1 കർഷകൻ എന്നും പരമ്പരാഗത രീതിയിൽതന്നെ കഴിയണമെന്നും ലോകത്തിന്റെ കാർഷിക വ്യാവസായിക മേഖലയിലുള്ള മാറ്റങ്ങളൊന്നും അവനുൾക്കൊണ്ടേതല്ലെന്നുമുള്ള വരേണ്യ ചിന്തയാണ് പുതിയ നിയമത്തെ എതിർക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്. ഇടനിലക്കാർ വഴി നിർണയിക്കപ്പെടുന്ന കമ്പോളമാണ് കാർഷിക മേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധി. കമ്പോളത്തിൽ കൃത്രിമക്ഷാമം സൃഷ്ടിച്ചും വൻതോതിൽ ചരക്കെത്തിച്ചും ഇടനിലക്കാർ വിലനിലവാരത്തെ തങ്ങൾക്കനുകൂലമായി നിയന്ത്രിച്ച് ലാഭം കൊയ്യുമ്പോഴും കർഷകന് അവന്റെ ഉത്പന്നത്തിന് ലഭിക്കുന്നത് തുച്ഛ വരുമാനം. ഈ രീതിക്ക് സമഗ്രമാറ്റമുണ്ടാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.
2 വിളകളുടെ സംഭരണത്തിന് സംവിധാനങ്ങളില്ലാത്തതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. അതുകൊണ്ട് തന്നെ വിളവെടുക്കുന്ന ഉത്പന്നങ്ങളെല്ലാം തന്നെ അപ്പപ്പോൾ വിറ്റഴിക്കേണ്ട ഗതികേടിലാണ് കർഷകർ. വിളകൾ വൻതോതിൽ ലഭ്യമാകുന്ന കാലയളവിൽ ഉത്പന്നത്തിന് വിലകുറയുന്നത് സ്വാഭാവികം. എന്നാൽ ഇവയിൽ ഏറിയ പങ്കും സംഭരിച്ച് സൂക്ഷിക്കാനും വിപണിയുടെ ആവശ്യത്തിനൊത്ത് വില്പന നടത്താനും സാധിക്കുകയാണെങ്കിൽ ഇതിന്റെ പ്രയോജനം പൂർണമായും കർഷകന് ലഭ്യമാകും. കർഷകകൂട്ടായ്മകൾക്ക് തന്നെ കോൾഡ് സ്റ്റോറേജുകൾ ആരംഭിക്കാനും വിളകൾ സൂക്ഷിക്കാനുമുള്ള അവസരം സംജാതമാക്കുകയാണ് പുതിയ നിയമം.
3 കാലത്തിനൊത്തുള്ള മാറ്റമില്ലാത്തത് തന്നെയാണ് കാർഷിക മേഖലയുടെ തളർച്ചയ്ക്കും തകർച്ചയ്ക്കും ഇടയാക്കുന്നത്. ഹൈടെക് അഗ്രികൾച്ചറിന്റെ പരീക്ഷണ നിരീക്ഷണങ്ങളിലേക്ക് അറബ് രാജ്യങ്ങൾ പോലും മാറിയെന്നത് കൊവിഡാന്തര സാമ്പത്തിക മേഖലയുടെ പ്രതിഫലനമാണ്. തീർത്തും കാർഷിക മേഖലയിൽനിന്നുള്ള വരുമാനത്താൽ ജി.ഡി.പി നിയന്ത്രിക്കപ്പെടുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ ഇനിയും ഹൈടെക് കൃഷിരീതി നടപ്പാക്കുന്നതിൽനിന്ന് മാറിനിന്നാൽ സാമ്പത്തിക രംഗത്തിന്റെ തകർച്ചയ്ക്കും കർഷകന്റെ ജീവിതനിലവാരം താഴുന്നതിനും ഇടയാക്കും. ഹൈടെക് അഗ്രികൾച്ചർ മേഖലയിൽ പ്രോസസിംഗ് കമ്പനികൾക്കും സ്റ്റാർട്ടപ്പ് സംരംഭകർക്കും ഇടപെടാനും ഇതുവഴി ഒരേസമയം കർഷകർക്ക് മെച്ചപ്പെട്ട സാഹചര്യം ഉറപ്പുവരുത്താനും തൊഴിലവസരം വർദ്ധിപ്പിക്കാനും കഴിയും.
4.കർഷകന്റെ വിളകൾ മെച്ചപ്പെട്ട വില ആദ്യമേ പറഞ്ഞുറപ്പിച്ച് പ്രോസസിംഗ് കമ്പനികൾ കരാറിലെത്തുന്ന സാഹചര്യമുണ്ടാകുന്നതോടെ വിളകൾ വിറ്റഴിക്കാൻ മാർഗമില്ലാതെ നശിക്കുന്ന സമകാലിക സാഹചര്യത്തിന് മാറ്റമുണ്ടാക്കാൻ സാധിക്കും. മെച്ചപ്പെട്ട വിലയ്ക്കൊപ്പം അഷ്വേഡ് പ്രൈസും ഉറപ്പാക്കാൻ ഇതുവഴി കർഷകന് കഴിയും.ക്ഷാമകാലത്ത് ഇന്ത്യയിൽ രൂപപ്പെട്ട സംഭരണ വിരുദ്ധ നിയമത്തിന് മാറ്റംവരുത്തിതോടെ ഏത് കാർഷികോത്പ്പന്നങ്ങളും സംഭരിക്കാനുള്ള സാധ്യത പ്രോസസിംഗ് കമ്പനികൾക്കും കർഷകനും തുറന്ന്കിട്ടി.
5. നേരത്തെ അനുവദിക്കപ്പെട്ട മണ്ഡികളിൽ മാത്രമായി കർഷകന് വിപണന സാധ്യത പരിമിതപ്പെടുത്തിയിരുന്നെങ്കിൽ പുതിയ നിയമത്തോടെ തുറന്ന വിപണിയിൽ ഇടപെടാനുള്ള അവസരം കൈവന്നു. ഇത് കർഷകന് മുന്നിലെ സാധ്യതയാണ്. ഒറ്റ രാജ്യം ഒറ്റ നികുതി എന്ന ജി.എസ്.ടി വ്യവസ്ഥയ്ക്ക് പിന്നാലെ 'ഒറ്റ രാജ്യം ഒറ്റ വിപണി" എന്ന നിലയിലേക്കുള്ള ക്രമീകരണമായും കാർഷിക നിയമത്തെ കണക്കാക്കാം.
6. ആത്മനിർഭർഭാരതിന്റെ വ്യവസ്ഥകളിലൂന്നിയാണ് നിയമനിർമാണം. കാർഷിക ലോണുകൾ ഗോൾഡ് ലോണുകളാക്കി മാറ്റി കുറഞ്ഞ പലിശ നിരക്കിൽ സ്വന്തമാക്കി അതേ ബാങ്കിൽ ഇരട്ടി പലിശയ്ക്ക് നിക്ഷേപമാക്കി സമ്പാദിച്ചുകൂട്ടിയ കുത്തകകളെ പാഠം പഠിപ്പിച്ചതും മോദി സർക്കാറാണ്. കർഷക വായ്പയ്ക്ക് കിസാൻ കാർഡ് നിർബന്ധമാക്കി വായ്പ ലഭ്യമാകുന്നത് യഥാർത്ഥ കർഷകന് തന്നെയെന്ന് ഉറപ്പുവരുത്തി നിയമഭേദഗതിയ്ക്ക് മോദി സർക്കാർ തയ്യാറായപ്പോൾതന്നെ കുത്തകകളും പ്രതിപക്ഷ രാഷ്ട്രീയക്കാരും ഓങ്ങിവച്ച വടിയാണ് ഇപ്പോൾ എടുത്തു പ്രയോഗിക്കുന്നത്.
7. പ്രതിപക്ഷത്തിന്റെ ആക്രമാസക്ത സമരവും സഭാ മര്യാദകൾ കാറ്റിൽ പറത്തിയുള്ള പാർലമെന്റിലെ ഇടപെടലും ജനത തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് കൃഷിയിടത്തിലും വിപണിയിലും കാതലായ മാറ്റത്തിന് ആഗ്രഹിക്കുന്ന രാജ്യത്തെ ബഹുഭുരിപക്ഷം കർഷകരുടേയും പിന്തുണ മോദി സർക്കാരിനും പുതിയ നിയമത്തിനും ലഭിക്കുന്നത്.
8. ഇടതുപക്ഷം കർഷകന് അനുകൂലമായ പുതിയ നിയമനിർമ്മാണത്തെയും എതിർക്കുന്നതിൽ അതിശയിക്കാനില്ല. ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും എതിർത്ത് സമരംനടത്തി തൊഴിലവസരങ്ങൾക്കും കൃഷിയിടത്തിലെ നൂതനമാറ്റങ്ങൾക്കും തുരങ്കം വച്ചവർ പുതിയ കാർഷിക നിയമത്തിനെതിരെയും രംഗത്തുണ്ട്. താങ്ങുവിലയെന്ന കർഷകന്റെ അവകാശം എടുത്തുമാറ്റില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിലും പുറത്തും ദൃഢനിശ്ചയത്തോടെ ഉറപ്പ് നൽകിയിട്ടും പ്രതിപക്ഷം ഇക്കാര്യത്തിലും തെറ്റായ പ്രചാരണം നടത്തുന്നതിന് പിന്നിൽ കാർഷിക മേഖലയിലെ പുരോഗതി തടസപ്പെടുത്തി ഇന്ത്യയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നത് തടയുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളൂ.
(ലേഖകൻ ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷനാണ് )