ലോക്ക്ഡൗൺ കാലം തന്റെ കൃഷിയോടുള്ള സ്നേഹം പ്രകടിപ്പിക്കാനായി മാറ്റിവച്ച യുവഡോക്ടർ അഭിജിത്ത് കൊയ്തെടുത്തത് വിജയത്തിന്റെ നൂറുമേനിയാണ്...
മണ്ണിനോടുള്ള പ്രണയം കൊണ്ട് ലോക്ക് ഡൗൺ അവധിക്കാലത്ത് ഡോ. എ. അഭിജിത്ത് പാടത്തും പറമ്പിലുമായിരുന്നു. തന്റെ എക്കാലത്തേയും സ്വപ്നമായ കൃഷിയിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ആ സമയം പൂർണമായും വഴി തിരിച്ചുവിട്ടപ്പോൾ അഭിജിത്തിനും അനുഭവിക്കാൻ കഴിഞ്ഞത് സന്തോഷം തന്നെ. പെട്ടെന്ന് ഒരുനാൾ മണ്ണിലേക്ക് തൂമ്പയുമായി ഇറങ്ങിയപ്പോൾ അതിന് ഇത്ര വേഗത്തിൽ ഫലപ്രാപ്തിയുണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഏനാത്ത് മുകളു വിള വടക്കതിൽ അഭിജിത്ത് എന്ന യുവഡോക്ടർക്കിത് അഭിമാന നിമിഷമാണ്.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ സിദ്ധഡോക്ടറാണ് അഭിജിത്ത്. വീട്ടിലും അത്യാവശ്യം ചികിത്സ നടത്തുന്ന അഭിജിത്ത് ഒരു ദിവസം പതിവ് പോലെ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് വന്നു കയറിയപ്പോഴാണ് രാജ്യം അപ്രതീക്ഷിതമായി ലോക്ക് ഡൗണിലേക്ക് നീങ്ങുന്ന വാർത്ത കണ്ടത്. പതിവ് തിരക്കുകളില്ലാതെ, ആരെയും കാണാതെ വീട്ടിൽ തന്നെ ഇരിക്കേണ്ടിവന്ന അവസ്ഥ അഭിജിത്തിനും പ്രയാസം തന്നെയായിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലോക്ക് ഡൗൺ കാലം കൃഷിക്കായി പ്രയോജനപ്പെടുത്തുന്ന പലരുടെയും വാർത്തകൾ കണ്ടു. എങ്കിൽ പിന്നെ ഇത് തന്നെ ശരിയായ സമയമെന്ന് അഭിജിത്തും ഉറപ്പിച്ചു. ഇത്രയും കാലം സമയമില്ലാത്തതിന്റെ പേരിൽ മാറ്റി വച്ചിരുന്ന ആ മോഹം നടപ്പാക്കാൻ തന്നെ തീരുമാനിച്ചു.
സ്റ്റെതസ് കോപ്പ് പിടിച്ച കൈകൾ തൂമ്പയും കൂന്താലിയുമെടുത്ത് ഇറങ്ങി. സഹായത്തിന് അച്ഛനെയും കൂടെ കൂട്ടി. ആദ്യം ചെയ്തത് കാട് പിടിച്ചു കിടന്ന സ്വന്തം പറമ്പിനെ കിളച്ചു വൃത്തിയാക്കിയെടുക്കുകയായിരുന്നു. അസിസ്റ്റന്റ് കൃഷി ഓഫീസറായ ബിജു സോമന്റെ നിർദേശപ്രകാരമായിരുന്നു കൃഷി തുടങ്ങിയത്. വിവിധ ഇനം വാഴകൾ, പച്ചക്കറികൾ, ചേമ്പ്, ചേന, കപ്പ, നെല്ല് എന്നിവയെല്ലാം പറമ്പിലും പാടത്തുമായി ഇടം പിടിച്ചു. ചികിത്സയ്ക്ക് പലപ്പോഴും ഔഷധ സസ്യങ്ങൾ കിട്ടാതെ ബുദ്ധിമുട്ട് നേരിടുന്നതുകൊണ്ട് ആടലോടകം, ചങ്ങലം പരണ്ട, എരിക്ക്, കരിനൊച്ചി, മഞ്ഞൾ, മുള്ളാത്ത, വെറ്റില തുടങ്ങിയവയും നട്ടുപിടിപ്പിച്ചു. ആറു മാസത്തിനിപ്പുറം നെല്ല് കൊയ്തെടുക്കാൻ പാകമായിരിക്കുന്നു. ഇത്തവണ പുറത്തു നിന്ന് അരി വാങ്ങാതെ ഊണ് കഴിക്കാമെന്നതാണ് അഭിജിത്തിന്റെ സന്തോഷം. ഇടവിള കൃഷികളിൽ നിന്ന് പല തവണയായി വിളവെടുപ്പ് നടത്തിക്കഴിഞ്ഞു. ഇന്ന് കൃഷിയിടത്തിലേക്ക് ചെല്ലുമ്പോൾ തികഞ്ഞ ആത്മ സംതൃപ്തിയാണെന്നും കർഷകരോട് ബഹുമാനം കൂടിയെന്നും ഡോക്ടർ പറയുന്നു. പഠനത്തിൽ ബഹുസമർത്ഥനായിരുന്ന അഭിജിത്ത് ജീവിതവഴിയിൽ തിരഞ്ഞെടുത്തതും വ്യത്യസ്തമായ വഴിയാണ്. എന്താണ് കാരണമെന്നു ചോദിച്ചാൽ ഭാരതീയ ചികിത്സാപാരമ്പര്യമുളള ചികിത്സാ രീതിയല്ലേ എന്നാണ് മറുപടി. അപ്പോൾ ആയുർവേദമോ എന്ന് ചോദിച്ചാൽ ആയുർവേദത്തിന് കൂടുതൽ ആളുകൾ ചേരുന്നുണ്ട് അത്രകണ്ട് സിദ്ധയ്ക്ക് എന്നാണ് അഭിജിത്തിന്റെ മറുപടി. ചികിത്സ പണമുണ്ടാക്കാനുള്ള ഉപാധിയായി അഭിജിത്ത് കാണുന്നില്ല. വീട്ടിൽ തന്നെ കാണാനെത്തുന്ന ഒരാളോടും കണക്ക് പറഞ്ഞ് പ്രതിഫലം വരാറില്ല. രോഗി നൽകുന്നതെന്തോ അതു വാങ്ങും. രോഗം ഭേദമാകുന്നതിലാണ് ഈ ഡോക്ടറുടെ സംതൃപ്തി.
ജോലിയില്ലാതെ അലയുന്ന യുവാക്കൾക്കും തൊഴിലിനിടയിലും കൃഷിയിലേക്ക് തിരിയാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയ്ക്കും ഒരുപോലെ പ്രചോദനമാണ് ഇരുപത്തിയാറുകാരനായ ഈ യുവഡോക്ടർ. ഏനാത്ത് എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറി അജികുമാറിന്റെയും അജിതകുമാരിയുടെയും മകനാണ് അഭിജിത്ത്. സ്വന്തമായി തന്നെ കൊയ്ത്തു നടത്താനും തുടർന്നും കൃഷി മുന്നോട്ട് കൊണ്ടുപോകാനുമാണ് ഈ യുവഡോക്ടറുടെ തീരുമാനം.