കൊവിഡ് വന്നതോടെ രാജ്യത്തെ സിനിമ തീയേറ്ററുകളൊക്കെ അടച്ചുപൂട്ടി. മിക്ക സിനിമകളുടെയും റിലീസ് നീട്ടിവച്ചു. എന്നാൽ ചില ചിത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുകയാണ്. നെറ്റ് ഫ്ളികസ്, പ്രൈം വീഡിയോ, സീ5 തുടങ്ങി നിരവധി ഒടിടി കമ്പനികളുണ്ട്.
ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമ റിലീസ് ചെയ്യുമ്പോൾ നിർമാതാക്കൾ കബളിപ്പിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനായി നിരവധി ചിത്രങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
ഇതിൽ ഭൂരിഭാാഗം സിനിമകളും ഒരു ഒ.ടി. ടി കമ്പനികളുമായോ ഒന്നും ചർച്ച പോലും നടത്താതെയാണ് തുടങ്ങിയിരിക്കുന്നതെന്നാണ് തനിക്ക് മനസ്സിലാക്കാൻ സാധിച്ചതെന്നും, വൻകിട പ്ലാറ്റ്ഫോമുകൾക്കായി സിനിമ ചെയ്യുമ്പോൾ അവർ ബാനർ, സംവിധായകൻ, അഭിനേതാക്കൾ, തിരക്കഥ എന്നിവയൊക്കെ നോക്കാറുണ്ട്. അവർക്ക് വയബിൾ എന്നു തോന്നിയാൽ മാത്രമേ തങ്ങൾ ഏറ്റെടുക്കാം എന്ന് സമ്മതിക്കാറുള്ളൂവെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഒടിടി പ്ലാറ്റ്ഫോമിൽ നടക്കുന്ന തട്ടിപ്പ്
സിനിമകളുടെ പ്രദർശനത്തിനായി സമീപകാലത്ത് ഉടലെടുത്ത സങ്കേതമാണ് ഒ. ടി. ടി. പ്ലാറ്റ്ഫോം. നെറ്റ് ഫ്ളികസ്, പ്രൈം വീഡിയോ, സീ5 തുടങ്ങി വൻകിട സംരംഭങ്ങൾ മുതൽ നിരവധി കമ്പനികൾ ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്ക് ഉദാഹരണമാണ്. ഏഷ്യാനെറ്റ്, സൂര്യ പോലുള്ള ചാനലുകൾക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുണ്ട്. ഇവിടെയൊക്കെ സിനിമകൾ റിലീസ് ചെയ്യുകയോ അവകാശം വാങ്ങി പിന്നീട് പ്രദർശിപ്പിക്കുകയോ ചെയ്യും.
പറഞ്ഞു വരുന്നത് അതല്ല, ഈ രംഗത്ത് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചാണ്. പണ്ട് സാറ്റലൈറ്റ് റേറ്റിൻ്റെ കാര്യം പറഞ്ഞ് നിരവധി നിർമാതാക്കളും സിനിമാ പ്രവർത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പോൾ ഒ. ടി.ടി. പ്ലാറ്റ്ഫോമുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പ് .
ഒടിടി യിൽ റിലീസ് ചെയ്യാം എന്നു പറഞ്ഞ് ചെറിയ ബഡ്ജറ്റിൽ നിരവധി സിനിമകളുടെ ഷൂട്ടോ ചർച്ചകളോ പ്രീ പ്രൊഡക്ഷൻ ജോലികളോ ഒക്കെ ഇപ്പോൾ നടക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗം സിനിമകളും ഒരു ഒ.ടി. ടി കമ്പനികളുമായോ ഒന്നും ചർച്ച പോലും നടത്താതെയാണ് തുടങ്ങിയിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. വൻകിട പ്ലാറ്റ്ഫോമുകൾക്കായി സിനിമ ചെയ്യുമ്പോൾ അവർ ബാനർ, സംവിധായകൻ, അഭിനേതാക്കൾ, തിരക്കഥ എന്നിവയൊക്കെ നോക്കാറുണ്ട്. അവർക്ക് വയബിൾ എന്നു തോന്നിയാൽ മാത്രമേ തങ്ങൾ ഏറ്റെടുക്കാം എന്ന് സമ്മതിക്കാറുള്ളൂ. എന്നാൽ, നിരവധി നിർമാതാക്കളാണ് ഇപ്പോൾ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമ നടന്നു കാണാനുള്ള ആഗ്രഹത്തിൻ്റെ പുറത്താണ് പലരും ഒ ടി ടി എന്നു പറഞ്ഞ് ഇറങ്ങുന്നത്. സത്യത്തിൽ നിങ്ങൾ ബളിപ്പിക്കപ്പെടുകയാണ്. വീണ്ടും കുറെ നിർമാതാക്കൾ കൂടി കുത്തുപാളയെടുക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഒ.ടി.ടി. പ്ലാറ്റ്ഫോം എന്ന് പറഞ്ഞ് സിനിമ പിടിക്കാൻ നിരവധി പേർ ഇറങ്ങിയിട്ടുണ്ട്. കൃത്യമായ ഉറപ്പില്ലാതെ നിർമാതാക്കൾ ചാടിയിറങ്ങരുത്. ഏതു പ്ലാറ്റ്ഫോമിലാണ് സിനിമ റിലീസ് ചെയ്യാൻ പോകുന്നത് എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കിൽ വലിയ നഷ്ടമായിരിക്കും ഉണ്ടാവുക, കരുതിയിരിക്കുക.