" ടെലിഫിലിമിൽ അഭിനയിച്ചു. അതിനു ലഭിച്ചത് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം. സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷ എഴുതി ദൂർദർശനിലെ ജോലിയുടെ ലിസ്റ്റിൽ കയറിപ്പറ്റിയപ്പോഴാണ് അവാർഡ് ലഭിക്കുന്നത്.ഇതോടെ പ്രേംകുമാറിന്റെ തീരുമാനം മാറിമറഞ്ഞു. 'ലംബോ" ടെലിഫിലിമിലെ കഥാപാത്രം കോമഡി നിറഞ്ഞതായിരുന്നു. സിനിമയിൽനിന്ന് അവസരങ്ങൾ വരാൻ തുടങ്ങി. സിനിമകൾ ശ്രദ്ധിക്കപ്പെട്ടപ്പോൾ പ്രേംകുമാറിന്റെ കരിയർ മാറിമറിഞ്ഞു. 160 സിനിമകൾ. സാമൂഹികവിഷയങ്ങളിൽ ഇടപ്പെട്ടും എഴുത്തിന്റെ വഴിയിൽ സാന്നിദ്ധ്യം അറിയിച്ചുമാണ് പ്രേംകുമാർ അഭിനയത്തിന്റെ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയത്.
സിനിമയിൽ കാൽനൂറ്റാണ്ട്. എന്താണ് പഠിച്ചത് ?
ഒരാൾ പോലും സിനിമയിൽ അവശ്യഘടകമല്ല. ആരില്ലെങ്കിലും സിനിമ മുമ്പോട്ട് പോവും. ആവശ്യം നമുക്കാണെന്ന് തിരിച്ചറിയണം. ആത്മാർത്ഥതയും സത്യസന്ധതയും അർപ്പണമനോഭാവവും പുലർത്തി കഠിനാദ്ധ്വാനം ചെയ്യണം. ഒപ്പം ഭാഗ്യവും ദൈവാനുഗ്രഹവും വേണം. സിനിമയിൽ സജീവസാന്നിദ്ധ്യം അറിയിക്കാൻ ഇത് ആവശ്യമാണ്. സൗഹൃദങ്ങൾ നിലനിറുത്തുകയും വേണം. ഇതിൽ പല കാര്യത്തിലും ഞാൻ പിന്നോക്കമാണ്. ഒരു സിനിമയിൽ വിളിച്ചാൽ അഭിനയിച്ചു മടങ്ങുകയാണ് ചെയ്യുന്നത്. അല്ലാതെ, ആ ടീമുമായി നിരന്തര ബന്ധം ഉണ്ടാക്കുന്നില്ല. എന്നാൽ ഹൃദയത്തിൽ അവരോട് സ്നേഹവും ബഹുമാനവും സൂക്ഷിക്കുന്നുണ്ട്. സിനിമയിൽ അവസരം തേടി പോയില്ല, എന്നെ തേടി വരികയായിരുന്നു. കഷ്ടപ്പെട്ട് സിനിമയിൽ എത്തുന്നവർ അതു നിധി പോലെ സൂക്ഷിക്കും. നിസാരമായി സിനിമ തേടി വന്നതിനാൽ ഗൗരവമായി കണ്ടില്ല. പിന്തിരിഞ്ഞു നോക്കുമ്പോൾ അത് ഒരു പാളിച്ചയാണ്.വെള്ളിത്തിരയിൽ വന്നതും സിനിമകൾ ഇല്ലാതായതും ഇപ്പോൾ വീണ്ടും സജീവമായതും എല്ലാം ദൈവനിശ്ചയം.
ഇടക്കാലത്ത് സിനിമയിൽനിന്ന് മാറി നിൽക്കുകയായിരുന്നല്ലേ ?
2000ന് മുമ്പ് വളരെ സജീവമായിരുന്നു. ആ സമയത്ത് കുറേ ചെറിയ ബഡ്ജറ്റ് സിനിമകളിൽ നായക വേഷം ചെയ്തിരുന്നു. ഉപനായക വേഷങ്ങളും ചെയ്തു. പാർവതി പരിണയം, ത്രീമെൻ ആർമി, ആദ്യത്തെ കൺമണി, കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്നീ സിനിമകൾ ശ്രദ്ധേയമായി. പിന്നീട് അത്തരം ലോ ബഡ്ജറ്റ് സിനിമകളുടെ ചാകര നിലച്ചു. നായകവേഷം ചെയ്തതിനാൽ ചെറിയ വേഷങ്ങളിലേക്ക് വിളിക്കാൻ പലർക്കും മടി. ചെയ്ത വേഷങ്ങൾ ആവർത്തിക്കാതിരിക്കാൻ നല്ല കഥാപാത്രങ്ങൾ വരട്ടെ എന്നു കരുതി മാറി നിന്നു. മാറി നിൽക്കാൻ പാടില്ലായിരുന്നെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ഉദയകൃഷ്ണ- സിബി. കെ. തോമസ് കൂട്ടുകെട്ടിന്റെ ആദ്യ തിരക്കഥയിൽ എത്തിയ ഹിറ്റ്ലർ ബ്രദേഴ്സിൽ ഞാനായിരുന്നു നായകൻ. ഇപ്പോൾ പ്രശസ്തരായ പല തിരക്കഥാകൃത്തുക്കളുടെയും സംവിധായകരുടെയും ആദ്യ സിനിമയിൽ ഞാനുണ്ടായിരുന്നു. സമീപകാലത്ത് ഷട്ടർ, അരവിന്ദന്റെ അതിഥികൾ, പഞ്ചവർണ ത്തത്ത, പട്ടാഭിരാമൻ, ഉറിയടി എന്നീ സിനിമകളിൽ അഭിനയിച്ചു.
നടനായി മാത്രം ഒതുങ്ങാതെ സാമൂഹിക മേഖലകളിൽ സാന്നിദ്ധ്യമാണല്ലോ?
സാമൂഹിക വിഷയങ്ങളിൽ മുമ്പും സജീവമായി ഇടപെട്ടിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം, ആദിവാസികളുടെ നിൽപ്പ് സമരം എന്നിവയ്ക്ക് അഭിവാദ്യം അർപ്പിച്ചിരുന്നു. ആ വിഭാഗത്തെക്കുറിച്ച് ചിന്ത ഉള്ളതു കൊണ്ടാണ് ഇതിന്റെ ഭാഗമാവാൻ കഴിയുന്നത്. ആദിവാസി മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്ന സമയത്ത് നാടകം അവതരിപ്പിച്ചിരുന്നു. സാംസ് കാരിക സമ്മേളനങ്ങളിൽ പങ്കെടുക്കാറുണ്ട്. പത്രങ്ങളിൽ സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങൾ എഴുതുന്നുണ്ട്. എഴുതിയതെല്ലാം പുസ്തകമാക്കാൻ ആലോചനയുണ്ട്.
സാമൂഹിക പ്രവർത്തകനെ തേടി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു?
നടൻ എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങൾ എഴുതിയത് പരിഗണിച്ചാണ് അവാർഡുകൾ ലഭിച്ചത്. പ്രേംനസീർ പുരസ് കാരം, അടൂർ ഭാസി കൾച്ചറൽ ഫോറം ചലച്ചിത്ര രത്ന പുരസ്കാരം, സുകുമാരൻ ചലച്ചിത്ര പുരസ്കാരം, കെ.പി. ഉമ്മർ ചലച്ചിത്ര പുരസ്കാരം എന്നിവ ലഭിച്ചു. സിനിമയിൽ കോമഡി കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിനാൽ ആളുകൾ എന്നെ തമാശക്കാരൻ എന്ന നിലയിലാണ് കാണുന്നത്. യഥാർത്ഥ പ്രേംകുമാർ അതല്ല. കഥാപാത്രത്തിന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ് എന്റേത്. ഇത് മിക്ക നടൻമാരും നേരിടുന്നുണ്ട്. എന്റെ സ്വത്വം ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണ് എഴുത്ത്. സ്വത്വത്തിന്റെ പ്രകാശനമാണ് നടക്കുന്നത്.
കഴക്കൂട്ടം 'പ്രേംസദനി"ലെ വിശേഷങ്ങൾ ?
അച് ഛൻ ജയിംസ് സാമുവേൽ ആറുമാസം മുൻപ് മരിച്ചു. അമ്മ ജയകുമാരി. ഭാര്യ ജിഷ. മകൾ ജമൈമ അഞ്ചാം ക്ളാസിൽ. വിവാഹം കഴിഞ്ഞു എട്ടുവർഷത്തിനുശേഷമാണ് മോൾ ജനിക്കുന്നത്. പ്രാർത്ഥനയിൽ ദൈവം തന്നതാണ്.