ആറ്റിങ്ങൽ: നഗരസഭയുടെ നേതൃത്വത്തിലുള്ള സി.എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ ആറു മുതൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ സെന്ററിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. നഗരസഭ ചെയർമാൻ എം.പ്രദീപ് ഉൾപ്പടെ 140 ലധികം പേരാണ് ഇതുവരെ നിരീക്ഷണ കാലാവധി പൂർത്തിയാക്കി ഇവിടെ നിന്ന് മടങ്ങിയത്. ജൂലൈ 29ന് നഗരത്തിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തപ്പോഴും നഗരസഭ ആരംഭിച്ച നിരീക്ഷണ കേന്ദ്രങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം ഒന്നു കൊണ്ട് മാത്രമാണ് രോഗവ്യാപനത്തെ പ്രതിരോധിക്കാൻ കഴിഞ്ഞത്. ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർക്ക് പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, വൈകുന്നേരം ചായ, ലഘുഭക്ഷണം, രാത്രി ഭക്ഷണം ഉൾപ്പടെയുള്ളവ കൃത്യസമയങ്ങളിൽ വിതരണം ചെയ്തിരുന്നു. വിശാലമായ മുറികൾ, പ്രത്യേകം സജ്ജീകരിച്ച കിടക്കകൾ, ഒരാൾക്ക് ഒരു മുറി ഒരു ശൗചാലയം, ജീവിത ശൈലീ രോഗങ്ങൾ ബാധിച്ചവർക്കുളള മരുന്നിന്റെ ലഭ്യത, ആവശ്യമെങ്കിൽ ഡോക്ടർമാരുടെ സേവനം തുടങ്ങിയ നടപടികൾ യഥാസമയം ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നടപ്പിലാക്കി. നിരീക്ഷണ കാലാവധി പൂർത്തിയാക്കി ഇവിടെ നിന്ന് മടങ്ങിയവരിൽ ആരും തന്നെ നിരീക്ഷണ കാലയളവിലോ പിന്നീടൊ രോഗബാധിതരായിട്ടില്ല എന്നത് നഗരസഭ നടപ്പിലാക്കിയ ശക്തമായ ക്വാറന്റൈൻ സംവിധാനത്തിന്റെയും ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും മികവ് തെളിയിക്കുന്നു. സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശാനുസരണമാണ് നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചത്. നിരീക്ഷണത്തിൽ കഴിയാനുള്ളവരുടെ എണ്ണത്തിലുള്ള കുറവും പട്ടണത്തിലെ ഭൂരിഭാഗം വീടുകളിലും നിരീക്ഷണ കാലയളവിൽ കഴിയാനുള്ള ഭൗതിക സാഹചര്യം ഉണ്ട് എന്നതും കൂടാതെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏത് സമയവും തുറക്കാനുള്ള സാദ്ധ്യത കൂടി കണക്കിലെടുത്തുമാണ് ക്വാറന്റൈൻ സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. സ്കൂളും പരിസരവും അണുവിമുക്തമാക്കി കെട്ടിടം സി.എസ്.ഐ മാനേജ്‌മെന്റിന് തിരികെ കൈമാറിയെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു.