k-t-jaleel

തിരുവനന്തപുരം : യു എ ഇയില്‍ നിന്നും നയതന്ത്രചാനലുവഴി കേരളത്തിലെത്തിച്ച ഖുറാന്‍ പായ്ക്കറ്റുകളില്‍ സ്വപ്നയും സംഘവും സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടാവും എന്ന സംശയം ആദ്യമായി ശരിവച്ച് മന്ത്രി കെ ടി ജലീല്‍. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് മന്ത്രി മുന്‍നിലപാടുകള്‍ മാറ്റിവച്ചത്. കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥ സ്വപ്നയും സംഘവും സ്വര്‍ണം കടത്തിയോ എന്ന സംശയം പ്രതിപക്ഷമടക്കം ഉയര്‍ത്തിയിരുന്നു. അന്വേഷണ ഏജന്‍സികളും ഈ വഴിക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെത്തിയ മതഗ്രന്ഥങ്ങളടങ്ങിയ കുറച്ച് പെട്ടികള്‍ മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയ സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ ഏജന്‍സികളടക്കം മന്ത്രിയെ ചോദ്യം ചെയ്‌തെങ്കിലും പൊതു ഇടങ്ങളില്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഗ്രന്ഥം സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ട് പോയതിനെ ന്യായീകരിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. ഇത് കൂടാതെ ഖുറാനെ അവഹേളിക്കുവാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്ന ബദല്‍ ആരോപണവും മന്ത്രിയും സിപിഎമ്മും സ്വീകരിച്ചിരുന്നു.

മുന്‍നിലപാടുകളില്‍ നിന്നുമുള്ള പിന്‍വാങ്ങലാണ് അഭിമുഖത്തില്‍ മന്ത്രി സ്വീകരിച്ചത്. വിശുദ്ധ ഖുറാനെ മറയാക്കി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാകാമെന്നും എന്ത് കൊണ്ട് വിമാനത്താവളത്തില്‍ കസ്റ്റംസ് ഇവ കണ്ടെത്തിയില്ല എന്ന വാദമാണ് ഇപ്പോള്‍ മന്ത്രി ഉയര്‍ത്തുന്നത്. മതഗ്രന്ഥത്തിന്റെ ഇറക്കുമതിയുടെ മറവില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ നടന്നു എന്ന സംശയവും അത്തരത്തില്‍ വളഞ്ഞവഴിയിലൂടെ എത്തിക്കേണ്ടതാണോ ഖുറാനെന്നും പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു. വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും ഇത്തരം ഒരു വികാരം പേറുമ്പോഴാണ് മന്ത്രിയും മുന്‍ നിലപാടുകളില്‍ അയവുവരുത്തുന്നത് എന്നത് ശ്രദ്ധേയമാണ്. വ്യക്തിപരമായി താന്‍ ഖുറാന്‍ സ്വീകരിച്ചിട്ടില്ലെന്നും തനിക്ക് തന്ന പാക്കറ്റുകള്‍ സുരക്ഷിതമാണെന്നും 31 പാക്കറ്റുകള്‍ പൊട്ടിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. യു എ ഇയെപോലുള്ള സുഹൃദ് രാജ്യവുമായുള്ള സാംസ്‌കാരിക ബന്ധം കണക്കിലെടുത്താണ് താന്‍ ഖുറാന്‍ വിതരണത്തിന് സമ്മതിച്ചത്.

സി- ആപ്റ്റിന്റെ വാഹനം ഖുറാന്‍ കൊണ്ടുപോകുവാന്‍ ഉപയോഗിച്ചതിനെയും മന്ത്രി അഭിമുഖത്തില്‍ ന്യായീകരിക്കുന്നുണ്ട്. സര്‍ക്കാരിന് കൂടുതല്‍ ചിലവ് വരാതെ പായ്ക്കറ്റുകള്‍ എത്തിക്കുവാനാണ് ഈ വഴി തേടിയത്. ഇവിടെ ഇതെല്ലാം സാധാരണചെയ്യുന്ന കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.