വാഷിംഗ്‌ടൺ: 2024ൽ ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്ക് അയക്കാൻ പദ്ധതിയിടുന്നതായി വെളിപ്പെടുത്തി നാസ. ഇതിന്റെ ഭാഗമായി ആദ്യ വനിതയും ചന്ദ്രനിലിറങ്ങും. 28 ബില്യൺ ഡോളറാണ് ചന്ദ്രനിലേക്കുളള യാത്രയ്‌ക്ക് നാസ കണക്കാക്കുന്നത്. ഇതിൽ 16 ബില്യൺ ഡോളർ ലൂണാർ ലാൻഡിംഗ് മൊഡ്യൂളിന് വേണ്ടിയാകും ചെലവാക്കുക. തിരഞ്ഞെടുപ്പ് വർഷമായതിനാൽ തന്നെ ഡൊണാൾഡ് ട്രംപ് മുൻഗണന നൽകി നിശ്ചയിച്ച പദ്ധതിക്ക് അമേരിക്കൻ ഭരണകൂടം ധനസഹായം നൽകേണ്ടി വരും. 2021-25 ബജറ്റ് വർഷങ്ങളിൽ ഇതിനായുളള പണം ഉൾപ്പെടുത്തുമെന്നാണ് വിവരം.
മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുളള ആർട്ടിമിസ് ദൗത്യത്തെക്കുറിച്ച് തിങ്കളാഴ്ച മാദ്ധ്യമപ്രവർത്തകരുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് നാസയുടെ രക്ഷാധികാരി ജിം ബ്രിഡെൻസ്റ്റൈൻ വെളിപ്പെടുത്തിയത്. രാഷ്ട്രീയ അപകടസാദ്ധ്യതകൾ പലപ്പോഴും നാസയുടെ പ്രവർത്തനങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയാണ്. പ്രത്യേകിച്ചും നിർണായക തിരഞ്ഞെടുപ്പിന് മുമ്പ് വലിയ പ്രശ്‌നങ്ങളുണ്ട്. തന്റെ മുൻഗാമി കോടിക്കണക്കിന് ഡോളർ പദ്ധതിക്കായി ചെലവഴിച്ചതിന് ശേഷം ബരാക് ഒബാമ ഒരു മനുഷ്യസഹായ ചൊവ്വ ദൗത്യത്തിനുള്ള പദ്ധതി റദ്ദാക്കിയ അനുഭവമുണ്ട്. ക്രിസ്‌മസിന് ആദ്യത്തെ 3.2 ബില്യൺ ഡോളർ കോൺഗ്രസ് അംഗീകരിച്ചാൽ, 2024ൽ ചന്ദ്രനിലിറങ്ങാൻ സജ്ജരാണെന്ന് ബ്രിഡെൻസ്റ്റൈൻ പറഞ്ഞു.
ആർട്ടിമിസ് ദൗത്യത്തിന് മുന്നോടിയായുള്ള യാത്രകൾ 2021ൽ തന്നെ നാസ ആരംഭിക്കും. ചന്ദ്രനിൽ ഇറങ്ങുന്നതിന് മുമ്പ് ചന്ദ്രനെ ചുറ്റുന്ന രണ്ട് ബഹിരാകാശ ദൗത്യങ്ങളും നടക്കും. ആർട്ടിമിസ് ഒന്ന് ദൗത്യത്തിൽ എസ്.എൽ.എസും ഓറിയോൺ ബഹിരാകാശ വാഹനവുമായിരിക്കും പരീക്ഷിക്കുക. രണ്ടാം ആർട്ടിമിസ് ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികളും കൂട്ടത്തിലുണ്ടാകും. ഇതിന് തൊട്ടടുത്ത വർഷം 2024ൽ ആർട്ടിമിസിന്റെ മൂന്നാം ദൗത്യത്തിന്റെ ഭാഗമായിട്ടാകും ആദ്യ സ്‌ത്രീയും ഒരു പുരുഷനും ചന്ദ്രനിലിറങ്ങുക.
ചൊവ്വയിലേക്കുള്ള ഭാവി യാത്രകൾക്കുളള അടിത്തറയായാണ് ഈ ചാന്ദ്ര ദൗത്യത്തെ നാസ കാണുന്നത്. ഭൂമിക്ക് ഏറ്റവും അടുത്തുള്ള ആകാശഗോളത്തിൽ മനുഷ്യൻ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയുകയും അനുഭവങ്ങൾ ഊർജ്ജമാക്കുകയുമാണ് ആർട്ടിമിസ് ദൗത്യത്തിന്റെ ലക്ഷ്യം. നാസ നിർമ്മിച്ചിട്ടുളളതിൽ ഏറ്റവും കരുത്തുള്ള റോക്കറ്റാണ് ആർട്ടിമിസ് ദൗത്യത്തിനായി ഒരുക്കുന്നത്. ഒമ്പത് ആർട്ടിമിസ് ദൗത്യങ്ങൾക്കുവരെ സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്.എൽ.എസ്) ഉപയോഗിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.