കൗമുദി ടി.വി സംപ്രേക്ഷണം ചെയ്ത 'മഹാഗുരു' മെഗാപരമ്പരയിലൂടെ മികച്ച ശബ്ദതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട രോഹിണി പിള്ളയും ശങ്കർലാലും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു....
നല്ല സന്തോഷത്തിലാണിപ്പോൾ. ഈ അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറഞ്ഞാൽ അത് കള്ളമാകും, പ്രതീക്ഷിച്ചത് തന്നെയാണ്. കാരണം 'മഹാഗുരു" ഡബ്ബ് ചെയ്യാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല, ടീമിലെ എല്ലാവരും ഉറപ്പിച്ചിരുന്നതാണ് ഈ അംഗീകാരം. ഗുരുവിന്റെ 20 വയസ് മുതൽ സമാധി വരെയുള്ള കാലഘട്ടത്തിന് ഞാൻ തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത്. നല്ല പ്രയാസമുള്ള കാര്യമാണ് ഒരേ ശബ്ദത്തിന് പല മോഡുലേഷൻ കൊണ്ടുവരികയെന്നത്. അതിന് 'മഹാഗുരു"വിന്റെ സംവിധായകൻ മഹേഷ് കിടങ്ങിലിനോടാണ് നന്ദി പറയേണ്ടത്. ഓരോ ഘട്ടം കഴിയുമ്പോഴും ശബ്ദം മാറ്റി മാറ്റി ചെയ്യേണ്ടി വന്നിരുന്നു. അപ്പോഴെല്ലാം അടുത്ത ആളിനെ വച്ച് ചെയ്യണമെന്നായിരുന്നു ടീമിലെ പൊതുവായ തീരുമാനം, പക്ഷേ ശങ്കറിന് അത് ചെയ്യാൻ പറ്റുമെന്ന് പറഞ്ഞ് ഓരോ നിമിഷവും പിന്തുണ നൽകിയത് മഹേഷാണ്. ഒടുവിൽ ഗുരു സമാധിയോട് അടുത്ത സമയത്തെ സംഭാഷണങ്ങളൊക്കെ പ്രായമായ ആളിനെ വച്ച് ചെയ്യിപ്പിക്കാമെന്നായി. അപ്പോഴും മഹേഷാണ് ശങ്കർ ഇതൊന്ന് ചെയ്തു നോക്കൂവെന്ന് പറഞ്ഞത്. നല്ല ഹോംവർക്ക് നടത്തിയിട്ടാണ് ആ ഭാഗമൊക്കെ ഡബ്ബ് ചെയ്തത്. എന്തായാലും കഷ്ടപ്പെട്ടതിന് ഫലമുണ്ടായി. ഇതിനുമുമ്പ് ഗുരുവിനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി 'മരുന്നുമാമല"യിൽ ഞാനും മഹേഷും ഒന്നിച്ചിരുന്നു. അതുവഴിയാണ് മഹാഗുരുവിലേക്ക് എത്തുന്നത്.
പതിനഞ്ച് വർഷമായി ഡബ്ബിംഗ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അഭിനയമോഹവുമായിട്ടാണ് ഈ രംഗത്തേക്ക് വന്നത്. പക്ഷേ ഫുൾടൈം ഡബ്ബിംഗ് ആർട്ടിസ്റ്റാവുകയായിരുന്നു. മുമ്പും അവാർഡുകൾ കിട്ടിയിട്ടുണ്ടെങ്കിലും സംസ്ഥാന അവാർഡ് ആദ്യമായിട്ടാണ് കിട്ടുന്നത്. നൂറോളം വർക്കുകൾ ചെയ്തു കഴിഞ്ഞു. കൂടുതലും മൊഴിമാറ്റ സിനിമകളാണ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്താണ് താമസം. ഭാര്യ വിഷ്ണുമായയും മൂന്നുമക്കളും അടങ്ങുന്നതാണ് കുടുംബം. ശിവാനി ശങ്കർ, ശ്രദ്ധ ശങ്കർ, സാത്വിക് ശങ്കർ എന്നിവരാണ് മക്കൾ.
ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല ഈ അവാർഡ്. ഡബ്ബിംഗ് എന്റെ പാഷനാണ്. രണ്ടു വർഷമായതേയുള്ളൂ ഈ രംഗത്തേക്ക് എത്തിയിട്ട്. മുന്നോട്ടുള്ള യാത്രയ്ക്ക് വലിയൊരു ഊർജം തന്നെയാണ് ഈ അംഗീകാരം. വലിയ വെല്ലുവിളിയായിരുന്നു 'മഹാഗുരു"വിന്റെ ഡബ്ബിംഗ്. പഴയ കാലത്തിന്റെ ഒരു പതിഞ്ഞ താളം ശബ്ദത്തിൽ കൊണ്ടു വരേണ്ടിയിരുന്നു. ഗുരുവിന്റെ അമ്മ കഥാപാത്രത്തിനാണ് ശബ്ദം കൊടുത്തത്. രണ്ടുകാലഘട്ടമായിട്ടാണ് കാണിക്കുന്നത്, ചെറുപ്പവും അവസാന കാലവും. അമ്മ മരണത്തോട് അടുത്ത സമയമൊക്കെ ചെയ്യാൻ നന്നായി ബുദ്ധിമുട്ടി. മരണ സമയത്തെ അവശതയൊക്കെ ശബ്ദത്തിൽ കൊണ്ടു വരേണ്ടിയിരുന്നു. ടീമിന്റെ പിന്തുണ നല്ലതുപോലെ കിട്ടിയതുകൊണ്ടാണ് എനിക്കും നന്നാക്കാൻ പറ്റിയത്. ഒരിക്കലും എന്നെ സമ്മർദ്ദത്തിലാക്കിയില്ല. സമയമെടുത്ത് ചെയ്താൽ മതിയെന്ന് പറഞ്ഞത് വലിയൊരു ആശ്വാസമായിരുന്നു. ആ കാലത്തെ സംസാരരീതിയൊക്കെ എങ്ങനെയായിരിക്കുമെന്ന് അറിയാൻ എന്റേതായ രീതിയിൽ ഞാനും ശ്രമിച്ചിരുന്നു. നല്ലൊരു അനുഭവമായിരുന്നു അത്. പിന്നെ ഗുരുവിന്റെ അമ്മയായി വേഷമിട്ടയാളും നന്നായി തന്നെ സഹകരിച്ചു. എന്റെ ശബ്ദവും അവരുടെ ചുണ്ടിന്റെ അനക്കവും ചേർന്നു പോയി.
സൈക്കോളജിയാണ് പഠിച്ചത്. സൈക്കോളജിസ്റ്റായി ജോലി നോക്കുന്നതിനിടയിലാണ് ഡബ്ബിംഗിലേക്ക് തിരിയണമെന്ന് തോന്നിയത്. ചെറുപ്പത്തിലേ പലരും ശബ്ദം നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അന്നൊക്കെ ഡബ്ബിംഗ് പഠിക്കണമെന്ന് കരുതിയിരുന്നില്ല. ഒടുവിൽ ശിവമോഹൻ തമ്പിസാറിന്റെ ഡബിംഗ് സ്കൂളിൽ പോയിട്ടാണ് ഡബ്ബിംഗ് കോഴ്സ് ചെയ്യുന്നത്. അവിടന്നാണ് ഈ രംഗത്തേക്ക് തിരിയാൻ വേണ്ട ആത്മവിശ്വാസം കിട്ടി തുടങ്ങിയത്. സീരിയലുകളിലൂടെയാണ് തുടക്കം കുറിച്ചത്. പിന്നീട് നിരവധി മൊഴിമാറ്റ സിനിമകൾക്കും ശബ്ദം നൽകിയിട്ടുണ്ട്. വേൾഡ് ഫേമസ് ലവർ, 96, കാപ്പാൻ, പേട്ട, സർക്കാർ തുടങ്ങിയ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് മരുതം കുഴിയിലാണ് വീട്. അച്ഛൻ അയ്യപ്പൻപ്പിള്ള, അമ്മ പ്രസന്ന, ഭർത്താവ് സുരേഷ്, മകൻ സൂര്യ സുരേഷ്